സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിയുടെ വീട്ടില്‍നിന്നും കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ പിടികൂടി

Posted on: November 15, 2019 11:11 am | Last updated: November 15, 2019 at 3:24 pm

തിരുവനന്തപുരം | സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതിവിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നടത്തിയ റെയ്ഡില്‍ കേരള സര്‍വ്വകലാശാലയുടെ മാര്‍ക്ക്ലിസ്റ്റുകള്‍ പിടിച്ചെടുത്തു. സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ഡിആര്‍ഐ നടത്തിയ റെയ്ഡിലാണ് സീലോടുകൂടിയ പൂരിപ്പിക്കാത്ത മാര്‍ക്ക്‌ലിസ്റ്റുകള്‍ പിടിച്ചെടുത്തത്.

720 കിലോ സ്വര്‍ണ്ണമാണ് വിഷ്ണു സോമസുന്ദരവും പ്രകാശ് തമ്പിയുമടക്കമുള്ളവര്‍ തിരുവനന്തപുരം വിമാനത്താവളംവഴി കടത്തിത്തിയതെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയത്. ജൂണ്‍ 14നാണ് ഡി ആര്‍ ഐ വിഷ്ണു സോമസുന്ദരത്തിന്റെ തിരുമലയിലെ വീട് റെയ്ഡ് ചെയ്യുന്നത്. വിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ കേരള സര്‍വ്വകലാശാലയുടെ പൂരിപ്പിക്കാത്ത മാര്‍ക്ക് ലിസ്റ്റുകള്‍ കണ്ടെത്തിയെന്ന്ഡിആര്‍ഐയുടെ 100 പേജുള്ള അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒപ്പും സീലോടും കൂടിയ പൂരിപ്പിക്കാത്ത ഏഴ് മാര്‍ക്ക്‌ലിസ്റ്റുകളാണ് റെയ്ഡില്‍ കണ്ടെടുത്തത്.

മാര്‍ക്ക് ലിസ്റ്റുകള്‍ എങ്ങനെ ലഭിച്ചു എന്നതില്‍ വിഷ്ണുവില്‍ നിന്ന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. അതിനാല്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ഉന്നത പ്രിന്‍സിപ്പള്‍ സെക്രട്ടറിക്ക് കത്ത്നല്‍കാന്‍ ഒരുങ്ങുകയാണ് ഡിആര്‍ഐ .

വിഷ്ണു സോമസുന്ദരത്തിന്റെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത മാര്‍ക്ക് ലിസ്റ്റുകള്‍ ഡിആര്‍ഐ ഉദ്യോഗസ്ഥരുടെ പക്കലാണ് ഇപ്പോഴുള്ളത്.