രഹസ്യം ചോർത്തൽ

Posted on: November 7, 2019 8:56 pm | Last updated: November 7, 2019 at 8:56 pm

അനസ് (റ) ഒരിക്കൽ കൂട്ടുകാരനായ സാബിതി (റ) നോട് പറഞ്ഞു: ഞാൻ കൂട്ടുകാരോടൊപ്പം കളിച്ചുകൊണ്ടിരിക്കെ എന്റെയടുത്തേക്ക് നബി (സ) വന്ന് സലാം പറഞ്ഞു. ഒരാവശ്യത്തിനായി എന്നെ പറഞ്ഞയക്കുകയും ചെയ്തു. ഞാൻ തിരിച്ചെത്തിയപ്പോൾ നേരം വൈകിയിരുന്നു. വൈകിയെത്തിയ എന്നെ കണ്ട ഉമ്മ ചോദിച്ചു: നീ ഇത്രനേരം എവിടെയായിരുന്നു? ഞാൻ പറഞ്ഞു: നബി (സ) എന്നെ ഒരാവശ്യത്തിനയച്ചതായിരുന്നു. ഉമ്മ ചോദിച്ചു: എന്ത് ആവശ്യമായിരുന്നു? ഞാൻ പറഞ്ഞു: അതൊരു രഹസ്യമാണ്. അതുകേട്ട ഉമ്മ പറഞ്ഞു: നബിയുടെ രഹസ്യമാണെങ്കിൽ നീ അത് ഒരാളോടും പറയരുത്. അല്ലാഹുവാണ് സത്യം ഞാനാകാര്യം ആരോടെങ്കിലും പറയുമായിരുന്നെങ്കിൽ നിന്നോടത് പറയുമായിരുന്നു സാബിതേ. (മുസ്‌ലിം).

ചെറുപ്പ കാലത്ത് നീണ്ട പത്ത് വർഷം പ്രവാചകരുടെ സേവകനായിരുന്ന അനസ് (റ) തിരുദൂതരിൽ നിന്ന് പഠിച്ച സുന്ദരമായൊരു മാതൃകയാണീ ഹദീസിലൂടെ പഠിപ്പിക്കുന്നത്. എല്ലാവർക്കും അവരുടേതായ നിരവധി രഹസ്യങ്ങളും സ്വകാര്യതകളുമുണ്ട്. ഇതിൽ പലതും പൊതുവിൽ അറിയപ്പെടുന്നതും പരസ്യമാകുന്നതും ആരും ഇഷ്ടപ്പെടുകയില്ല. അത്തരം രഹസ്യങ്ങൾ അറിയാനായി ചികഞ്ഞന്വേഷിച്ചുള്ള സംസാരം അനുവദനീയമല്ല. സ്വകാര്യതകൾ മനസ്സിലാക്കാനായി ചുറ്റിപ്പറ്റി കൂടുകയും ചെയ്യരുത്. യാദൃച്ഛികമായി അവ അറിഞ്ഞാൽ തന്നെ പരസ്യപ്പെടുത്താനോ മറ്റുള്ളവരുമായി പങ്കുവെക്കാനോ പാടില്ല. ഇത് പ്രവാചകൻ കഠിനമായി വിലക്കിയ കാര്യമാണ്.
ഒരു ദിവസം തിരുദൂതർ തന്റെ അനുയായികളോട് ചോദിച്ചു: പരദൂഷണം എന്താണെന്ന് നിങ്ങൾക്കറിയാമോ? നിങ്ങളുടെ സുഹൃത്തുക്കളെ കുറിച്ച് അവർ ഇഷ്ടപ്പെടാത്ത കാര്യം മറ്റുള്ളവരോട് പറയലാണത്. അവർ തിരിച്ചുചോദിച്ചു: നബിയേ, പറയുന്ന കാര്യം അവരിലുള്ളതാണെങ്കിലോ? പ്രവാചകൻ പറഞ്ഞു: ഉള്ളതാണെങ്കിലും പരദൂഷണമാണ്. ഇല്ലാത്തതാണ് നിങ്ങൾ പറയുന്നതെങ്കിൽ അദ്ദേഹത്തെക്കുറിച്ച് നിങ്ങൾ കളവ് കെട്ടിച്ചമക്കുകയും കൂടിയാണ് ചെയ്യുന്നത്.

മറ്റുള്ളവരുടെ ന്യൂനത മറച്ചുവെക്കുന്നത് പുണ്യമാണ്. സുഹൃത്തിന്റെ അഭിമാനത്തെ സംരക്ഷിക്കുന്നത് നരകത്തിൽ നിന്ന് സംരക്ഷിക്കപ്പെടാൻ ഹേതുവാകുന്നതാണ്. ആരെങ്കിലും ജനങ്ങളുടെ കുറ്റങ്ങളും കുറവുകളും മറച്ചുവെച്ചാൽ പാരത്രിക ലോകത്ത് അവന്റേത് അല്ലാഹുവും മറച്ചുവെക്കും. ഇതെല്ലാം ആ മഹാപാപം വെടിഞ്ഞവർക്കുള്ള വാഗ്ദാനങ്ങളായി പ്രവാചകൻ പഠിപ്പിച്ച കാര്യങ്ങളാണ്.
ന്യൂനതകൾ ചികയൽ മാത്രമല്ല. സ്വകാര്യതയിലേക്കുള്ള ഒളിഞ്ഞ് നോട്ടവും നിഷിദ്ധമാണ്. സ്വകാര്യതകൾ അറിയാനിടവരുമെന്ന കാരണത്തിനാലാണ് അന്യരുടെ വീടുകളിൽ അനുവാദമില്ലാതെ പ്രവേശിക്കുന്നതിന് ഇസ്‌ലാം വിലക്കേർപ്പെടുത്തിയത്. അപരന്റെ ന്യൂനതകളിലേക്ക് ഒളിഞ്ഞു നോക്കുന്നതിന് മുന്പ് സ്വന്തത്തെ കുറിച്ച് ആത്മ വിചിന്തനം നടത്തുക. ന്യുനതകളിൽ നിന്ന് മുക്തരായി ആരുമില്ല. സ്വന്തം കുറവുകൾ മറ്റുള്ളവർ തിരിച്ചറിയുന്നതിൽ മനക്ലേശം തോന്നുന്നുവെങ്കിൽ അതേ മനഃസ്ഥിതി മറ്റുള്ളവർക്കുമുണ്ടാകുമല്ലോ.
നല്ല സുഹൃത്തിന്റെ ഗുണമായി എണ്ണിയ കാര്യമാണ് കൂട്ടുകാരൻ പറയാനാഗ്രഹിക്കാത്ത വിഷയത്തെക്കുറിച്ചന്വേഷിക്കാതിരിക്കുകയെന്നത്. ആളുകളുടെ കുറവുകളിലേക്കും പാകപ്പിഴവുകളിലേക്കുമല്ല നോക്കേണ്ടത്. അവരുടെ നന്മയിലേക്കാണ്. ആദ്യത്തേത് ഈച്ചയുടെ സ്വഭാവമാണ്.

നല്ലസ്ഥലങ്ങളിൽ അവയെ കാണുകയില്ല. മലിനവും മ്ലേച്ഛവുമായ ഇടങ്ങളാണവക്കിഷ്ടം. അതേസമയം തേനീച്ചകളെക്കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ഓരോ പ്രഭാതത്തിലും പൂമരങ്ങൾ തേടിയാണവയുെട യാത്ര. പുഷ്പങ്ങളിൽ പാറിയിരുന്നാൽ അവ പരതുന്നത് അതിന്റെ മധു എവിടെയാണെന്നാണ്.