Kerala
വാളയാര്‍ കേസ്: സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി

തിരുവനന്തപുരം: വാളയാറില്‍ പീഡനത്തിരയായി പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാര്‍ കൊല്ലപ്പെട്ട കേസില്‍ വീഴ്ച വരുത്തിയ ഒരു ഉദ്യോസ്ഥരില്‍ ഒരാളേയും വെറുതേവിടില്ലെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഉറപ്പ്. സര്‍ക്കാര്‍ വളരെ ഗൗരവപരമായാണ് ഇത് കാണുന്നത്. കേസ് അട്ടമറിക്കാന്‍ കൂട്ടുനിന്നവര്‍ക്കെതിരെല്ലാം ശക്തമായ നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി കേസ് നടത്തിപ്പില്‍ വീഴ്ച വരുത്തിയ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറെ പുറത്താക്കി ഉത്തരവില്‍ ഒപ്പുവച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലീസിന്റെ ഭാഗത്തുള്ള വീഴ്ച പ്രത്യേകം പരിശോധിക്കും. കേസില്‍ പ്രതികളെ വെറുതെ വിട്ടതിനെതിരെ മേല്‍കോടതിയില്‍ അപ്പീല്‍ നല്‍കും. മികച്ച അഭിഭാഷകരെ കേസ് നടത്തിപ്പ് ഏല്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ കുടുംബം സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് തരത്തിലുള്ള അന്വേഷണം ആണ് വേണ്ടതെന്ന കാര്യത്തില്‍ അന്തിമ തീരുമാനം കോടതിയില്‍ നിന്ന് ഉണ്ടാകണം. പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇത് സംബന്ധിച്ച് തെറ്റിദ്ധാരണകളൊന്നും ഇല്ല. കാര്യക്ഷമമായ നടപടികള്‍ ഉണ്ടാകുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേസിന്റെ ഒരു ഘട്ടത്തിലും പാര്‍ട്ടി എന്ന നിലയില്‍ സി പി എം ഇടപെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.