Connect with us

Kerala

ഇസ്ലാമിക തീവ്രവാദികളും മാവോയിസ്റ്റും തമ്മിലുള്ള ബന്ധം സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ചെന്നിത്തല; പി മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബി ജെ പി

Published

|

Last Updated

കോഴിക്കോട് | മാവോയിസ്റ്റുകളെ സഹായിക്കുന്നത് കോഴിക്കോട് കേന്ദ്രീകരിച്ചള്ള ചില ഇസ്ലാമിക തീവ്രവാദ സംഘടനകളാണെന്ന സി പി എം ജില്ലാ സെക്രട്ടറി പി മോഹനന്റെ പ്രസ്താവനക്കെതിരെ പ്രതികരിച്ച് വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍. സംസ്ഥാനത്ത് ഇസ്ലാമിക തീവ്രവാദ സംഘടനകളുണ്ടോയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വളരെ ഗൗരവമായ ആരോപണമാണ് സി പി എം നേതാവ് ചൂണ്ടിക്കാട്ടിയതെന്നും ചെന്നിത്തല പറഞ്ഞു. എന്നാല്‍ സഭക്ക് പുറത്തുള്ള നേതാക്കള്‍ നടത്തുന്ന പ്രസ്താവന ഗൗരവമായി കാണേണ്ടതില്ലെന്ന് ഇ പി ജയരാജന്‍ മറുപടി നല്‍കി.

മാവോയിസ്റ്റുകളെ സഹായിക്കുന്ന മുസ്ലിം തീവ്രവാദ ഗ്രൂപ്പ് ഏതെന്ന് വ്യക്തമാക്കണമെന്ന് മുസ്ലിംലീഗ് ആവശ്യപ്പെട്ടു. സി പി എം മാവോയിസ്റ്റുകളുടെ അഭയ കേന്ദ്രമായി മാറി. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ എന്ന പ്രയോഗം തന്നെ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

ബി ജെ പിയുടെ ബി ടീമായി സി പി എം മാറിയെന്നായിരുന്നു പോപ്പുലര്‍ഫ്രണ്ടിന്റെ പ്രതികരണം. സ്വന്തം പ്രവര്‍ത്തകര്‍ മാവോയിസ്റ്റുകളായതിന് ഇസ്ലാമിക രാഷ്ട്രീയത്തെ പഴിക്കേണ്ടതില്ലെന്ന് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം റൗഫ് പറഞ്ഞു. സി പി എമ്മിന്റെ പാര്‍ട്ടി കുടുംബത്തിലുള്ളവര്‍ മാവോവാദികളായി മാറിയിട്ടുണ്ടെങ്കില്‍ അതിന് സമാധാനം പറയാനുള്ള ഉത്തരവാദിത്തം സി പി എ്മ്മിനുണ്ട്. കേരളത്തിലെ മുസ്ലീം രാഷ്ട്രീയത്തോടും ന്യൂനപക്ഷ രാഷ്ട്രീയത്തോടും സി പി എം നാളിതുവരെ പുലര്‍ത്തിപ്പോന്നിരുന്ന സമീപനം കണ്ടാല്‍ അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പി മോഹനന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് ബി ജെ പി രംഗത്തെത്തി. മുസ്ലിം- മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് തീവ്രവാദം പരസ്പരം ബന്ധപ്പെട്ടതാണെന്ന് ബി ജെ പി നേതാവ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. പല തീവ്രവാദ കേസുകളിലും പ്രതികളെ ഇപ്പോഴും പിടികിട്ടിയിട്ടില്ല. സംസ്ഥാന സര്‍ക്കാറാണ് ഇതിന് ഉത്തരവാദിയെന്നും കുമ്മനം പറഞ്ഞു.

Latest