Connect with us

Ongoing News

അസ്മാഉന്നബി; സമ്പൂർണതയുടെ താക്കോൽപദങ്ങൾ

Published

|

Last Updated

ഭാഷയെ കുറിച്ച് അറബ് മുസ്‌ലിം സമൂഹത്തിൽ നിന്നുള്ള ഒരു നിരീക്ഷണം ഭാഷകൾ, പ്രത്യേകിച്ചും അറബി, നിയമ നിബന്ധനമാണ് എന്നതാണ്. അതായത് പേരും പേര് വിളിക്കപ്പെടുന്ന വസ്തുവും തമ്മിൽ അടിസ്ഥാനപരമായ ബന്ധങ്ങൾ ഉണ്ട്. അതുകൊണ്ടു തന്നെ മരത്തിന് അറബി ഭാഷയിൽ ശജറയാകാനേ കഴിയൂ. ഇങ്ങിനെയാകൂ (കുൻ) എന്നു പറഞ്ഞപ്പോൾ ഉണ്ടായതാണല്ലോ എല്ലാ ഉണ്മകളും (ഫയകൂൻ). ഉണ്ടായതിനു ശേഷം വിളിക്കപ്പെടുന്നതല്ല ഇസ്‌ലാമിൽ പേരുകൾ. ഉണ്ടാകാൻ വേണ്ടി വിളിക്കുന്നതാണ്. തിരുനബി തങ്ങൾ സ്തുതിക്കപ്പെട്ടവൻ ആകണം എന്ന അല്ലാഹുവിന്റ തീരുമാനത്തിൽ നിന്നാണ് മുഹമ്മദ് എന്ന പേര് വിളിക്കപ്പെടുന്നത്. മുഹമ്മദ് എന്ന നൂർ ആണല്ലോ ആദ്യമായി പടക്കപ്പെടുന്നത്. അതും കഴിഞ്ഞാണല്ലോ അവിടുന്ന് മുഴുവൻ സൃഷ്ട്ടികളുടെയും സ്തുതിക്ക് വിധേയമാകുന്നത്. പിന്നീട് സ്തുതിക്കപ്പെടാൻ വേണ്ടിയാണ് തിരുനബി തങ്ങൾ നേരത്തേ തന്നെ “മുഹമ്മദ്” ആയിത്തീരുന്നത്. കുട്ടികളുടെ പേരുവിളിക്കുന്നതിൽ മുസ്‌ലിംകൾ പുലർത്തുന്ന കണിശത ചെന്നു ചേരുന്നത് സൃഷ്ടിപ്പിനെയും പരിപാലനത്തെയും കുറിച്ചുള്ള ഈ വിശ്വാസത്തിലാണ്. ഉണ്മയെ പരിചയപ്പെടുത്താനോ വിശദീകരിക്കാനോ അല്ല മറിച്ചു ഉണ്മയെ തന്നെ നടപ്പിൽ വരുത്തുന്ന സ്പീച്ച് ആക്ടാണ് പേരുകൾ.

മുസ്‌ലിംകൾക്കിടയിലെ ഏറ്റവും ജനകീയമായ പേരുകളിൽ ഒന്ന് മുഹമ്മദായി മാറിയതിന്റെ അകം പൊരുൾ ഇതാണ്. തിരുനബി തങ്ങളെ അനുകരിക്കാനുള്ള, ആ ജീവിതം ആയിത്തീരാനുള്ള വെമ്പലിൽ നിന്നാണ് “മുഹമ്മദ്” മുസ്‌ലിംകളുടെ ഇഷ്ടപ്പെട്ട പേരായിത്തീരുന്നത്. തിരു നബി തങ്ങളോട് താദാത്മ്യപ്പെടാനുള്ള ഒരു പ്രധാനവഴി നമ്മുടെയും പേര് അതാവുക എന്നതാണ്.
അപ്പോൾ സന്പൂർണ മനുഷ്യനും (ഇൻസാനുൽ കാമിൽ) സൃഷ്ടികളിൽ ഏറ്റവും ഉത്തമരും (അശ്രഫുൽ ഹൽഖ്) ലോകത്തിനു ആകെ അനുഗ്രഹവും (റഹ്‌മത്തുൽ ആലമീൻ) ആയിത്തീർന്ന തിരു നബി തങ്ങളുടെ ഉണ്മയുടെ തികവും മികവും കാരണം ആയിരിക്കണം അവിടുത്തെ ഇത്രയധികം പേരുകളിൽ അല്ലാഹു തന്നെ അഭിസംബോധന ചെയ്തത്. വിശ്വാസികളെ സംബന്ധിച്ചിടത്തോളം തികവാർന്ന ആ സൃഷ്ടിപ്പിന്റെ വിശദീകരണമാണ് ഈ പേരുകൾ ഓരോന്നും. സന്പൂർണതയെ വിശദീകരിക്കാനുള്ള താക്കോൽ പദങ്ങൾ.

ലോകാനുഗ്രഹത്തെ അറിയാനും അനുഭവിക്കാനുമുള്ള കിളിവാതിലുകൾ ആണവ. തിരുനബി തങ്ങളുടെ സമ്പൂർണതയിൽ നിന്നുള്ള മറ്റു മനുഷ്യരുടെ കുറവിനെ, വ്യത്യസ്തതയെ അടയാളപ്പെടുത്താൻ വേണ്ടി പ്രവാചകരുടേതായി അറിയപ്പെടുന്ന പേരുകൾ അതേ ഉച്ചാരണത്തിൽ അല്ലാതെ ഉപയോഗിക്കുന്ന രീതി പല മുസ്‌ലിം സമൂഹങ്ങളിലുമുണ്ട്. തുർക്കിയിൽ മുഹമ്മദ് ഇല്ല. മെഹ്‌മെദേയുള്ളൂ. അനുകർത്താക്കളുടെ അപൂർണതയിൽ ഊന്നുന്നതോടൊപ്പം പൂർണതയെ പ്രാപിക്കാനുള്ള അവരുടെ വെമ്പലും കൂടിയാണ് “”മെഹ് മെദി”ൽ നിറഞ്ഞു നിൽക്കുന്നത്. തിരുനബി തങ്ങളോടുള്ള ആദരവ് കൂടിയാണ് ഈ കുറച്ചിലിലൂടെ വിശ്വാസികൾ അടയാളപ്പെടുത്തുന്നത്. അപൂർണതയുടെ ഭംഗികൂടിയാണത്. മലയാളി മുസ്‌ലിംകൾക്കിടയിൽ ഏറ്റവുമധികം പാഠഭേദങ്ങൾ ഉള്ള പേര് മുഹമ്മദ് ആയതിന്റെ പൊരുളും ഇതായിരിക്കണം. ഓരോ ഭാഷയിലും സമൂഹത്തിലും അബ്ദുല്ലയുടെ മകൻ മുഹമ്മദിന് ദിനംപ്രതി പുതിയ പേരുകൾ വന്നുകൊണ്ടിരിക്കുന്നതിന്റെ ഉദ്ദേശ്യവും വേറൊന്നല്ല. “മുത്ത് നബി തങ്ങളേ” എന്ന വിളി കേട്ടായിരിക്കില്ലേ അവിടുന്ന് മലയാളികൾക്ക് ഏറ്റവും അധികം ഉത്തരം നൽകിയിട്ടുണ്ടാവുക.

Latest