മൗനം കടന്ന് മധുരമൊഴി

ജനിച്ച് 25 വർഷം ഊമയായി ജീവിച്ച ഡെൻ. മൗനത്തിന്റെ ഗുഹക്കുള്ളിൽ നിന്ന് വാക്കുകളുടെ വെളിച്ചത്തിലേക്ക് പറന്നുയർന്ന റേഡിയോ ജോക്കി. സംസാരം ജീവിതോപാധിയായ റേഡിയോ ജോക്കി എന്നു മാത്രമല്ല, റേഡിയോ ജോക്കികളുടെ ലോകത്തെ ഒന്നാമനാകാൻ കഴിഞ്ഞു എന്നതാണ് കൊൽക്കത്തക്കാരനായ ആർ ജെ ഡെന്നിനെ വ്യത്യസ്തനാക്കുന്നത്. ജീവിതത്തിൽ അസാധ്യമായതൊന്നുമില്ലെന്ന് ഈ ജീവിതം നമ്മെ പഠിപ്പിക്കുന്നു.
Posted on: November 17, 2019 2:48 pm | Last updated: November 17, 2019 at 2:48 pm

വിജയവും പരാജയവും ഒരു വ്യക്തിയുടെ മനസ്സിനെ ആശ്രയിച്ചിരിക്കുന്നു. സ്വന്തം ജീവിതം കൊണ്ട് ലോകത്തെ മാറ്റാൻ കഴിയുമെന്ന് അനുഭവത്തിലൂടെ പകർന്നു നൽകുകയാണ് ഡെൻ എന്ന യുവാവ്. ജനിച്ച് 25 വർഷം ഊമയായി ജീവിച്ച ഡെൻ മൗനത്തിന്റെ ഗുഹക്കുള്ളിൽ നിന്ന് വാക്കുകളുടെ വെളിച്ചത്തിലേക്ക് പറയുന്നയർന്ന ഒരു റേഡിയോ ജോക്കിയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സംസാരം ജീവിതോപാധിയായ റേഡിയോ ജോക്കി എന്നു മാത്രമല്ല റേഡിയോ ജോക്കികളുടെ ലോകത്തെ ഒന്നാമനാകാൻ കഴിഞ്ഞു എന്നതാണ് കൊൽക്കത്തക്കാരനായ ആർ ജെ ഡെന്നിനെ വ്യത്യസ്തനാക്കുന്നത്. ജീവിതത്തിൽ അസാധ്യമായതൊന്നുമില്ലെന്ന് ഈ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

