അപകടം ഈ മൊബൈൽ ആപ്പുകൾ

Posted on: November 19, 2019 3:58 pm | Last updated: November 19, 2019 at 4:41 pm

സുരക്ഷാ വീഴ്ച കണ്ടെത്തിയ 29 ആപ്ലിക്കേഷനുകൾ പ്ലേ സ്റ്റോറിൽ നിന്നും ഗൂഗിൾ നീക്കം ചെയ്തു. ക്വിക്ക് ഹീൽ എന്ന സൈബർ സുരക്ഷാ സ്ഥാപനത്തിന്റെ കണ്ടെത്തലിനെ തുടർന്നാണ് നടപടി. ഒരു കോടിയിലധികം ആളുകൾ ഡൗൺലോഡ് ചെയ്ത ആപ്പുകളാണ് ഗൂഗിൾ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത്. ഹിഡ്ഡ് ആഡ് വിഭാഗത്തിൽപെട്ടവയാണ് 24 ആപ്ലിക്കേഷനുകൾ. മറ്റുള്ള അഞ്ച് ആപ്ലിക്കേഷനുകൾ ആഡ് വെയർ വിഭാഗത്തിലും പെടുന്നു. ഇതിൽ മൾട്ടി ആപ്പ് മൾട്ടിപ്പിൾ അക്കൗണ്ട് സൈമൾട്ടേനിയസ് ലി എന്ന ആപ്ലിക്കേഷൻ മാത്രം 50 ലക്ഷം പേർ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ഉപകരണങ്ങളിൽ ഫുൾ സ്‌ക്രീൻ പരസ്യങ്ങൾ കാണിക്കുന്ന ആപ്ലിക്കേഷനുകളാണ് ഹിഡ്ഡ് ആഡ് വിഭാഗത്തിലുള്ളത്. ഈ വിഭാഗത്തിൽപെടുന്ന ചില ആപ്ലിക്കേഷനുകൾ ഇപ്പോൾ ഉപയോഗത്തിലില്ലാത്ത പരസ്യങ്ങൾ പ്രദർശിപ്പിക്കുന്നവയാണ്. ഫോട്ടോഗ്രാഫി ആപ്പുകളാണ് കൂടുതൽ ഹിഡ്ഡ് ആഡ് വിഭാഗത്തിലുള്ളത്. അൺ ഇൻസ്റ്റാൾ ചെയ്യപ്പെടാതിരിക്കാൻ ഇവയുടെ ഐക്കൺ ആദ്യ ഉപയോഗത്തിന് ശേഷം ഹോം പേജിൽ നിന്നും കാണാതാകാറുണ്ട്. ഷോട്ട് കട്ട് മുഖേന ആപ്പുകൾ തുറന്നാൽ നേരെ ഫുൾ സ്‌ക്രീൻ പരസ്യങ്ങളായിരിക്കും തുറന്നുവരിക. സോഷ്യൽ മീഡിയാ സൈറ്റുകളിൽ മറ്റ് ആപ്ലിക്കേഷനുകളുടെ പരസ്യങ്ങൾ കാണിക്കുന്നവയാണ് ആഡ് വെയർ വിഭാഗത്തിൽപ്പെടുന്നവ. ഇവ ഇന്റർനെറ്റ് ഡാറ്റ വൻതോതിൽ ഉപയോഗിക്കുന്നവയാണ്.

വാട്‌സ്ആപ്പിലെ
പുതിയ ഫീച്ചറുകൾ

ഐഫോൺ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറുകളൊരുക്കി വാട്സ്ആപ്. ഇൻസ്റ്റഗ്രാമിന്റെ പ്രത്യേകതയായ ബൂമറാൻഗ് സൗകര്യമാണ് വാട്‌സ്ആപ്പ് ഉൾപ്പെടുത്തുന്നത്. ഒപ്പം ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സൗകര്യം, വാട്‌സ്ആപിൽ കയറാതെ തന്നെ വോയ്സ് മെസേജുകൾ കേൾക്കാനുമുള്ള സൗകര്യം തുടങ്ങിയവയാണ് വാട്‌സ്ആപ്പിന്റെ പുതിയ വെർഷനിൽ ലഭിക്കുന്നത്. എന്നാൽ, ഐ ഫോൺ ഉപയോക്താക്കൾക്ക് മാത്രമേ പുതിയ അപ്ഡേഷൻ ലഭ്യമാകുകയുള്ളു. ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള സൗകര്യം വാട്സ്ആപ്പിൽ മുമ്പേ ഉണ്ടായിരുന്നെങ്കിലും ഫോട്ടോ ഷെയർ ചെയ്യുന്നതിന് മുമ്പ് മാത്രമേ എഡിറ്റിംഗ് സാധ്യമാകുമായിരുന്നുള്ളൂ. എന്നാൽ, പുതിയ അപ്ഡേഷനിൽ വാട്‌സ്ആപ്പ് ഫോട്ടോകളുടെ താഴെ എഡിറ്റ് ചെയ്യാനുള്ള ഒരു ഓപ്ഷൻ ലഭ്യമാകും. ഒപ്പം ആപ്പിന്റെ ഫോണ്ട് സ്റ്റൈൽ മാറ്റാനുള്ള സൗകര്യവും ലഭ്യമാണ്.

വോയ്സ് മെസേജുകൾ വാട്സ്ആപ്പ് തുറക്കാതെ തന്നെ കേൾക്കുകയും തിരിച്ച് മറുപടി കൊടുക്കുകയും ചെയ്യാം എന്നതാണ് മറ്റൊരു പ്രത്യേകത.

യാസർ അറഫാത്ത് നൂറാനി
[email protected]