മരട് ഫ്ളാറ്റുകള്‍ ജനുവരി 11, 12 തീയ്യതികളില്‍ സ്‌ഫോടനത്തിലൂടെ പൊളിക്കും

Posted on: November 11, 2019 2:10 pm | Last updated: November 11, 2019 at 6:47 pm

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീരദേശസംരക്ഷണം നിയമം ലംഘിച്ച് നിര്‍മിച്ചതായി കണ്ടെത്തിയ മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കുന്ന തീയ്യതി തീരുമാനം. ജനുവരി 11, 12 തീയ്യതികളിലായി സ്‌ഫോടനം നടത്തി ഫഌറ്റുകള്‍ പൊളിക്കാന്‍ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. ഹോളി ഫെയ്ത്തിന്റെ കെട്ടിട്ടവും ആല്‍ഫ വെഞ്ചേഴ്‌സിന്റെ ഇരട്ട കെട്ടിടവും 11നും ഗോള്‍ഡന്‍ കായലോരം, ജെയിന്‍ കോറല്‍കോവ് ഫഌറ്റുകള്‍ 12നും പൊളിക്കും. പൊളിക്കാന്‍ ശേഖരിക്കേണ്ട സ്‌ഫോടക വസ്തുക്കളുടെ അളവ് സംബന്ധിച്ച് ഉടന്‍ തീരുമാനം എടുക്കും. ജനുവരി ഒമ്പതിനാണ് ഫഌറ്റുകള്‍ പൊളിച്ച റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ നല്‍കേണ്ടത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാണ് മൂന്ന് ദിവസം കൂടുതല്‍ എടുത്താകും പൊളിക്കല്‍ പൂര്‍ത്തിയാകുക. ഇക്കാര്യം സുപ്രീംകോടതിയെ അറിയിക്കാനും യോഗം തീരുമാനിച്ചു.

എല്ലാ കെട്ടിടവും ഒരു ദിവസംകൊണ്ട് തന്നെ പൊളിക്കാമെന്ന് കരാറെടുത്തവര്‍ യോഗത്തില്‍ പറഞ്ഞെങ്കിലും രണ്ട് ദിവസം കൊണ്ട്മതിയെന്ന് യോഗം പൊതുതീരുമാനത്തില്‍ എത്തുകയായിരുന്നു. കെട്ടിട്ടങ്ങളില്‍ ഏറ്റവും ഉയരം കൂടിയത് ഹോളി ഫെയ്ത്തിന്റെ കെട്ടിട്ടമാണ്. 19 നിലയാണ് ഇതിനുള്ളത്. അതേ ദിവസം പൊളിക്കാന്‍ പദ്ധതിയിടുന്ന ആല്‍ഫാ സെറിന്‍ ഫ്‌ളാറ്റുകള്‍ ഇരട്ട കെട്ടിട്ടങ്ങളാണ്. രണ്ട് കെട്ടിട്ടങ്ങളിലും 16 നിലകള്‍ വീതമുണ്ട്. ഇങ്ങനെ ആദ്യദിനത്തില്‍ തന്നെ ഈ മൂന്ന് വലിയ കെട്ടിട്ടങ്ങളും തകര്‍ക്കും.

മൈക്രോ സെക്കന്‍ഡ് സമയം കൊണ്ട് ഫ്‌ളാറ്റുകള്‍ തകര്‍ക്കാന്‍ സാധിക്കുമെന്നാണ് യോഗത്തില്‍ വിദഗ്ദ്ധര്‍ അറിയിച്ചത്. കെട്ടിട്ടം പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ളാറ്റുകള്‍ക്ക് 200 മീറ്റര്‍ ചുറ്റുവട്ടത്തില്‍ താമസിക്കുന്നവരെയെല്ലാം ഒഴിപ്പിക്കാനാണ് തീരുമാനം. ഇതോടൊപ്പം പ്രദേശത്ത് ഗതാഗതനിയന്ത്രണവും ഏര്‍പ്പെടുത്തും. ഇതിനായുള്ള പദ്ധതികള്‍ കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ തയ്യാറാക്കും. കെട്ടിട്ടം പൊളിക്കലിലേക്ക് കടക്കുന്നതിന് മുന്‍പ് പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ പ്രത്യേക യോഗം സബ് കലക്ടര്‍ വിളിക്കും.