Connect with us

Gulf

യുഎഇയെ ആഗോള മെഡിക്കല്‍ ടൂറിസം കേന്ദ്രമാക്കാന്‍ കൈകോര്‍ത്ത് ഇത്തിഹാദ് എവിയേഷനും വിപിഎസ് ഹെല്‍ത്ത്‌കെയറും

Published

|

Last Updated

അബുദാബി: യു എ ഇ യിലെ മെഡിക്കല്‍ ടൂറിസത്തിന് പുത്തന്‍ ഉണര്‍വേകി ദേശീയ എയര്‍ലൈന്‍സായ ഇത്തിഹാദും മേഖലയിലെ ഏറ്റവും വലിയ മെഡിക്കല്‍ ഗ്രൂപ്പുകളിലൊന്നായ വിപിഎസ് ഹെല്‍ത്ത് കെയറും തമ്മില്‍ കരാര്‍. രാജ്യത്തേക്ക് പരമാവധി മെഡിക്കല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇരു കമ്പനികളും ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ആദ്യഘട്ടത്തില്‍ സൗദി അറേബ്യയില്‍ നിന്നുള്ള മെഡിക്കല്‍ ടൂറിസ്റ്റുകളെയാണ് ഇത്തിഹാദ് വിമാന സര്‍വീസ് വഴി അബുദാബിയിലേക്ക് എത്തിക്കുക. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളില്‍ നിന്ന് അബുദാബിയിലേക്കും തിരിച്ചുമുള്ള വിമാന യാത്രാ ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ഇത്തിഹാദ്, വിപിഎസ് ഹെല്‍ത്ത് കെയറിന് നല്‍കും. വിപിഎസ് ഹെല്‍ത്ത് കെയറിന് കീഴിലുള്ള പ്രമുഖ ആരോഗ്യ പരിചരണ കേന്ദ്രമായ ബുര്‍ജീല്‍ ആശുപത്രിയടക്കം എട്ടിടങ്ങളിലാണ് സന്ദര്‍ശകര്‍ക്ക് ചികിത്സ ലഭ്യമാക്കാനാവുക. വിപിഎസ് ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ ഷംഷീര്‍ വയലിലും ഇത്തിഹാദ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഡഗ്ലസുമാണ് കരാറില്‍ ഒപ്പുവച്ചത്.

ആഗോള നിലവാരമുള്ള മെഡിക്കല്‍ കേന്ദ്രമെന്ന അബുദാബിയുടെ ഖ്യാതി ഉറപ്പിക്കാനാണ് അബുദാബിയിലെ ഏറ്റവും അംഗീകാരമുള്ള രണ്ടു ബ്രാന്‍ഡുകള്‍ ഒരുമിക്കുന്നതെന്ന് ഇത്തിഹാദ് ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഡഗ്ലസ് പറഞ്ഞു. മെഡിക്കല്‍ പരിചരണം ആവശ്യമായ അന്താരാഷ്ട്ര യാത്രികര്‍ക്ക് വിമാനത്തില്‍ എല്ലാ സഹായങ്ങളും സൗകര്യങ്ങളും ഒരുക്കുന്നതില്‍ ഇത്തിഹാദിന് മികച്ച അനുഭവ സമ്പത്തുണ്ട്. സൗദി അറേബ്യയില്‍ നിന്നുള്ളവരെ ചികിത്സയ്ക്കായി അബുദാബിയില്‍ എത്തിക്കാന്‍ വിപിഎസ് ഇത്തിഹാദിനെ തിരഞ്ഞെടുക്കാന്‍ കാരണം ഈ അനുഭവ സമ്പത്താണ്. ഇത്തിഹാദ് സേവനം ഉപയോഗിക്കുന്ന സൗദിയില്‍ ഉള്ളവര്‍ക്ക് അബുദാബിയില്‍ എത്തിയാല്‍ ഉടന്‍ ആഗോള നിലവാരമുള്ള മെഡിക്കല്‍ പരിചരണം ഉറപ്പാക്കാന്‍ ആകുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗോള മെഡിക്കല്‍ ടൂറിസം കേന്ദ്രമാകാനുള്ള വലിയ സാധ്യത അബുദാബിക്കുണ്ടെന്ന് വിപിഎസ് ഹെല്‍ത്ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീര്‍ വയലില്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ സഞ്ചരിച്ചാല്‍ അബുദായില്‍ എത്താവുന്ന ദൂരത്താണ് ലോക ജനസംഖ്യയുടെ മൂന്നില്‍ രണ്ടും. ഞങ്ങളുടെ ചികിത്സ തേടിയെത്തുന്നവര്‍ ഇത്തിഹാദിന്റെ സുരക്ഷിത കരങ്ങളില്‍ ആണെന്നത് ശുഭകരം. ആഗോള നിലവാരമുള്ള ആരോഗ്യ പരിചരണം ദേശീയ അജണ്ടയുടെ നെടും തൂണാണെന്നും അബുദാബി സര്‍ക്കാര്‍ അതിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിപിഎസ് ഹെല്‍ത്ത് കെയറിന് കീഴിലെ ഏറ്റവും വലിയ ആരോഗ്യ പരിചരണ കേന്ദ്രമായ ബുര്‍ജീല്‍ മെഡിക്കല്‍ സിറ്റി അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റിയില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ ഇരിക്കെയാണ് പുതിയ കരാര്‍.

മെഡിക്കല്‍ പരിചരണം വേണ്ടവര്‍ക്ക് വിമാനത്തിനകത്ത് സവിശേഷ സൗകര്യങ്ങള്‍ തയ്യാര്‍

പ്രത്യേക മെഡിക്കല്‍ പരിചരണം വേണ്ടവരുടെ വിമാനയാത്ര സുഗമമാക്കാന്‍ ഇത്തിഹാദ് രണ്ടു പ്രത്യേക സേവനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
വിമാന യാത്രയ്ക്ക് മുന്‍പ് മെഡിക്കല്‍ ക്ലിയറന്‍സ് ആവശ്യമായവരെ ഇത്തിഹാദ് മെഡിക്കല്‍ സംഘത്തിലെ ഡോക്ടര്‍ സന്ദര്‍ശിക്കും. നിലവില്‍ പരിശോധിക്കുന്ന ഡോക്ടറുമായി ആശയവിനിമയം നടത്തി മെഡിക്കല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കും. വിമാനയാത്രയ്ക്ക് ഫിറ്റ് ആണോ എന്ന സര്‍ട്ടിക്കറ്റ് ഒരു ദിവസത്തിനകം നല്‍കും. ഒപ്പം വൈദ്യസഹായം ലഭ്യമാക്കാനായി വിമാനത്തില്‍ തന്നെ നേഴ്‌സിനെ അനുവദിക്കുകയും ചെയ്യും.

എവിയേഷനിലും ട്രാന്‍സ്‌പോര്‍ട്ട് മെഡിസിനിലും വൈദഗ്ദ്യമുള്ള പ്രത്യേക മെഡിക്കല്‍ സംഘത്തെയാണ് ഇതിനായി സജ്ജീകരിചിരിച്ചിരിക്കുന്നത്. 2018 ജൂലൈ മുതല്‍ “വണ് സ്റ്റോപ്പ് ഷോപ്പ്” എന്ന സേവനം ലഭ്യമാക്കുന്ന മേഖലയിലെ ആദ്യ വ്യോമയാന കമ്പനിയാണ് ഇത്തിഹാദ്.

റാശിദ് പൂമാടം

ബ്യൂറോ ചീഫ്, സിറാജ്, അബൂദബി

Latest