Connect with us

Editorial

ഫാത്വിമയുടെ മരണം: സമഗ്രാന്വേഷണം വേണം

Published

|

Last Updated

മദ്രാസ് ഐ ഐ ടി വിദ്യാര്‍ഥിനിയും കൊല്ലം സ്വദേശിനിയുമായ ഫാത്വിമ ലത്വീഫിന്റെ മരണം വിവാദമായിരിക്കുകയാണ്. ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സസ് ഡിപ്പാര്‍ട്ട്‌മെന്റിലെ ഒന്നാം വര്‍ഷ എം എ വിദ്യാര്‍ഥിനിയും പഠനത്തില്‍ മിടുക്കിയുമായിരുന്ന ഫാത്വിമയെ കോളജ് ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇന്റേണല്‍ മാര്‍ക്കില്‍ വന്ന കുറവാണ് ആത്മഹത്യക്ക് പ്രേരകമെന്നു പറയപ്പെട്ടിരുന്നെങ്കിലും അധ്യാപകന്റെ വര്‍ഗീയ പകയാണ് യഥാര്‍ഥ കാരണമെന്നാണ് പെണ്‍കുട്ടിയുടെ ഫോണിലെ കുറിപ്പും പിതാവുള്‍പ്പെടെ ബന്ധുക്കളുടെയും മുമ്പ് ഫാത്വിമ ലത്വീഫ് പഠിച്ചിരുന്ന സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എം ഫൈസലിന്റെയും വെളിപ്പെടുത്തലുകളും സൂചിപ്പിക്കുന്നത്.
കേന്ദ്ര ഐ ഐ ടികളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മാനസികവും ശാരീരികവുമായ പീഡനം അനുഭവിക്കുന്നതായി നേരത്തേ തന്നെ റിപ്പോര്‍ട്ടുണ്ട്.

ബഹുഭൂരിഭാഗവും ദളിത്, മതന്യൂനപക്ഷ വിദ്യാര്‍ഥികളാണ് പീഡനത്തിന് ഇരയാകുന്നത്. സവര്‍ണ മനസ്സിന്റെ ഉടമകളാണ് ഇത്തരം സ്ഥാപനങ്ങളെ നയിക്കുന്നവരിലും പഠിപ്പിക്കുന്നവരിലും ഏറെയും. ദളിത്, മതന്യൂനപക്ഷ വിദ്യാര്‍ഥികളെ അവര്‍ ജാതീയ, വര്‍ഗീയ കണ്ണുകളോടെയാണ് നോക്കിക്കാണുന്നത്. ഇന്റേണല്‍ മാര്‍ക്ക് നല്‍കുമ്പോള്‍ ഈ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹതപ്പെട്ട മാര്‍ക്ക് നല്‍കാന്‍ പല അധ്യാപകര്‍ക്കും വിമുഖതയാണ്. ഫാത്വിമ ലത്വീഫിന് ഒരു പേപ്പറില്‍ അധ്യാപകന്‍ മനഃപൂര്‍വം മാര്‍ക്ക് കുറച്ചിരുന്നു. 18 മാര്‍ക്കിന് അര്‍ഹതയുണ്ടായിട്ടും 13 മാര്‍ക്കാണ് നല്‍കിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫാത്വിമ അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്നു നടന്ന പുനഃപരിശോധനയില്‍ അധ്യാപകന്റെ വിവേചനം വ്യക്തമാകുകയും ചെയ്തു.

