Connect with us

National

ജെ എന്‍ യുവിലെ ഹോസ്റ്റല്‍ ഫീസ് വര്‍ധന ഭാഗികമായി പിന്‍വലിച്ചു; സമരം തുടരുമെന്ന് വിദ്യാര്‍ഥികള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു യൂനിവേഴ്സിറ്റിയിലെ (ജെ എന്‍ യു) വര്‍ധിപ്പിച്ച ഹോസ്റ്റല്‍ ഫീസ് ഭാഗികമായി കുറച്ചു. ഇടതുപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ നടത്തിവന്ന സമരത്തെ തുടര്‍ന്നാണ് വര്‍ധനയില്‍ ഇളവു വരുത്താന്‍ ജെ എന്‍ യു എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനമെടുത്തത്.

ഫീസ് വര്‍ധനക്കെതിരെ മൂന്നു ദിവസമായി നടത്തിവന്ന പ്രക്ഷോഭം ഇന്ന് മുതല്‍ കൂടുതല്‍ ശക്തമാക്കാന്‍ വിദ്യാര്‍ഥികള്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഇളവു വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനമുണ്ടായത്. വിദ്യാഭ്യാസ സെക്രട്ടറി ആര്‍ സുബ്രഹ്മണ്യമാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്കായി മറ്റു പദ്ധതികള്‍ നടപ്പിലാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫീസ് വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ ബി വി പിയും രംഗത്തെത്തിയിരുന്നു.

എന്നാല്‍, വര്‍ധനയില്‍ ചെറിയ ഇളവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും നിയന്ത്രണങ്ങള്‍ ഭാഗികമായി മാത്രമെ പിന്‍വലിച്ചിട്ടുള്ളൂവെന്നും വിദ്യാര്‍ഥികള്‍ ആരോപിച്ചു. അതിനാല്‍ സമരം തുടരാനാണ് വിദ്യാര്‍ഥി സംഘടനകളുടെ തീരുമാനം.