Connect with us

Kerala

മോദി സര്‍ക്കാറിന് നിര്‍ണായകമായ റഫാല്‍ പുനഃപരിശോധനാ ഹരജിയില്‍ നാളെ വിധി

Published

|

Last Updated

ന്യൂഡല്‍ഹി: ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ടുള്ള പുനഃപരിശോധനാ ഹരജിയില്‍ വിധി പറഞ്ഞതിന് തൊട്ടുപിന്നാലെ മറ്റൊരു സുപ്രധാന കേസിലും സുപ്രീംകോടതി നാളെ വിധി പറയും. കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കും നിര്‍ണായകമായ റഫാല്‍ പുനഃപരിശോധനാ ഹരജിയിലാണ് വിധി പറയുക. ഒന്നാം മോദി സര്‍ക്കാറിനെ പ്രതികൂട്ടില്‍ നിര്‍ത്തുന്ന റഫാല്‍ അഴിമതി കേസില്‍ അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി വിധിക്കെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധനാ ഹരജികളിലാണ് നാളെ വിധി പറയുന്നത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറയുന്നത്.

കോടതിക്ക് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ കള്ളസാക്ഷ്യത്തിനു നടപടി വേണമെന്നും ആവശ്യമുയര്‍ന്നു. ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനില്‍നിന്നു 36 വിമാനങ്ങള്‍ വാങ്ങാനുള്ള കരാറില്‍ അഴിമതി നടന്നുവെന്ന ആരോപണത്തില്‍ അന്വേഷണം ആവശ്യമില്ലെന്നായിരുന്നു സുപ്രീം കോടതി വിധി. റഫാല്‍ വിഷയത്തെക്കുറിച്ച് ഇല്ലാത്ത സി എ ജി റിപ്പോര്‍ട്ട് ഉണ്ടെന്നും അതു പാര്‍ലിമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിച്ചെന്നുമാണ് ഡിസംബറിലെ വിധിയില്‍ കോടതി പറഞ്ഞത്.

ഇതിനെതിരെ ബി ജെ പി വിമതരും മുന്‍കേന്ദ്രമന്ത്രിമാരുമായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂറി, മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ എന്നിവര്‍ പുനഃപരിശോധനാ ഹര്‍ജികള്‍ സമര്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ മേയില്‍ ഇത് സംബന്ധിച്ച് വിശദമായ വാദം നടന്ന ശേഷം വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു.