നവജാത ശിശുവിനെ ഉപേക്ഷിച്ച സംഭവം: മാതാവ് അറസ്റ്റില്‍

Posted on: November 4, 2019 6:22 pm | Last updated: November 4, 2019 at 8:34 pm

കോഴിക്കോട്: നവജാത ശിശുവിനെ കോഴിക്കോട്ടെ തിരുവണ്ണൂര്‍ മാനാരിയിലെ പള്ളിക്കു മുന്നില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മാതാവ് അറസ്റ്റില്‍. തൃശൂര്‍ സ്വദേശിനിയായ 21കാരിയെ ആണ് കോഴിക്കോട് പന്നിയങ്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്കെതിരെ ഐ പി സി 317, ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75 എന്നീ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ കേസെടുത്തു. ബെംഗളൂരുവിലെ ആശുപത്രിയില്‍ പ്രസവിച്ച യുവതി കോഴിക്കോട്ടെത്തി കുഞ്ഞിനെ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പന്നിയങ്കര സി ഐ. രമേശന്‍ പറഞ്ഞു.യുവതിയുടെ സുഹൃത്തും മലപ്പുറം സ്വദേശിയുമായ 21കാരനാണ് കുഞ്ഞിന്റെ പിതാവ്.

കരിപ്പൂര്‍ വിമാനത്താവളത്തിനടുത്ത കെ എഫ് സിയില്‍ ജോലി ചെയ്യുന്നതിനിടെയാണ് യുവതിയും യുവാവും പരിചയത്തിലായത്. പ്രസവം അടുത്ത സമയങ്ങളില്‍ ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു. പ്രസവ ശേഷം കോഴിക്കോട്ടെത്തിയ ഇവര്‍ യുവാവിന്റെ ബൈക്കില്‍ വന്നാണ് കുഞ്ഞിനെ ഉപേക്ഷിച്ചത്. പിന്നീട് യുവാവ് ഗള്‍ഫിലേക്ക് കടക്കുകയും ചെയ്തു. ഇയാളെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് പള്ളിക്കു മുന്നില്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ പൊതിഞ്ഞ പുതപ്പിനകത്ത് നീലപ്പേന കൊണ്ടെഴുതിയ ഒരു കുറിപ്പ് വച്ചിരുന്നു. കുഞ്ഞിന് നിങ്ങള്‍ ഇഷ്ടമുള്ള പേരിടണം. അല്ലാഹു തന്നതാണെന്നു കരുതി നിങ്ങള്‍ ഇതിനെ നോക്കണം. കുഞ്ഞിന് ബി സി ജിയും പോളിയോ വാക്സിനും ഹെപ്പറ്റൈറ്റിസ് ബി 1 വാക്സിനും കൊടുക്കണം’ എന്നായിരുന്നു കുറിപ്പിലുണ്ടായിരുന്നത്.

എസ് ഐ. സദാനന്ദന്‍, സി ഐ. വി രമേശന്‍, എസ് ഐ. സുഭാഷ് ചന്ദ്രന്‍, എ എസ് ഐമാരായ മനോജ്, സുനില്‍കുമാര്‍ എന്നിവരുടെ സംഘമാണ് കേസന്വേഷിച്ചത്.