ഉത്തരേന്ത്യയിലെ വായു മലിനീകരണം: പിന്നില്‍ പാക്കിസ്ഥാനും ചൈനയുമെന്ന് ബി ജെ പി നേതാവ്

Posted on: November 6, 2019 9:15 am | Last updated: November 6, 2019 at 1:50 pm

മീററ്റ്: ഡല്‍ഹിയും മറ്റ് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും അന്തരീക്ഷ മലിനീകരണത്തിന് പിന്നില്‍ പാക്കിസ്ഥാനും ചൈനയുമാണെന്ന് യു പിയിലെ ബി ജെ പി നേതാവ് വിനീത് ശ്രദ്ധ. എല്ലാ വര്‍ഷവും പഞ്ചാബിലും ഹരിയാനയിലുമെല്ലാം കൊയത്ത് ഒഴിയുമ്പോള്‍ വൈക്കോല്‍ കത്തിക്കാറുണ്ട്. അന്നൊന്നും ഇപ്പോഴത്തെ രൂപത്തിലുള്ള പുക ഡല്‍ഹിയിലും മറ്റും ഉയര്‍ന്നുവരാറില്ല. വൈക്കോല്‍ കത്തിക്കുന്നത്‌കൊണ്ടാണ് ഈ മലിനീരകരണമെന്ന് എനിക്ക് തോന്നുന്നില്ല. രാജ്യത്തേക്ക് ഇസ്‌ലാമാബാദില്‍ നിന്നും ബെയ്ജിംഗില്‍ നിന്നും വിഷ വാതകം അയക്കുന്നതാണ് മലിനീരകരണത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയിലേക്ക് വിഷവാതകം അയക്കുന്ന പാകിസ്താന്റെ ഗൂഢാലോചനയാണോ ഇതെന്ന് നമ്മള്‍ നിര്‍ബന്ധമായും ആലോചിച്ചേ പറ്റൂ. കാരണം അവര്‍ക്ക് ഇന്ത്യക്കെതിരെ ഒരു യുദ്ധം വിജയിക്കാന്‍ കഴിയില്ലല്ലോ. പാകിസ്താന്‍ ഇന്ത്യക്കെതിരെ യുദ്ധം നടക്കുകയാണെങ്കില്‍ അവര്‍ തോല്‍ക്കും.

ഡല്‍ഹി മുഖ്യമന്ത്രി അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് ഓരോ സമയത്തും ഓരോന്നാണ് പറയുന്നത്. പക്ഷെ ഞാന്‍ കരുതുന്നത് പാകിസ്താനെതിരെ നമ്മള്‍ സംരക്ഷണ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നാണെന്നും വിനീത് ശ്രദ്ധ പറഞ്ഞു.