ഐ ഐ ടി പോലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ബ്രാഹ്മണിക്കല്‍ അജന്‍ഡ നിലനില്‍ക്കുന്നുണ്ട്. സ്ഥാപനങ്ങളിലെ ഉയര്‍ന്ന ജാതിക്കാരായ അധ്യാപകരും അഡ്മിനിസ്‌ട്രേഷനും കൊണ്ടുവരുന്ന നിയമങ്ങളിലും ഉത്തരവുകളിലും അവരുടെ സവര്‍ണ ചിന്താഗതി പ്രതിഫലിക്കുക സാധാരണമാണ്. ഇതിനോട് വിമുഖത കാണിക്കുന്നവരെ അവര്‍ അവഹേളിക്കുകയോ താഴ്ത്തിക്കെട്ടുകയോ ചെയ്യും. ദളിത്, മതന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്ന് പ്രതിഭകള്‍, ബുദ്ധിജീവികള്‍, രാജ്യ തന്ത്രജ്ഞര്‍ തുടങ്ങി ഉന്നത ശ്രേണിയിലേക്ക് ആരും കടന്നു വരുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. മദ്രാസ് ഐ ഐ ടിയെ “അയ്യര്‍ അയ്യങ്കാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി” എന്നു വിശേഷിപ്പിക്കപ്പെടുന്നതും ഇതുകൊണ്ടാണ്. നേരത്തേ ബീഫ് നിരോധനത്തിനെതിരെ നടന്ന പ്രതിഷേധത്തെച്ചൊല്ലി ഈ സ്ഥാപനത്തിലെ വിദ്യാര്‍ഥികള്‍ക്ക് മര്‍ദനം ഏല്‍ക്കേണ്ടി വന്നതും ഇതുസംബന്ധിച്ച കേസിന് തുമ്പില്ലാതായതും സവര്‍ണ മേധാവിത്വത്തിന്റെ ഫലമായിരുന്നു. രാജ്യത്തെ ഐ ഐ ടികളില്‍ നിന്നും എന്‍ ഐ ടികളില്‍ നിന്നും വിദ്യാര്‍ഥികളുടെ കൊഴിഞ്ഞു പോക്ക് വര്‍ധിക്കുന്നതായും ഇവരില്‍ ബഹുഭൂരിഭാഗവും പട്ടിക വിഭാഗത്തിലും ഒ ബി സിയിലും പെട്ട വിദ്യാര്‍ഥികളാണെന്നും ഇത് തടയാന്‍ നടപടി സ്വീകരിക്കണമെന്നും എം പിമാര്‍ പാര്‍ലിമെന്റില്‍ ആവശ്യപ്പെട്ട കാര്യവും ഇതോടു ചേര്‍ത്തു വായിക്കേണ്ടതാണ്. ഉന്നത സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിയിരിക്കുന്ന കൊടും വിഷവിത്തുകള്‍ നമ്മുടെ മക്കള്‍ക്ക് ഈ വിധിയാണ് സമ്മാനിക്കുന്നതെങ്കില്‍ ഭരണഘടന നല്‍കുന്ന അവസര സമത്വത്തിന്റെയും മതനിരപേക്ഷതയുടെയും അര്‍ഥമെന്താണ്?

മാനുഷികതയുടെയും സഹവര്‍ത്തിത്വത്തിന്റെയും സംവാദങ്ങളുടെയും വിയോജിപ്പുകളുടെയും സഹിഷ്ണുതയുടെയും ഉറവിടമാകേണ്ട കലാലയങ്ങളെ ഫാസിസത്തിന്റെ പരിശീലന കളരിയാക്കി മാറ്റുകയാണ്. ഇവിടെ കലാസാംസ്‌കാരിക പരിപാടികളിലും മറ്റും വീക്ഷണ വൈജാത്യമുള്ളവര്‍ക്ക് വേദിപങ്കിടാന്‍ അനുവാദം നല്‍കാറില്ല. അതേസമയം, ആര്‍ട്ടിക്കിള്‍ 370മായി ബന്ധപ്പെട്ട വിഷയങ്ങള്‍ സംസാരിക്കാന്‍ ആര്‍ എസ് എസ് നേതാവ് റാം മാധവിന് അധികൃതര്‍ വേദിയൊരുക്കിക്കൊടുക്കുകയും ചെയ്തു. ശാസ്ത്രീയ വിദ്യാഭ്യാസ മേഖലയിലെ ഐ ഐ ടിയില്‍ ആയുധപൂജയുടെ നാളുകളില്‍ ലാബുകളിലെ ഉപകരണങ്ങള്‍ പൂജക്കു വെക്കുന്നതും സവര്‍ണ ഫാസിസം ഈ സ്ഥാപനത്തെ എത്രത്തോളം ബാധിച്ചിരിക്കുന്നുവെന്നതിലേക്ക് വിരല്‍ ചൂണ്ടുന്നു.

