Connect with us

National

ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളത് പത്ത് ഏജന്‍സികള്‍ക്ക് മാത്രമെന്ന് കേന്ദ്ര സര്‍ക്കാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഫോണ്‍ ചോര്‍ത്താന്‍ സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, ഐ ബി എന്നിവയടക്കം പത്ത് പത്ത് ഏജന്‍സികള്‍ക്കെ അധികാരമുള്ളവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഒരു വ്യക്തിയുടെ ഫോണ്‍ നിരീക്ഷണ വിധേയമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെ മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണമെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി ലോക്‌സഭയെ അറിയിച്ചു.

2000 ലെ ഐ ടി ആക്ടിന്റെ 69ാം വകുപ്പ് പ്രകാരം ഇന്റര്‍നെറ്റിലൂടെ കൈമാറുന്നതോ കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ളതോ ആയ ഏതുവിവരവും രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കുന്നതിനുവേണ്ടി നിരീക്ഷണ വിധേയമാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് അധികാരമുണ്ടെന്നും മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ട് മാത്രമെ ഈ അധികാരം സര്‍ക്കാര്‍ പ്രയോഗിക്കൂ. കേന്ദ്ര സര്‍ക്കാറിന് ഫോണുകള്‍ നിരീക്ഷിക്കണമെങ്കില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറിയുടേയോ സംസ്ഥാനത്തിന് വിവരങ്ങള്‍ ലഭിക്കാന്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയോ മുന്‍കൂര്‍ അനുമതി ആവശ്യമാണെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ഇന്റലിജന്‍സ് ബ്യൂറോ, സിബിഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ്, എന്‍ഐഎ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്‌നല്‍ ഇന്റലിജന്‍സ്, ഡല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവര്‍ക്ക് മാത്രമാണ് ഫോണ്‍ ചോര്‍ത്താന്‍ അധികാരമുള്ളതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. വാട്‌സാപ്പ് വിവര ചോര്‍ച്ച സംബന്ധിച്ച ചോദ്യത്തിന് മറുപടിയായാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ ലോക്‌സഭയെ അറിയിച്ചത്.