Connect with us

Editorial

സ്വകാര്യതക്ക് ഒരു സുരക്ഷയുമില്ലെന്നോ?

Published

|

Last Updated

നിയമവിരുദ്ധമാണ് ഫോണ്‍ ചോര്‍ത്തല്‍. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടല്ലാതെ ആരുടെ ഫോണും ചോര്‍ത്താന്‍ ചട്ടങ്ങള്‍ അനുവദിക്കുന്നില്ല. ഭരണഘടനയുടെ 22ാം വകുപ്പ് നല്‍കുന്ന ജീവിത സ്വാതന്ത്ര്യത്തിന്റെ ലംഘനമാണ് ഫോണ്‍ ചോര്‍ത്തലെന്ന് രാഷ്ട്രീയക്കാരുടെ ഫോണ്‍ സംഭാഷണം സി ബി ഐ ചോര്‍ത്തിയ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയതാണ്. രണ്ടാഴ്ച മുമ്പ് ബോംബെ ഹൈക്കോടതിയും ഇതിനു വരയിട്ടു. ഫോണ്‍ ചോര്‍ത്തല്‍ വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും ലംഘിക്കുന്നതാണെന്ന് അഴിമതിക്കേസില്‍ ഉള്‍പ്പെട്ട വ്യാപാരിയുടെ ഫോണ്‍ ചോര്‍ത്തിയ കേസിലാണ് ബോംബെ ഹൈക്കോടതി വിധി പ്രസ്താവിച്ചത്. 1885ലെ ഇന്ത്യന്‍ ടെലഗ്രാഫ് നിയമത്തിലെ അനുഛേദം 5 (2) പ്രകാരം അടിയന്തര സാമൂഹിക താത്പര്യമുള്ള സാഹചര്യത്തിലും പൊതുസുരക്ഷയുമായി ബന്ധപ്പെട്ടും മാത്രമേ കേന്ദ്ര സര്‍ക്കാറിന് അന്വേഷണ ഏജന്‍സികളോട് ഫോണ്‍ ചോര്‍ത്താന്‍ ആവശ്യപ്പെടാവൂവെന്നും കോടതി ഉണര്‍ത്തി. രാജ്യരക്ഷാ സംബന്ധമായി വിവരങ്ങള്‍ ചോര്‍ത്തണമെങ്കില്‍ തന്നെ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റെയോ ജോയിന്റ് സെക്രട്ടറി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെ ഉത്തരവ് ആവശ്യമാണെന്നും നിയമത്തില്‍ പറയുന്നുണ്ട്.

നിയമം ഇതാണെങ്കിലും രാജ്യത്ത് അനധികൃത ഫോണ്‍ ചോര്‍ത്തല്‍ പതിവു സംഭവമാണ്. ഇപ്പോള്‍ കേന്ദ്ര സര്‍ക്കാറിനു വേണ്ടി ഇസ്‌റാഈല്‍ കമ്പനിയായ എന്‍ എസ് ഒ ഗ്രൂപ്പ് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ചോര്‍ത്തിയത്് സംബന്ധിച്ച വിവാദം ദേശീയ രാഷ്ട്രീയത്തില്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയ നേതാക്കളും മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ 121 പേരുടെ ഫോണ്‍ ചോര്‍ത്തിയ വിവരം വാട്‌സ് ആപ്പ് അധികൃതര്‍ തന്നെയാണ് വെളിപ്പെടുത്തിയത്. ഇവരില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും ഉള്‍പ്പെട്ടതായും ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പാണ് അവരുടെ ഫോണ്‍ ചോര്‍ത്തിയതെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല ആരോപിക്കുന്നു. ഇക്കാര്യത്തില്‍ സുപ്രീം കോടതി സ്വമേധയാ ഇടപെടണമെന്നും കേന്ദ്ര സര്‍ക്കാറിനെതിരെ നടപടിയെടുക്കണമെന്നും സുര്‍ജേവാല ആവശ്യപ്പെട്ടു.
പ്രിയങ്കാ ഗാന്ധിയെ കൂടാതെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എന്‍ സി പി നേതാവ് പ്രഫുല്‍ പട്ടേല്‍, ഭീമാ കൊറേഗാവ് കേസിലെ പ്രതികളുടെ അഭിഭാഷകനായ നിഹാല്‍ സിംഗ് റാത്തേഡ്, പത്രപ്രവര്‍ത്തകനായ സിദ്ധാന്ത് സിബല്‍, മനുഷ്യാവകാശ പ്രവര്‍ത്തകരായ ഭേല ബാട്ടിയ, പ്രശാന്ത് ചൗഹാന്‍, ആനന്ദ് തെല്‍തുംബെ തുടങ്ങിയവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഈ ചാരപ്പണിയില്‍ സര്‍ക്കാറിനു പങ്കുള്ളതായി ചോര്‍ത്തല്‍ വിവരം അറിയിക്കാനായി വിളിച്ച വ്യക്തി പറഞ്ഞതായി ഛത്തിസ്ഗഢിലെ മനുഷ്യാവകാശ പ്രവര്‍ത്തക ബേല ഭാട്ടിയ വെളിപ്പെടുത്തുകയുണ്ടായി. സെപ്തംബറില്‍ ഇത്തരമൊരു ഫോണ്‍ ചോര്‍ത്തലിനെക്കുറിച്ച് ഒരു സന്ദേശം വാട്‌സ് ആപ്പില്‍ നിന്ന് ലഭിച്ചിരുന്നതായി കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയം സ്ഥിരീകരിച്ചിട്ടുമുണ്ട്. സ്വകാര്യതയുടെ മേലുള്ള ഈ കടന്നു കയറ്റത്തില്‍ ആശങ്കയുണ്ടെന്നാണ് കേന്ദ്ര ഐ ടി മന്ത്രി രവിശങ്കറിന്റെ പ്രതികരണം.

