Connect with us

National

കേന്ദ്ര സേന ജെ എന്‍ യു ക്യാമ്പസില്‍: പ്രതിഷേധം തുടരുന്നു- സംഘര്‍ഷത്തില്‍ അയവ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ വിദ്യാര്‍ഥി പ്രതിഷേധം ശക്തമാകുന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന വിദ്യാര്‍ഥികളെ നേരിടാന്‍ ഉച്ചക്ക് ശേഷം കേന്ദ്രസേനയെ ക്യാമ്പസില്‍ വിന്യസിച്ചതാണ് സ്ഥിതി ഗുരതരമാക്കിയിരിക്കുന്നത്. സര്‍വ്വകലാശാലയിലെ പ്രധാന കവാടത്തിന് മുമ്പില്‍ പോലീസും വിദ്യാര്‍ഥികളും നേര്‍ക്കുനേര്‍ നിലയുറപ്പിച്ചിരിക്കുകയാണ്. ശക്തമായ മുദ്രാവാക്യങ്ങളുമായി നിലയുറപ്പിച്ചിരിക്കുന്ന വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും വിദ്യാര്‍ഥികള്‍ ശക്തകമായി ചെറുക്കുകയായിരുന്നു.  എന്നാല്‍ ഇപ്പോള്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടരുന്നുണ്ടെങ്കിലും സംഘര്‍ഷത്തില്‍ അല്‍പ്പം അയവ് വന്നിട്ടുണ്ട്.

വിദ്യാര്‍ഥികളെ പിടിച്ചുമാറ്റാന്‍ കേന്ദ്രസേന ശ്രമിച്ചെങ്കിലും പോലീസിന്റെ ബാരിക്കേഡുകള്‍ എടുത്തുമാറ്റി വിദ്യാര്‍ഥികള്‍ ചെറുത്തു. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പങ്കെടുത്ത ബിരുദദാന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി രമേശ് പൊഖ്‌റിയാല്‍ മണിക്കൂറുകളോളം ഓഡിറ്റോറിയത്തില്‍ കുടങ്ങി.അദ്ദേഹത്തെ പുറത്തുകൊണ്ടുവരാനാണ് പോലീസ് ശ്രമമെങ്കിലും ഓഡിറ്റോറിയത്തിന് പുറത്ത് തടിച്ച്കൂടിയ വിദ്യാര്‍ഥികള്‍ പ്രതിരോധിച്ചു. എന്നാല്‍ വിദ്യാര്‍ഥികളെ തള്ളിമാറ്റി 4.15ഓടെ പോലീസ് മന്ത്രിയുടെ വാഹനത്തിന് പോകാന്‍ വഴി ഒരുക്കുകയായിരുന്നു. സമരം ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി ജെ എന്‍ യുവിലെ പൂര്‍വ്വ വിദ്യാര്‍ഥികളും ഇവിടേക്ക് എത്തിയിട്ടുണ്ട്.

ഫീസ് വര്‍ധന പിന്‍വലിക്കുക, പ്രത്യേക വസ്ത്ര കോഡും ഹോസ്റ്റലില്‍ പുതിയ സമയക്രമവും ഏര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ രണ്ട് ആഴ്ചയോളമായി ജെ എന്‍ യുവില്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഈ സമരമാണ് ഇന്ന് ബിരുദദാന ചടങ്ങിനിടെ ശക്തമായ്. പുതിയ സമയക്രമത്തിലെ അതൃപ്തി വിദ്യാര്‍ഥികള്‍ രേഖാമൂലം വൈസ് ചാന്‍സലറെ അറിയിച്ചിരുന്നു. ഹോസ്റ്റലുകളില്‍ രാത്രി നേരത്തെ പ്രവേശിക്കണമെന്നും പ്രത്യേക ഡ്രസ് കോഡ് ഏര്‍പ്പെടുത്തണമെന്നും പുതിയ വ്യവസ്ഥകള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന ഫീസ് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും വിദ്യാര്‍ഥികള്‍ വാദിക്കുന്നു. ഇത് പിന്‍വലിക്കണമെന്നും വൈസ് ചാന്‍സിലര്‍ ചര്‍ച്ചക്ക് തയ്യാറാകണമെന്നുമാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Latest