പ്രമുഖരുടെ വിവരങ്ങള്‍ ചോര്‍ത്തിയതായി രണ്ട് തവണ കേന്ദ്രത്തെ അറിയിച്ചിരുന്നു: വാട്സ് ആപ്പ്

Posted on: November 3, 2019 1:54 pm | Last updated: November 3, 2019 at 5:18 pm

ന്യൂഡല്‍ഹി: രാജ്യത്തെ ചില ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ന്നതിനെ കുറിച്ച് രണ്ടു തവണ ഇന്ത്യയെ അറിയിച്ചിരുന്നുവെന്ന് വാട്സ് ആപ്പ്. കഴിഞ്ഞ മേയ് മാസത്തില്‍ വിവരം നല്‍കുകയും ഇതിനു പുറമെ സെപ്തംബര്‍ മാസത്തിലും ഇക്കാര്യം അറിയിച്ചുകൊണ്ട് കത്ത് നല്‍കുകയും ചെയ്തിരുന്നു. സുരക്ഷാ വീഴ്ച സംബന്ധിച്ച് വാട്സ് ആപ്പ് ഒരു വിവരവും നല്‍കിയിരുന്നില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ തള്ളുന്നതാണ് വാട്‌സാപ്പിന്റെ പ്രതികരണം.

ഐ ടി മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. വിവര ചോര്‍ച്ച സംബന്ധിച്ച് സെപ്തംബറില്‍ വാട്സ് ആപ്പ് അയച്ച കത്ത് ലഭിച്ചതായി ഐ ടി മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍, കത്തില്‍ നല്‍കിയ വിവരങ്ങള്‍ അവ്യക്തമായിരുന്നുവെന്നാണ് മന്ത്രാലയം പറയുന്നത്. 121 പേരുടെ വിവരങ്ങള്‍ ചോര്‍ന്നതായി കത്തില്‍ പറഞ്ഞിരുന്നെങ്കിലും അതിന്റെ പ്രത്യാഘാതം സംബന്ധിച്ച കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ആരുടെയൊക്കെ വിവരങ്ങള്‍, ആരു ചോര്‍ത്തി തുടങ്ങിയ വിവരങ്ങളും ഉണ്ടായിരുന്നില്ല.

മേയ് മാസത്തിലുണ്ടായ സുരക്ഷാ പ്രശ്‌നം അടിയന്തരമായി ഇടപെട്ട് പരിഹരിക്കുകയും ഇന്ത്യന്‍ അധികൃതരെയും ബന്ധപ്പെട്ട അന്താരാഷ്ട്ര കേന്ദ്രങ്ങളെയും ഇത് അറിയിക്കുകയും ചെയ്തിരുന്നതായും വാട്സ് ആപ്പ് വെള്ളിയാഴ്ച പ്രസ്താവിച്ചിരുന്നു. സുരക്ഷാ വീഴ്ചക്ക് ഇരയായവരെ കണ്ടെത്താനും ഉത്തരവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും കമ്പനി ശ്രമങ്ങള്‍ നടത്തിവരികയായിരുന്നുവെന്നും കമ്പനി വ്യക്തമാക്കി.

വാട്‌സ് ആപ്പില്‍ ഉണ്ടായ സുരക്ഷാ വീഴ്ച ഏതു തരത്തിലാണെന്നതു സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് കമ്പനിയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. നിയമലംഘനം നടത്തിയവര്‍ കര്‍ശനമായ നടപടി നേരിടേണ്ടി വരുമെന്നും ഇന്ത്യ വ്യക്തമാക്കി.
മാധ്യമ പ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരുമുള്‍പ്പെടെ പ്രമുഖരായ 25 പേരുടെ ഫോണ്‍വിവരങ്ങള്‍ പെഗാസസ് വഴി ചോര്‍ത്തിയെന്ന് കഴിഞ്ഞ ദിവസമാണ് വാട്സാപ്പ് വെളിപ്പെടുത്തിയത്. 20 രാജ്യങ്ങളിലെ 1400 പ്രമുഖരുടെ വിവരവും ഇങ്ങനെ ചോര്‍ത്തിയതായി പറയുന്നു.