ശിവസേനക്ക് ഗവര്‍ണര്‍ സമയപരിധി കൂട്ടി നല്‍കിയില്ല; മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിക്ക് ക്ഷണം

Posted on: November 11, 2019 8:46 pm | Last updated: November 12, 2019 at 10:54 am

മുംബൈ: ബിജെപിക്കും ശിവസേനക്കും പിറകെ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് എന്‍സിപിയെ ക്ഷണിച്ച് ഗവര്‍ണര്‍. സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിലപാട് അറിയിക്കാന്‍ ശിവസേനക്ക് തിങ്കളാഴ്ച രാത്രി 7.30വരെയാണ് സമയം അനുവദിച്ചിരുന്നത്. സമയപരിധി അവസാനിക്കാനിരിക്കെ ശിവസേന നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. കോണ്‍ഗ്രസ് പിന്തുണ അറിയിക്കാത്ത സാഹചര്യത്തില്‍ രണ്ട് ദിവസംകൂടി ശിവസേന സമയം ചോദിച്ചെങ്കിലും ഗവര്‍ണര്‍ അനുവദിച്ചില്ല. തുടര്‍ന്നാണ് ഗവര്‍ണര്‍ എന്‍സിപിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചിരിക്കുന്നത്.

എന്‍സിപിക്ക് 54 എംഎല്‍എമാരാണുള്ളത്. കേവല ഭൂരിപക്ഷം ഇല്ലാത്തതിന്റെ പേരില്‍ നേരത്തെ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തില്‍നിന്നും പിന്‍മാറുകയായിരുന്നു. തുടര്‍ന്നാണ് ശിവസേനക്ക് ക്ഷണം ലഭിച്ചത്. എന്നാല്‍ പിന്തുണയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് ഉറപ്പ് നല്‍കാത്തതാണ് ശിവസേനക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് തടസമായത്. സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം അത്യന്തം നാടകീയ നീക്കങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.