കൊൽക്കത്തയിലെ ഏറ്റവും പ്രശസ്തനായ റേഡിയോ ജോക്കിയാണ് ഡെൻ എന്ന സായോം ദേബ് മുഖർജി. വീൽച്ചെയറിൽ ജീവിതം നീക്കുന്ന ഈ യുവാവ് അപൂർവരോഗത്താൽ സംസാരശേഷി ഇല്ലാത്തവനും തളർച്ച ബാധിച്ചവനുമായി. മൗനത്തിന്റെ മഹാ ഗുഹക്കുള്ളിൽ 25 വർഷങ്ങൾ. നടക്കാൻ കൊതിച്ച നാളുകൾ. തളരല്ലേ മകനേ.. എന്ന് അച്ഛനും അമ്മയും ഒാർമിപ്പിച്ച കുഞ്ഞുനാളിൽ വിധിയെ പഴിക്കാതെ കാത്തിരുന്നു.
ഒരു വയസ്സുള്ളപ്പോഴാണ് ഡെന്നിന്റെ രോഗം വീട്ടുകാർ തിരിച്ചറിയുന്നത്. പേശികൾ നിശ്ചലമായി. ശരീരം പതിയെ ക്ഷയിക്കാൻ തുടങ്ങി. ഒടുവിൽ ശബ്ദവും നിലച്ചു. തോൽവി സമ്മതിക്കാൻ തയ്യാറല്ലായിരുന്നു അച്ഛനും അമ്മയും. ഒരു ഡോക്ടറായിരുന്ന പിതാവ് ക്ഷമയോടെയും ജാഗ്രതയോടെയും മകനെ പരിചരിച്ചു. കാലിഫോർണിയയിലെ ചികിത്സയിൽ ഡെന്നിന്റെ നാവിന് അൽപ്പം ബലം വെച്ചു. നാവ് പുറത്തേക്ക് തള്ളിയ ഡെന്നിന് പുതിയൊരു ജീവിതം ലഭിച്ചതായി തിരിച്ചറിഞ്ഞു. നാവിൻ തുമ്പത്ത് 25 വർഷം മറഞ്ഞിരുന്ന വാക്കുകൾ തിരിച്ചെത്തി. കേവലം ഒരു വർഷം കൊണ്ട്.
കാൽനൂറ്റാണ്ടോളം ഊമയെന്ന് കരുതിയ യുവാവ് തിരിച്ചുവന്നത് റേഡിയോ ജോക്കിയായി കൊൽക്കത്തയിലെ ഫ്രണ്ട്‌സ് എന്ന എഫ് എം നിലയത്തിലൂടെ. 2011ൽ തുടങ്ങിയ ഈ പ്രോഗ്രാമിന് ലക്ഷക്കണക്കിന് പ്രേക്ഷകരുണ്ടായിരുന്നു. ഓരോ വാക്കുകളിലും തന്നിലൂടെ നേടിയെടുത്ത പ്രചോദനം ശ്രോതാക്കൾക്ക് നൽകി. അനായാസം ചലിക്കുന്ന ചുണ്ടുകളിലൂടെ ഒരു ദുരിതകാലത്തിന്റെ ഓർമകളൊക്കെയും ഡെൻ വാക്കുകളായി കേൾപ്പിച്ചു. തനിക്ക് വേണ്ടി ഒപ്പം നിന്ന വീട്ടുകാരെക്കുറിച്ച്. തളരാതെ ഒപ്പം നിന്ന മനസ്സിനെക്കുറിച്ച്. തന്റെയുള്ളിലെ മനഃശക്തിയെക്കുറിച്ച്.

