കെ എസ് യു മാര്‍ച്ചിനു നേരെ പോലീസ് ലാത്തിച്ചാര്‍ജ്: നിയമസഭയില്‍ പ്രതിപക്ഷ ബഹളം

Posted on: November 20, 2019 9:42 am | Last updated: November 20, 2019 at 12:17 pm

തിരുവനന്തപുരം | കേരള സര്‍വകലാശാല മാര്‍ക്ക് ദാനത്തിനെതിരെ കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ ഷാഫി പറമ്പില്‍ എംഎല്‍എ അടക്കമുളളവര്‍ക്ക് പോലീസ് മര്‍ദനമേറ്റ സംഭവത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ ബഹളം. ബാനറുകളും പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിപക്ഷം പ്രതിഷേധം. കെഎം അഭിജിത്തിന്റെ ചോരപുരണ്ട വസ്ത്രവും ഷാഫി പറമ്പിലിന് മര്‍ദനമേറ്റ ചിത്രങ്ങളും പ്രതിപക്ഷം നിയമസഭയില്‍ ഉയര്‍ത്തിക്കാട്ടി.  ചോദ്യോത്തരവേള നിര്‍ത്തിവെച്ച് ഈ വിഷയത്തില്‍ നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ചോദ്യങ്ങള്‍ ചോദിക്കാനില്ലെന്നാണ് പ്രതിപക്ഷ നിലപാട്.

പോലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്നും മുഖ്യമന്ത്രി സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പോലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നലെ നടന്ന നിയമസഭാ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തിലാണ് ഷാഫി പറമ്പില്‍ എംഎല്‍എയ്ക്ക് പരുക്കേറ്റത്.