സി ഇ ടി കോളജില്‍ നിന്ന് കാണാതായ വിദ്യാര്‍ഥി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് മാതാവ്

Posted on: November 10, 2019 11:43 am | Last updated: November 10, 2019 at 3:38 pm

തിരുവനന്തപുരം: തിരുവനന്തപുരം സി ഇ ടി കോളജില്‍ നിന്ന് കാണാതായ ഒന്നാം വര്‍ഷ സിവില്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര സ്വദേശി രതീഷ് കുമാറിന്റെ മൃതദേഹമാണ് കോളജിന്റെ മൂന്നാം നിലയിലുള്ള കുളിമുറിയില്‍ നിന്ന് കണ്ടെത്തിയത്. ഉള്ളൂരില്‍ വാടകക്കു താമസിച്ചു വരികയായിരുന്നു രതീഷ്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് രതീഷിന്റെ മാതാവ് ആരോപിച്ചു.

കഞ്ചാവ് മാഫിയക്കെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്ന് രതീഷിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതായി മാതാവ് പറഞ്ഞു. കഞ്ചാവ് സംഘത്തില്‍ നിന്ന് രതീഷിന് മര്‍ദനമേല്‍ക്കുകയും വീടും കാറും ആക്രമിക്കപ്പെടുകയും ചെയ്തിരുന്നുവെന്നും അവര്‍ പറഞ്ഞു.