തോൽക്കാൻ
തയ്യാറില്ലാത്ത മനസ്സ്

37 വയസ്സുള്ള ഡെന്നിന് പ്രചോദനമായത് ഇരു കൈകളുമില്ലാതെ വിമാനം പറത്തി ഗിന്നസ് റെക്കോർഡിട്ട ജെസീക്കാ കോക്‌സാണ്. മിടുക്കി. സ്വപ്‌നങ്ങളിൽ മാത്രമല്ല ജീവിതത്തിലും അവൾ പറക്കുകയായിരുന്നല്ലോ..
മൗനത്താൽ നിറംമങ്ങിയ ഭൂതകാലത്തെ ശബ്ദംകൊണ്ടുതന്നെ തിരിച്ചുപിടിച്ചത് ഡെന്നിന്റെ അച്ഛൻ പബിത്ര ദേബിന്റെ തോൽക്കാൻ തയ്യാറില്ലാത്ത മനസ്സാണ്. ഒപ്പം ഡെന്നിന്റെ പ്രതീക്ഷയും. 2014ൽ ഏറ്റവും മികച്ച ബംഗാളി റേഡിയോ അവതാരകനുള്ള ഇന്ത്യൻ റേഡിയോ ഫോറത്തിന്റെ പുരസ്‌കാരം ഡെൻ എന്ന സായോം ദേബ് മുഖർജി ഏറ്റുവാങ്ങുമ്പോൾ അത് കാൽ നൂറ്റാണ്ടോളം ഊമയായ ഒരു യുവാവായിരുന്നുവെന്ന് പറഞ്ഞാൽ പോലും ആരും വിശ്വസിക്കില്ലായിരുന്നു. വൈകല്യങ്ങൾ അനുഭവിക്കുന്ന നിരവധി പേരിലേക്ക് ഡെന്നിന്റെ വാക്കുകൾ പ്രചോദനാത്മകമായി ഒഴുകുന്നു. ആത്മവിശ്വാസവും കഠിനാധ്വാനവും നൽകാൻ തയ്യാറുണ്ടോ, നിങ്ങൾക്ക് നിങ്ങളെ മാറ്റിയെടുക്കാമെന്നാണ് ഡെൻ പറയുന്നത്. വെളിച്ചം നിറഞ്ഞ ഈ വാക്കുകളെക്കാൾ മഹത്വം മറ്റേതിനുണ്ട്. വിൽചെയറിൽ തിരിയുന്ന ഈ യുവാവിന്റെ ജീവിതം നമുക്കും പാഠമാണ്. ഇല്ലായ്മകളിലേക്ക് പരാതികളും പരിഭവങ്ങളും നിരാശകളും മാത്രം നിറച്ച് നോക്കരുതെന്ന പാഠം. “മരണം അനിവാര്യമാണ്. പക്ഷേ, മരണത്തേക്കാൾ മോശമായി ഞാൻ കാണുന്നത്, ജീവിതത്തിൽ ഒന്നും തന്റേതായി ചെയ്യാത്തവരുടെ ജീവിതത്തേയാണ്. നമുക്ക് കുറവുകളും വൈകല്യങ്ങളും കൂടുംതോറും അതിജീവിക്കാൻ പ്രകൃതി ഒരു ശക്തി തരും. പലരും അത് കണ്ടെത്താറില്ല എന്നുമാത്രം’. ഒരു അഭിമുഖത്തിൽ ഡെൻ പറഞ്ഞ വാക്കുകളാണിത്. വിധി അടിപതറിക്കാൻ നോക്കുമ്പോഴെല്ലാം ജീവിതത്തിന് നേരെ ഒരു നനുത്ത ചിരിയോടെ നേരിടാൻ കഴിയണം.
ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദധാരിയായ ഡെൻ ഇപ്പോൾ എം എക്ക് പഠിക്കുകയാണ്. യാത്രകൾ ഒത്തിരി ഇഷ്ടപ്പെടുന്ന ഈ യുവാവ് മിക്ക സംസ്ഥാനങ്ങളിലും സഞ്ചരിച്ചിട്ടുണ്ട്. അമേരിക്കയും ബ്രസീലും ഉൾപ്പെടെ നിരവധി രാജ്യത്തും പ്രചോദനാത്മകമായ പ്രഭാഷണവും പാട്ടുമെല്ലാമായി അങ്ങനെ നീങ്ങുന്നു ഡെന്നിന്റെ മനോഹരമായ ജീവിതം.

