Connect with us

Kerala

തൃശൂരില്‍ കര്‍ഷകനോട് കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി

Published

|

Last Updated

തൃശൂര്‍: വീട്ട് വളപ്പിലെ തേക്ക് മുറിക്കാന്‍ ഭൂമിയുടെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റിന് 1500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി. തൃശൂര്‍ കണിയാര്‍കോട് പാമ്പാടി വില്ലേജ് ഓഫീസര്‍ വിപിന്‍കുമാര്‍ ആണ് പിടിയിലായത്. നിര്‍ധന കുടുംബത്തിലെ അംഗമായ കര്‍ഷകന്‍ സാമ്പത്തിക പരാധീനത മൂലം വീട്ടുവളപ്പിലെ തേക്ക് മുറിക്കാന്‍ തീരുമാനിച്ചു. കൈവശാവകാശ രേഖയ്ക്ക് വേണ്ടി വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. ഒന്നരമാസക്കാലം വില്ലേജ് ഓഫീസുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ല. ഒടുവില്‍ വില്ലേജ് ഓഫീസര്‍ 1500 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

തുടര്‍ന്ന് കര്‍ഷകന്‍ തൃശൂര്‍ വിജിലന്‍സ് ഓഫീസില്‍ പരാതി നല്‍കി.വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ 1500 രൂപയുമായി കര്‍ഷന്‍ വില്ലേജ് ഓഫീസിലെത്തി. പണം കൊടുത്ത് പുറത്തിറങ്ങിയ ഉടനെ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസിനകത്ത് കയറി വിപിന്‍കുമാറിനെ പിടികൂടുകയായിരുന്നു. ഓഫീസിലെ കടലാസ് ഗ്ലാസിനുള്ളില്‍ നിന്നുമാണ് പണം കണ്ടെത്തിയത്. തിരുവന്തപുരം സ്വദേശിയാണ് വിപിന്‍കുമാര്‍ .ഇയാളുടെ കാറില്‍ നിന്ന് മാരകായുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.

Latest