Connect with us

National

മഹാരാഷ്ട്ര: അഴിക്കുന്തോറും കുരുക്ക് മുറുകുന്നു, ശിവസേനയിലും കോണ്‍ഗ്രസിലും അഭിപ്രായ ഭിന്നത

Published

|

Last Updated

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട കുരുക്ക് അഴിക്കുന്തോറും മുറുകുന്നു. ഒരുവശത്ത് എന്‍ സി പിയും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാറുണ്ടാക്കാന്‍ കരുക്കള്‍ നീക്കുന്നതില്‍ ശിവസേനക്കുള്ളില്‍ അതൃപ്തി പുകയുമ്പോള്‍ മറുവശത്ത് എന്‍ സി പി അധ്യക്ഷന്‍ ശരത് പവാര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തിയതില്‍ കോണ്‍ഗ്രസ് നേതൃത്വം അമര്‍ഷത്തിലാണ്.

ഇതിനിടെ, ബി ജെ പിയുമായുള്ള ബന്ധം പൂര്‍ണമായി വിച്ഛേദിച്ച് കോണ്‍ഗ്രസുമായും എന്‍ സി പിയുമായും കൂട്ടുകൂടുന്നതില്‍ ശിവസേനയിലെ 17 എം എല്‍ എമാര്‍ക്ക് ഇഷ്ടക്കേടുണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. ഇവര്‍ പാര്‍ട്ടി അധ്യക്ഷന്‍ ഉദ്ദവ് താക്കറെയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിനെ കാണുന്നതിന് അനുമതി ലഭിച്ചിട്ടില്ല. ശിവസേന തങ്ങളുടെ എം എല്‍ എമാരെ ഉടന്‍ തന്നെ റിസോര്‍ട്ടിലേക്കു മാറ്റുമെന്നും സൂചനയുണ്ട്. നവംബര്‍ 22ന് പാര്‍ട്ടിയുടെ മുഴുവന്‍ എം എല്‍ എമാരുടെയും യോഗം വിളിച്ചിട്ടുണ്ടെന്ന് ശിവസേനാ നേതാവ് അബ്ദുല്‍ സത്താര്‍ പറഞ്ഞു.

സംസ്ഥാനത്ത് പ്രതിസന്ധി നില്‍നില്‍ക്കുന്നതിനിടെ പവാര്‍ ഡല്‍ഹിയിലെത്തി മോദിയെ കണ്ടതില്‍ കോണ്‍ഗ്രസിന് കടുത്ത അതൃപ്തിയുണ്ട്. പവാറിന്റെ നടപടി സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട സഖ്യ നീക്കങ്ങളില്‍ സംശയമുണ്ടാക്കുന്നതായാണ് കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍, മഹാരാഷ്ട്രയിലെ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനാണ് പവാര്‍ പ്രധാന മന്ത്രിയെ കണ്ടതെന്നാണ് എന്‍ സി പിയുടെ വിശദീകരണം.

Latest