Connect with us

Kerala

കെ എസ് യു നിയമസഭാ മാര്‍ച്ചിനിടെ സംഘര്‍ഷം; പോലീസ് ലാത്തിവീശി

Published

|

Last Updated

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മോഡറേഷന്‍ മാര്‍ക്ക് തട്ടിപ്പുമായി ബന്ധപ്പെട്ട വിഷയം ചൂണ്ടിക്കാട്ടി കെ എസ് യു നടത്തിയ നിയമലഭാ മാര്‍ച്ചില്‍ സംഘര്‍ഷ. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരുക്ക്. നിയമസഭയില്‍ നിന്ന് സംഘര്‍ഷ വിവരം അറിഞ്ഞ് പുറത്തെത്തിയ ഷാഫി പറമ്പില്‍ എം എല്‍ എക്കും പരുക്കേറ്റു. റോഡ് ഉപരോധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
കെ എസ് യു സംസ്ഥാന നേതാക്കളുടെ നേതൃത്വത്തില്‍ ഉച്ചയോടെയാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടന്നത്. നിയമസഭക്ക് മുമ്പിലെത്തുന്നതിന് മുമ്പ് മാര്‍ച്ച് പോലീസ് തടഞ്ഞു. പോലീസിനും സര്‍ക്കാറിനുമെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ ആദ്യം ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചെങ്കിലും പ്രതിരോധം തുടര്‍ന്നു. പിന്നീട് ലാത്തിച്ചാര്‍ജ് നടത്തി പ്രവര്‍ത്തകരെ ഓടിക്കുകയായിരുന്നു.

ഇതിനിടെ സംഘര്‍ഷം അറിഞ്ഞ് നിയമസഭയില്‍ നിന്ന് പുറത്തെത്തിയ ഷാഫി പറമ്പിലിനും മര്‍ദനമേറ്റു. ഷാഫിക്ക് തലക്ക് അടിയേറ്റതായി കെ എസ് യുക്കാര്‍ പറഞ്ഞു. അദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതിനിടെ കേരള സര്‍വകലാശാല മോഡറേഷന്‍ തട്ടിപ്പ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കാന്‍ തീരുമാനമായി. സൈബര്‍ സെല്ലിന്റെ സഹകരണത്തോടെയാകും അന്വേഷണം. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് ഡി ജി പി ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.