Connect with us

Ongoing News

ആര് സ്വന്തമാക്കും പരമ്പര; ഇന്ത്യ-ബംഗ്ലാ അവസാന അങ്കം ഇന്ന്

Published

|

Last Updated

നാഗ്പൂര്‍: മൂന്നു മത്സര ടി ട്വന്റിയില്‍ പരമ്പര വിജയം തേടി ഇന്ത്യയും ബംഗ്ലാദേശും ഇന്ന് അങ്കത്തിനിറങ്ങും. നാഗ്പൂരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഇന്ന് വൈകീട്ട് ഏഴിനാണ്‌ പരമ്പരയിലെ അവസാന പോരാട്ടം നടക്കുക.

ഡല്‍ഹിയിലെ അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ബംഗ്ലാദേശ് ഇന്ത്യയെ ഞെട്ടിച്ചിരുന്നു. ടി ട്വന്റിയില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശ് നേടുന്ന ആദ്യ വിജയമായിരുന്നു ഇത്. എന്നാല്‍, രണ്ടാം അങ്കത്തില്‍ ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തി. രാജ്‌കോട്ടിലെ സൗരാഷ്്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യ ടി ട്വന്റിയില്‍ ബാറ്റിംഗിലെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ബാറ്റിംഗിലെ ഫോം വീണ്ടെടുക്കാനായപ്പോള്‍ അടുത്ത മത്സരത്തില്‍ ജയിക്കുകയും ചെയ്തു.

നായകന്‍ രോഹിത് ശര്‍മ പ്രകടനം മെച്ചപ്പെടുത്തിയതാണ് ആതിഥേയര്‍ക്ക് ആശ്വാസവും ആത്മവിശ്വാസവുമേകുന്ന പ്രധാന ഘടകം. അതേസമയം, ശിഖര്‍ ധവാന്‍, ഋഷഭ് പന്ത്, ലോകേഷ് രാഹുല്‍ എന്നിവര്‍ പ്രതീക്ഷിക്കുന്ന ഫോമിലേക്കുയരാത്തത് ആശങ്കയുയര്‍ത്തുന്നു. ബൗളിംഗില്‍ ഖലീല്‍ അഹമ്മദിനും താളം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഖലീലിനു പകരം ശാര്‍ദൂല്‍ ഠാക്കൂറിനെ കളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. മലയാളി താരം സഞ്ജു സാംസണ്‍, മനീഷ് പാണ്ഡെ, രാഹുല്‍ ചഹര്‍ എന്നിവരുടെ കാര്യത്തിലും കൃത്യമായ തീരുമാനമായിട്ടില്ല.

അന്താരാഷ്ട്ര മത്സരങ്ങളില്‍ 400 സിക്‌സറുകള്‍ തികക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിന് രണ്ട് സിക്‌സുകള്‍ മാത്രം അകലെയാണ് രോഹിത് ശര്‍മ. വെസ്റ്റിന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലും (534), പാക്കിസ്ഥാന്റെ ശഹീദ് അഫ്രീദിയുമാണ് (534) രാഹുലിന്റെ മുമ്പിലുള്ളത്. ഒരു വിക്കറ്റ് കൂടി സ്വന്തമാക്കി ടി ട്വന്റിയില്‍ 50 വിക്കറ്റ് തികക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാകാന്‍ യുസ്‌വേന്ദ്ര ചഹലും രംഗത്തുണ്ട്.