മുമ്പ് 2010ല്‍ യു പി എ സര്‍ക്കാറിന്റെ കാലത്തും ഉയര്‍ന്നിട്ടുണ്ട് ഫോണ്‍ ചോര്‍ത്തല്‍ വിവാദം. അന്ന് സി പി എം നേതാവ് പ്രകാശ് കാരാട്ട്, എന്‍ സി പി നേതാവ് ശരദ് പവാര്‍, ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന നിതീഷ് കുമാര്‍, തലമുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ് തുടങ്ങിയ പ്രമുഖ നേതാക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ ചോര്‍ത്തിയതായി ഒരു മാഗസിനാണ് റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്ക – ഇന്ത്യ ആണവ കരാറില്‍ ഇടതുപക്ഷത്തിന്റെ നിലപാടും നീക്കങ്ങളും അറിയാനാണ് പ്രകാശ് കാരാട്ടിന്റെ ഫോണ്‍ ചോര്‍ത്തിയതെങ്കില്‍ ഐ പി എല്‍ വിവാദം സംബന്ധിച്ച വിവരങ്ങളറിയാനാണ് പവാറിന്റെ ഫോണ്‍ ചോര്‍ത്തിയതെന്നും മാഗസിന്‍ വെളിപ്പെടുത്തി. രാജ്യസഭയില്‍ സംഭവം വന്‍ വിവാദമാകുകയും നിലവിലെ ടെലഫോണ്‍ ചട്ടം റദ്ദാക്കി പൗരന്മാരുടെ സ്വകാര്യത സംരക്ഷിക്കാനുതകുന്ന പുതിയ നിയമം കൊണ്ടു വരണമെന്ന് ബി ജെ പി നേതാവ് എൽ കെ അദ്വാനി ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജീവനും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും മേലുള്ള കടന്നുകയറ്റവും ഭരണഘടനയുടെ ഇരുപത്തിയൊന്നാം വകുപ്പിന്റെ ലംഘനവുമാണ് ഫോണ്‍ ചോര്‍ത്തലെന്നാണ് അന്നത്തെ ബി ജെ പി രാജ്യസഭാ ഉപനേതാവ് എസ് എസ് അലുവാലിയ പറഞ്ഞത്. ഇന്നിപ്പോള്‍ ബി ജെ പി ഭരണത്തിലിരിക്കവെയാണ് ഫോണ്‍ ചോര്‍ത്തിയിരിക്കുന്നത്. കേന്ദ്ര സര്‍ക്കാറും ബി ജെ പി ഭരിക്കുന്ന രണ്ട് സംസ്ഥാന സര്‍ക്കാറുകളുമാണ് ഇപ്പോഴത്തെ ഫോണ്‍ ചോര്‍ത്തലിനു പിന്നിലെന്നാണ് മമതാ ബാനര്‍ജി ആരോപിക്കുന്നത്.

കോടിക്കണക്കിനു പേര്‍ ഉപയോഗപ്പെടുത്തുന്ന വാട്‌സ് ആപ്പ് പോലുള്ള സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് ഫോണ്‍ കോളുകളും സ്വകാര്യതകളും ചോര്‍ത്തപ്പെടുന്നുവെന്ന കാര്യം അതീവ ഗൗരവത്തോടെ കാണേണ്ടതുണ്ട്. സര്‍വവും ഡിജിറ്റലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കെ വ്യക്തികളുടെ സ്വകാര്യതകള്‍ക്ക് യാതൊരു സുരക്ഷയുമില്ലെന്നു വരുന്നത് ഭീതിദമാണ്. സാങ്കേതിക രംഗത്തെ വളര്‍ച്ച ഗുണകരമാണെങ്കിലും, ആരുടെ വ്യക്തിജീവിതത്തിലും പാളിനോക്കാന്‍ ഇതിനെ ഉപയോഗപ്പെടുത്തുന്നത് അംഗീകരിക്കാവതല്ല. ജീവിത സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യ ഘടകമാണ് സ്വകാര്യതയെന്നാണ് ആധാര്‍ കേസ് സംബന്ധിച്ച കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയത്. പൗരന്റെ ഈ അവകാശം സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാറിനുണ്ടെന്നും കോടതി ഉണര്‍ത്തുകയുണ്ടായി. വാട്‌സ് ആപ്പ് ഫോണുകള്‍ ചോര്‍ത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ തന്നെയാണ് പ്രതിസ്ഥാനത്തെന്നതാണ് കൂടുതല്‍ ആശങ്കാജനകം. ഇതിനെതിരെ രാജ്യത്ത് ശക്തമായ നിയമങ്ങള്‍ രൂപപ്പെടേണ്ടതുണ്ട്.

Latest