Connect with us

Kerala

വാളയാര്‍ അടിയന്തിര പ്രമേയം അനുവദിച്ചില്ല: പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

Published

|

Last Updated

തിരുവനന്തപുരം | വാളയാറില്‍ പ്രയാപൂര്‍ത്തിയാകാത്ത, സഹോദരിമാരായ ദളിത് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി മരിച്ച സംഭവത്തില്‍ നിയസഭയില്‍ വീണ്ടു അടിയന്തിര പ്രമേയവുമായി പ്രതിപക്ഷം. ഒരിക്കല്‍ നിയമസഭ ചര്‍ച്ച ചെയ്ത വിഷയത്തില്‍ വീണ്ടും അടിയന്തിര പ്രമേയവുമായി എത്തിയ പ്രതിപക്ഷ അംഗം വി ടി ബല്‍റാമിന് സ്പീക്കര്‍ ശ്രീരാമകൃഷ്ന്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് നിയമസഭയില്‍ ഏറെ നേരം ബഹളംവെച്ച പ്രതിപക്ഷം ഒടുക്കം ഇറങ്ങിപ്പോയി.

പാലക്കാട് മുന്‍ സിഡബ്ല്യുസി ചെയര്‍മാന്‍ വാളയാര്‍ കേസിലെ പ്രതികള്‍ക്കായി കോടതിയില്‍ ഹാജരായതും അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ബല്‍റാമിന്റെ അടിയന്തിര പ്രമേയ നോട്ടീസ്. വാളയാര്‍ കേസ് നിയമസഭയില്‍ മുമ്പ് ചര്‍ച്ച ചെയ്തതാണ്. പുതിയതായൊന്നും ആകേസില്‍ നടന്നിട്ടില്ലെന്നിരിക്കെ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാനാകില്ലെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ അറിയിക്കുകയായിരുന്നു.

എന്നാല്‍ ദിവസം തോറും കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുന്ന സാഹചര്യമാണെന്നും അടിയന്തര പ്രമേയ നോട്ടീസ് പരിഗണനക്ക് എടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. കേസ് അട്ടിമറിയുടെ കൂടതല്‍ വിവരങ്ങളുണ്ടെന്ന് രമേശ് ചെന്നിത്തല വിശദീകരിച്ചു. അടിയന്തര പ്രമേയത്തിന് പകരം ശൂന്യവേളയില്‍ പ്രതിപക്ഷത്തിന് വിഷയം അവതരിപ്പിക്കാമെന്ന് പറഞ്ഞെങ്കിലും സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷ നിര പ്രതിഷേധവുമായി എഴുന്നേറ്റു. സഭയുടെ നടുത്തളത്തിലിറങ്ങിയ അംഗങ്ങള്‍ സ്പീക്കറുടെ ഡയസിന് മുന്നിലും ബഹളം വച്ചു. പ്ലക്കാഡും ബാനറുമായി സ്പീക്കര്‍ക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ അംഗങ്ങള്‍ പിന്നീട് ഇറങ്ങിപ്പോകുകയായിരുന്നു.

 

Latest