പാല്‍കുളങ്ങരയില്‍ ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ കേസെടുത്തു

Posted on: November 11, 2019 6:45 pm | Last updated: November 12, 2019 at 10:55 am

തിരുവനന്തപുരം: ഗര്‍ഭിണിയായ പൂച്ചയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. പാല്‍കുളങ്ങരയില്‍ ക്ലബായി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിലാണ് പൂച്ചയെ ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മൃഗസംരക്ഷണ പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ക്ലബില്‍ പതിവായി മദ്യപിക്കാനും ചീട്ടുകളിക്കും ഒത്തുകൂടുന്നവരാണ് ക്രൂരതക്ക് പിന്നിലെന്നാണു മൃഗസ്‌നേഹികളുടെ പരാതി. സ്ഥലത്തെത്തിയ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ആനിമല്‍ പ്രൊട്ടക്ഷന്‍ ഓര്‍ഗനൈസേഷന്‍ ക്യാമ്പയിന്‍ കോര്‍ഡിനേറ്റര്‍ വളണ്ടിയര്‍ പാര്‍വതി മോഹന്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃഗാവകാശ പ്രവര്‍ത്തകരായ പാര്‍വതി, ലത ഇന്ദിര എന്നിവരുടെ പരാതിയില്‍ പോലീസ് കേസെടുത്തത്. ക്ലബിന് അകത്തുനിന്ന് അയല്‍വാസിയുടെ വീട്ടിന്റെ ഭാഗത്തേക്കു തൂക്കിയിട്ട നിലയിലായിരുന്നു പൂച്ചയുടെ ജഡം.