Connect with us

Ongoing News

മായങ്കിന് ഡബിള്‍; കിടിലന്‍ സ്കോറുമായി ഇന്ത്യ ഡ്രൈവിംഗ് സീറ്റില്‍

Published

|

Last Updated

ഇന്‍ഡോര്‍: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ബംഗ്ലാ ബൗളര്‍മാരുടെ പന്തുകളെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ മായങ്ക് അഗര്‍വാളിന്റെ ഇരട്ട സെഞ്ച്വറി (243)യാണ് ഇന്ത്യന്‍ ഇന്നിംഗ്‌സിനെ പടുകൂറ്റന്‍ ലീഡിലേക്ക് ഉയര്‍ത്തിയത്.

രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 493 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ ഇന്ത്യക്ക് 343 റണ്‍സിന്റെ ലീഡായി. ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശിന്റെ ഒന്നാമിന്നിംഗ്‌സ് 150 റണ്‍സില്‍ അവസാനിച്ചിരുന്നു. അജിങ്ക്യ രഹാനെ (86), രവീന്ദ്ര ജഡേജ (60), ചേതേശ്വര്‍ പൂജാര (54) എന്നിവരും ഇന്ത്യന്‍ നിരയില്‍ തിളങ്ങി. എന്നാല്‍, നായകന്‍ വിരാട് കോലി റണ്ണൊന്നുമെടുക്കാതെ മടങ്ങി. ജഡേജയും 10 പന്തില്‍ 25 റണ്‍സ് അടിച്ചുകൂട്ടിയ ഉമേഷ് യാദവുമാണ് ക്രീസിലുള്ളത്.

മായങ്കിന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ നിന്ന് എട്ട് സിക്‌സറുകളും 28 ഫോറുകളും പിറന്നു. തന്റെ ടെസ്റ്റ് കരിയറിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ കുറിച്ചാണ് മായങ്ക് മടങ്ങിയത്. എട്ടാമത്തെ ടെസ്റ്റ് മാത്രം കളിക്കുന്ന താരത്തിന്റെ രണ്ടാമത്തെ ഡബിളാണിത്. നേരത്തെ ദക്ഷിണാഫ്രിക്കക്ക് എതിരെയും മായങ്ക് ഡബിള്‍ നേടിയിരുന്നു.

ഒന്നിന് 86 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യക്ക് കരുത്തുറ്റ തുടക്കമാണ് പൂജാരയും മായങ്കും ചേര്‍ന്ന് നല്‍കിയത്. 68 പന്തില്‍ നിന്ന് പൂജാര അര്‍ധ സെഞ്ച്വറി കണ്ടെത്തിയപ്പോള്‍ അജിങ്ക്യ രഹാനെ 172 പന്തില്‍ 86 റണ്‍സെടുത്തു. ബംഗ്ലാദേശിനായി അബു ജായേദ് നാലും ഇബാദത്ത് ഹുസൈന്‍, ഹസ്സന്‍ മിര്‍സ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.