Connect with us

National

ശ്വാസം മുട്ടിച്ച് ബംഗ്ലാദേശ്; ഇന്ത്യക്കെതിരെ ആദ്യ ട്വന്റി 20 വിജയം

Published

|

Last Updated

ന്യൂഡൽഹി | പുകമഞ്ഞിലെ കളിയിൽ ഇന്ത്യയെ കീഴടക്കി ബംഗ്ലാദേശ്. ട്വന്റി20 പരന്പരയിലെ ആദ്യ മത്സരത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഇന്ത്യ മുന്നോട്ടുവെച്ച 149 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സന്ദർശകർ 19.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 154 റൺസടിച്ച് ലക്ഷ്യം മറികടന്നു. 38 പന്തിൽ 43 റൺസെടുത്ത മുഷ്ഫിഖുർ റഹീമാണ് ബംഗ്ലാദേശിന്റെ വിജയശിൽപ്പി. 38 പന്തിൽ നാല് ബൗണ്ടറിയും ഒരു സിക്‌സറും നേടിയ താരം പുറത്താകാതെ നിന്നു. സ്കോർ: ഇന്ത്യ 148/6(20) ബംഗ്ലാദേശ്: 154/3 (19.3)

സൗമ്യ സർക്കാർ 39, മുഹമ്മദ് നയീം 26ഉം റൺസെടുത്തു. ട്വന്റി20യിൽ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന്റെ ആദ്യ ജയമാണിത്. എതിന് മുമ്പ് നടന്ന എട്ട് മത്സരങ്ങളിലും ഇന്ത്യക്കായിരുന്നു ജയം.

നേരത്തേ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനയക്കപ്പെട്ട ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസെടുത്തു. 41 റൺസെടുത്ത ഓപണർ ശിഖർ ധവാനാണ് ടോപ് സ്‌കോറർ. തുടക്കത്തിൽ തന്നെ നായകൻ രോഹിത് ശർമയെ (ഒന്പത്) നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായി. അഞ്ച് പന്തിൽ ഒമ്പത് റൺസെടുത്ത രോഹിതിനെ സെയ്ഫുൾ ഇസ്്ലാം വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു. ഋഷഭ് പന്ത് 26 പന്തിൽ 27ഉം, ശ്രേയസ് അയ്യർ 13 പന്തിൽ 22ഉം റൺസെടുത്തു. കെ എൽ രാഹുൽ 15 റൺസിനും അരങ്ങേറ്റം കുറിച്ച ശിവം ദുബെ ഒരു റൺസിനും പുറത്തായി. അവസാന ഓവറുകളിൽ കത്തിക്കയറിയ ക്രുനാൽ പാണ്ഡ്യയും (എട്ട് പന്തിൽ 15), വാഷിംഗ്ടൻ സുന്ദറും (5 പന്തിൽ 14) ചേർന്നാണ് ഇന്ത്യൻ സ്‌കോർ 150നടുത്തെത്തിച്ചത്. അൽ അമീൻ ഹുസൈൻ എറിഞ്ഞ അവസാന ഓവറിൽ ഇരുവരും ചേർന്ന് 16 റൺസെടുത്തു. ബംഗ്ലാദേശിനായി സെയ്ഫുൽ ഇസ്്‌ലാം, അമിനുൽ ഇസ്്‌ലാം എന്നിവർ രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി.

സഞ്ജുവില്ലാതെ ഇന്ത്യ
ബംഗ്ലാദേശിനെതിരെ ഇന്ത്യൻ ടീമിൽ മലയാളി താരം സഞ്ജു സാംസണിനെ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ഋഷഭ് പന്ത് മത്സരത്തിൽ വിക്കറ്റ് കീപ്പറായി. അതേസമയം, മുംബൈ ആൾറൗണ്ടർ ശിവം ദുബെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചു.

ധോണിയെ കടന്ന് രോഹിത്

ഇന്ത്യക്കായി ഏറ്റവുമധികം ട്വന്റി 20 മത്സരം കളിക്കുന്ന താരമെന്ന റെക്കാർഡ് ഇന്ത്യൻ നായകൻ രോഹിത് ശർമ സ്വന്തമാക്കി. 2007ൽ അരങ്ങേറ്റം കുറിച്ച ശേഷം രോഹിതിന്റെ 99ാം മത്സരമാണ് ഇന്നലെ ഡൽഹിയിൽ നടന്നത്. 98 മത്സരം കളിച്ച മുൻ നായകൻ മഹേന്ദ്ര സിംഗ് ധോനിയെയാണ് ഇക്കാര്യത്തിൽ രോഹിത് മറികടന്നത്. ഇന്ത്യൻ ടീം: രോഹിത് ശർമ, ശിഖർ ധവാൻ, ലോകേഷ് രാഹുൽ, ഋഷഭ് പന്ത്, ക്രുനാൽ പാണ്ഡ്യ, ശിവം ദുബെ, വാഷിംഗ്ടൺ സുന്ദർ, യുസ്്വേന്ദ്ര ചാഹൽ, ദീപക് ചഹാർ, ഖലീൽ അഹമ്മദ്.