ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമെന്ന് ഹൈക്കോടതി

Posted on: November 17, 2019 4:13 pm | Last updated: November 17, 2019 at 7:35 pm

കൊച്ചി: ഇരുചക്ര വാഹനങ്ങളിലെ പിന്‍സീറ്റുകാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാണെന്ന് ഹൈക്കോടതി. ഹെല്‍മറ്റ് വേണ്ടെന്ന് പറയാന്‍ സര്‍ക്കാരിന് അവകാശമില്ലെന്ന് വ്യക്തമാക്കിയ കോടതി ചൊവ്വാഴ്ചക്കകം പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കണമെന്ന് നിര്‍ദേശിച്ചു. അല്ലാത്തപക്ഷം കോടതി ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വ്യക്തമാക്കി. പിന്‍സീറ്റ് ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് കോടതി ഉത്തരവ്.

ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കുന്ന നാലു വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിക്കൊണ്ട് 2019 ആഗസ്റ്റ് ഒമ്പതിന് കേന്ദ്രം പുറപ്പെടുവിച്ച നിയമ ഭേദഗതി നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് കോടതി പറഞ്ഞു. 1988ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ പിന്‍സീറ്റ് യാത്രക്കാര്‍ക്ക് ഇളവ് അനുവദിച്ചിരുന്നു. എന്നാല്‍, കേന്ദ്ര നിയമത്തിനെതിരെ ഭേദഗതി കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ലെന്നും ഇത് തിരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.