മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണം; ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായി കോണ്‍ഗ്രസ്, എന്‍ സി പി നേതൃത്വം

Posted on: November 20, 2019 10:53 pm | Last updated: November 21, 2019 at 10:38 am

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ തുടരുമെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്, എന്‍ സി പി നേതൃത്വം. എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറിന്റെ ഡല്‍ഹിയിലെ വസതിയില്‍ നടത്തിയ ചര്‍ച്ചക്കു ശേഷം വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യമറിയിച്ചത്. ചര്‍ച്ച ഫലപ്രദമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പൃഥ്വിരാജ് ചൗഹാന്‍ പറഞ്ഞു.

ബദല്‍ സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള തീരുമാനം യോഗത്തില്‍ കൈക്കൊണ്ടതായി എന്‍ സി പി നേതാവ് നവാബ് മാലിക്ക് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എന്‍ സി പിയും കോണ്‍ഗ്രസും ശിവസേനയും ചേര്‍ന്ന് സര്‍ക്കാര്‍ ഉണ്ടാക്കാനാണ് ആലോചിക്കുന്നത്. അഭിപ്രായ ഭിന്നത പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും നവാബ് മാലിക്ക് പറഞ്ഞു.

ശരത് പവാര്‍, സുപ്രിയ സുലെ, അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഛഗന്‍ ഭുജ്ബല്‍, നവാബ് മാലിക്ക് എന്നിവര്‍ എന്‍ സി പിയെയും അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പൃഥ്വിരാജ് ചൗഹാന്‍ എന്നിവര്‍ കോണ്‍ഗ്രസിനെയും പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുത്തു.