അന്തരീക്ഷ മലിനീകരണം: നാളെ മുതൽ വീണ്ടും ഒറ്റ- ഇരട്ട വാഹന നിയന്ത്രണം

Posted on: November 3, 2019 1:37 pm | Last updated: November 3, 2019 at 1:37 pm


ന്യൂഡൽഹി | അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഡൽഹിയിൽ നാളെ മുതൽ ഒറ്റ -ഇരട്ട പദ്ധതി വീണ്ടും ആരംഭിക്കുന്നു. 14 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. തീയതിയുടേയും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നമ്പറും ഏത് ഗണത്തിൽപ്പെടുന്നുവെന്നതു പരിഗണിച്ചാണ് വാഹനങ്ങളെ നിരത്തിലിറക്കാൻ അനുവദിക്കുക. ‘ഒറ്റ’ അക്ക തീയതികളിൽ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങളും “ഇരട്ട’ അക്കത്തിലുള്ള തീയതികളിൽ ഇരട്ട അക്കത്തിൽ അവസാനിക്കുന്ന രജിസ്‌ട്രേഷൻ നമ്പറുള്ള വാഹനങ്ങളും നിരത്തിലറങ്ങും.

നിയമം ലംഘിക്കുന്നവർക്ക് 4,000 രൂപ പിഴയടക്കേണ്ടിവരും. നേരത്തേ ഇത് 2,000 രൂപയായിരുന്നു. മോട്ടോർ വാഹന നിയമത്തിൽ ഭേതഗതി വരുത്തിയാണ് പിഴ ഇരട്ടിയാക്കിയത്. ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പദ്ധതിയുടെ സമയക്രമം. ഇരു ചക്രവാഹനങ്ങൾ, ഒറ്റക്ക് വാഹനം ഓടിച്ചുപോകുന്ന സ്ത്രീകൾ, യൂനിഫോം ധരിച്ച സ്‌കൂൾ വിദ്യാർഥികളുമായി പോകുന്ന സ്വകാര്യ വാഹനങ്ങൾ (സ്‌കൂൾ സമയങ്ങളിൽ മാത്രം), ഭിന്നശേഷി വിഭാഗക്കാർ ഓടിക്കുന്ന വാഹനങ്ങൾ എന്നിവരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വന്തമായി വാഹനം ഓടിച്ചുപോകുന്ന സ്ത്രീകൾക്ക് 12 വയസ്സുവരെയുള്ള കുട്ടികളെ കൊണ്ടുപോകുന്നതിനും ഇളവുണ്ട്.

രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ഗവർണർമാർ, ചീഫ് ജസ്റ്റിസ്, സുപ്രീം കോടതി ജഡ്ജിമാർ, ഡൽഹി ഹൈക്കോടതി ജഡ്ജിമാർ, ലോക്‌സഭാ സ്പീക്കർ, ലോക്‌സഭ, രാജ്യസഭ പ്രതിപക്ഷ നേതാക്കൾ, കേന്ദ്ര മന്ത്രിമാർ, സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ എന്നിവരുടെ വാഹനങ്ങൾക്ക്് ഇളവ് നൽകും. യു പി എസ് സി ചെയർമാൻ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ, കമ്മീഷണർമാർ, കംപ്്‌ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ, രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ, ലോക്‌സഭാ ഡെപ്യൂട്ടി സ്്പീക്കർ, ഡൽഹി ലഫ്. ഗവർണർ, ലോകായുക്ത, പ്രതിരോധ, പാർലിമെന്ററി, എംബസി, അത്യാഹിത വിഭാഗ വാഹനങ്ങൾ എന്നിവർക്കും ഒഴിവു നൽകിയിട്ടുണ്ട്. സി എൻ ജി വാഹനങ്ങളും മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ഇതര വാഹങ്ങളും മറ്റു സംസ്ഥാനങ്ങളിലെ എം എൽ മാരുടെ വാഹനങ്ങൾക്കും ഇളവുണ്ട്.

ഇത് മൂന്നാം തവണയാണ് നഗരത്തിൽ ഒറ്റ -ഇരട്ട പദ്ധതി നടപ്പാക്കുന്നത്. 2016 ജനുവരി ഒന്ന് മുതൽ 15 വരെയാണ് ആദ്യം പദ്ധതി നടപ്പാക്കിയത്. പിന്നീട് അതേ വർഷം ഏപ്രിൽ 15 മുതൽ 30 വരെയും നടപ്പാക്കി. ഈ വർഷം പദ്ധതി നടപ്പാക്കുന്ന ദിവസങ്ങളിൽ സർജ് പ്രൈസിംഗ് സംവിധാനം ഒഴിവാക്കുമെന്നു ഓല, യൂബർ കമ്പനികൾ അറിയിച്ചുണ്ട്. നഗരത്തിