നെഹ്‌റു കുടുംബത്തെ ഒഴിവാക്കി; എസ് പി ജി സുരക്ഷ ഇനി പ്രധാനമന്ത്രിക്ക് മാത്രം

Posted on: November 8, 2019 6:35 pm | Last updated: November 9, 2019 at 8:53 am

ന്യൂഡല്‍ഹി: 1985ല്‍ ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരുടെ വെടിയേറ്റ് മരിച്ചതിന് ശേഷം രൂപവത്്ക്കരിച്ച എസ് പി ജി (സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) സുരക്ഷയില്‍ നിന്ന് നെഹ്‌റു കുടുംബത്തെ ഒഴിവാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരും കോണ്‍ഗ്രസ് നാതാക്കളുമായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുടെ എസ് പി ജി സുരക്ഷയാണ് ഒഴിവാക്കുന്നത്. മൂവരുടേയും സുരക്ഷക്ക് നിലവില്‍ ഭീഷണിയില്ലെന്ന് വിലയിരുത്തിയാണ് കേന്ദ്ര തീരുമാനം. ഇനി സി ആര്‍ പി എഫ് സുരക്ഷയാകും ഇവര്‍ക്ക് ലഭിക്കുക. അതേസമയം മൂവരുടേയും ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷ തുടരും.

രാജ്യത്ത് ഒരു പൗരന് ലഭിക്കുന്ന ഏറ്റവും വലിയ സുരക്ഷയായ എസ് പി ജി ഇനി പ്രധാനമന്ത്രിക്ക് മാത്രമായിരിക്കും ലഭിക്കുക. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ എസ് പി ജി സുരക്ഷയും മോദിസര്‍ക്കാര്‍ വെട്ടിച്ചുരുക്കിയിരുന്നു. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് മന്‍മോഹന്‍സിംഗിന് ഇപ്പോഴുള്ളത്.