ഫാത്വിമയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പിതാവും ബന്ധുക്കളും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. സ്ഥാപനത്തില്‍ ഇനിയും ഇത്തരമൊരു മരണം സംഭവിക്കാതിരിക്കാന്‍ ഫാത്വിമയുടെ മരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരേണ്ടത് ആവശ്യമാണ്. തമിഴ്‌നാട് പോലീസും ഐ ഐ ടി അധികൃതരും ഒത്തുകളിച്ച് കേസിനു തുമ്പില്ലാതാക്കാന്‍ ശ്രമിക്കുന്നതായി കുടുംബം സന്ദേഹിക്കുന്നു. എല്ലാ വിവരങ്ങളും കുറിച്ചു വെക്കുന്ന ശീലമുണ്ട് ഫാത്വിമക്ക്. ആത്മഹത്യാ കുറിപ്പും ഉറപ്പായും എഴുതി വെച്ചിരിക്കുമെന്നാണ് കുടുംബം വിശ്വസിക്കുന്നത്.

ആ കുറിപ്പെവിടെ പോയി? മദ്രാസ് ഐ ഐ ടിയില്‍ ഒരു വര്‍ഷത്തിനിടെ വേറെയും മൂന്ന് വിദ്യാര്‍ഥി ആത്മഹത്യകള്‍ നടന്നിട്ടുണ്ട്. ഇവയിലൊന്നും ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിട്ടില്ല. ഇത് യാദൃച്ഛികമല്ലെന്നും കുറിപ്പുകള്‍ കോളജ് അധികൃതരോ അന്വേഷണ ഉദ്യോഗസ്ഥരോ നശിപ്പിച്ചിരിക്കാനാണ് സാധ്യതയെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. ഫാത്വിമയുടെ മൊബൈലില്‍ അവരുടെ മരണത്തിന്റെ ഉത്തരവാദികളെക്കുറിച്ചു സൂചന ലഭിച്ചിട്ടും ദിവസങ്ങളോളം പോലീസ് അത് അംഗീകരിക്കാന്‍ വിസമ്മതിച്ചതും നടപടിക്രമങ്ങള്‍ പാലിക്കാതെ അവരുടെ മുറി പൂട്ടി മുദ്രവെച്ചതും സന്ദേഹം ജനിപ്പിക്കുന്നുണ്ട്. ബന്ധുക്കളുടെ അസാന്നിധ്യത്തിലാണ് മുറി പൂട്ടി സീല്‍ വെച്ചത്. പിന്നീട് ബന്ധുക്കള്‍ എത്തി മുറി തുറന്നു നോക്കിയപ്പോള്‍ സാധനങ്ങള്‍ വാരിവലിച്ചിട്ട നിലയിലായിരുന്നു. മരണ ശേഷം ആരോ മുറിയില്‍ കയറിയിരിക്കാമെന്നാണ് ഇതു സൂചിപ്പിക്കുന്നത്. സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണത്തിന് പൊതു സമൂഹത്തില്‍ നിന്നും വിദ്യാര്‍ഥി ലോകത്തു നിന്നുമുള്ള ശക്തമായ സമ്മര്‍ദം ഉയര്‍ന്നു വരേണ്ടതുണ്ട്. “ഐ ഐ ടി വിത്ത് ഫാത്വിമ”എന്ന പേരില്‍ വിദ്യാര്‍ഥി കൂട്ടായ്മ രംഗത്ത് വന്നതും എം പിമാര്‍ വിഷയം പാര്‍ലിമെന്റ് മുമ്പാകെ കൊണ്ടുവന്നതും ആശാവഹമാണ്.

Latest