ഇച്ഛാശക്തിയുടെ കൊടുമുടി

സാധാരണയാളുകൾ പോലും ജീവിക്കാൻ കഷ്ടപ്പെടുന്ന ഈ ലോകത്ത്, അവർ പോലും പരാതി പറയുന്ന ഈ ലോകത്ത് ഒരു വിസ്മയമാണ് റേഡിയോ ജോക്കിയായ ഈ യുവാവിന്റെ ജീവിതം. പ്രകൃതി ഓരോ മനുഷ്യനിലും വലിയ കഴിവുകളാണ് നിക്ഷേപിച്ചിരിക്കുന്നതെന്ന് ഡെന്നിന്റെ ജീവിതം നമുക്ക് കാണിച്ചുതരുന്നു. ‘ഈ ജീവിതം വിജയിക്കാൻ മാത്രമുള്ളതാണ്’. ഒരിക്കൽ ഡെന്നിനെ കാണാൻ വന്ന ക്രിക്കറ്റ് താരം സൗരവ് ഗാംഗുലി പറഞ്ഞ വാക്കുകളാണിത്. ഒരിക്കലും നിരാശയില്ലാതെ ശുഭകരമായ ചിന്തകൾ മാത്രം ചേർത്തുവെച്ച് അത് സ്വന്തം ജീവിതത്തിന്റെ അനുഭവമാക്കി അത് ലോകത്തിന് സമർപ്പിക്കുകയാണ് ഡെൻ. പ്രചോദനാത്മകമായ നിരവധി ക്ലാസുകളാണ് ഇപ്പോൾ ഡെൻ നൽകുന്നത്.
ഒരാളുടെ ഭാവി നിശ്ചയിക്കുന്നത് അയാളുടെ മനോഭാവവും സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാനുള്ള ഇച്ഛാശക്തിയുമാണ്. അതാണ് ഈ യുവാവിന്റെ വിജയം. നമുക്ക് കൈകളുണ്ട്, കാലുകളുണ്ട്. എന്നിട്ടും നമുക്കുള്ളത് പരാതികളും പരിഭവങ്ങളും മാത്രം. സ്വന്തം പശ്ചാത്തലത്തിനുമപ്പുറം, ഇല്ലായ്മകൾക്കുമപ്പുറം സ്വന്തം ജീവിതം കൊണ്ട് മറ്റുള്ളവർക്ക് സുഗന്ധം പരത്താൻ ഡെന്നിന് കഴിയുന്നു. മനഃശക്തികൊണ്ട് എന്തും നേടാം എന്ന വിജയമന്ത്രമാണ് ഡെന്നിന്റെ ജിവിതം. നടക്കാൻ പ്രയാസമുണ്ടായിരുന്ന വ്യക്തിയാണ് പിന്നീട് പ്രശസ്ത എഴുത്തുകാരനായി മാറിയ ചാൾസ് ഡിക്കൻസ്, അന്ധയും മൂകയും ബധിരയുമായിരുന്നു പിന്നീട് ലോകപ്രശസ്ത സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഹെലൻ കെല്ലർ, കൂനുമായി ജീവിച്ചയാളാണ് പ്ലേറ്റോ, ബാല്യത്തിൽ പോളിയോ ബാധിച്ച് കാലുകൾ തളർന്ന വ്യക്തിയായിരുന്നു പിന്നീട് അമേരിക്കൻ പ്രസിഡന്റായിത്തീർന്ന ഫ്രാങ്ക്‌ലിൻ റൂസ് വെൽറ്റ്, പോളിയോ ബാധിച്ച് നടക്കാൻ പോലും കഴിയാത്ത പെൺകുട്ടിയാണ് പിന്നീട് ലോകത്തെ മികച്ച ഓട്ടക്കാരിയായി മാറിയ വിൽമ റുഡോൾഫ്.

അക്കൂട്ടത്തിലിതാ കൈകളും കാലുകളും തളർന്ന് വിൽചെയറിലായ ഇപ്പോൾ ജീവിതം കൊണ്ട് വിജയകഥകൾ രചിക്കുന്ന ഒരു കൊൽക്കത്തക്കാരൻ.
ജീവിതത്തിലെ ഇല്ലായ്മകളിൽ പരിഭവിക്കാതെ അതിനെതിരെ പോരാടാൻ കഴിയണം. ഡെന്നിന്റെ ജിവിതം നമുക്കതാണ് പഠിപ്പിച്ച് തരുന്നത്. എല്ലാം ലഭിച്ചിട്ടും ചെറിയ പരാജയങ്ങളിൽ പരിഭവിക്കുന്നവർ ഒരു നിമിഷം ഡെന്നിന്റെ ജീവിതത്തിലേക്ക് നോക്കുക. ഏത് സാഹചര്യത്തിലാണെങ്കിലും ജീവിതം തോറ്റുകൊടുക്കാനുള്ളതല്ല എന്ന സന്ദേശം ആ ജീവിതത്തിൽ കാണാം. ക്രിക്കറ്റ് താരം സാക്ഷാൽ കപിൽ ദേവ് ഒരിക്കൽ ഡെന്നിനെ കാണാൻ വീട്ടിൽ വന്നു. എന്നിട്ട് നെറ്റിയിൽ ചേർത്തുപിടിച്ച് കാതിലോതിയത് ഡെൻ ഇന്നും ഓർക്കുന്നു. “തളരരുത് സഹോദരാ ഒരിക്കലും. എങ്ങനെ ജീവിക്കുന്നു എന്നതല്ല കാര്യം എന്തിന് ജീവിക്കുന്നു എന്നതാണ്. നിന്നിൽ പ്രതീക്ഷയുടെ, ഇച്ഛാശക്തിയുടെ കൊടുമുടി എനിക്ക് കാണാനാകും’. അതേ, ഈ ജീവിതം വിജയിക്കാനുള്ളതാണ്.