മഹാരാഷ്ട്ര: ശിവസേനയും കോണ്‍ഗ്രസും എന്‍സിപിയും പൊതുമിനിമം പരിപാടി തയ്യാറാക്കി; ഗവര്‍ണറെ കാണും

Posted on: November 14, 2019 9:09 pm | Last updated: November 15, 2019 at 11:14 am

ന്യൂഡല്‍ഹി: മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചക്കൊടുവില്‍ ശിവസേനയും കോണ്‍ഗ്രസും എന്‍ സി പിയും പൊതു മിനിമം പരിപാടിയുടെ അന്തിമകരട് രേഖ പൂര്‍ത്തിയാക്കി. സര്‍ക്കാര്‍ രൂപീകരണത്തിന് മുന്നോടിയായാണ് പൊതുമിനിമം പരിപാടി തയ്യാറാക്കിയിരിക്കുന്നത്.

കാര്‍ഷിക വായ്പ എഴുതിത്തള്ളല്‍, വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ അവലോകനം, തൊഴിലില്ലായ്മ, വര്‍ദ്ധിച്ചുവരുന്ന എം.എസ്.പി, ഛത്രപതി ശിവാജി മഹാരാജ്, ബി ആര്‍ അംബേദ്കര്‍ സ്മാരകങ്ങള്‍ തുടങ്ങിയവയാണ് പൊതുമിനിമം പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന് വൃത്തങ്ങള്‍ അറിയിച്ചു. മൂന്ന് പാര്‍ട്ടിയിലേയും മുതിര്‍ന്ന നേതാക്കള്‍ ചേര്‍ന്നാണ് കരട് തയ്യാറാക്കിയിരിക്കുന്നത്. കരട് രൂപം അംഗീകാരത്തിനായി മൂന്ന് പാര്‍ട്ടികളുടേയും അധ്യക്ഷന്‍മാര്‍ക്ക് സമര്‍പ്പിക്കും. മൂന്ന് അധ്യക്ഷന്‍മാരും ഇത് അംഗീകരിക്കുന്നതോടെ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശമുന്നയിച്ച് ഗവര്‍ണറെ കാണാനാണ് തീരുമാനം. പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിനൊപ്പം മന്ത്രിസ്ഥാനം പങ്കിടുന്നത് സംബന്ധിച്ച കാര്യങ്ങളും ചര്‍ച്ചയായി.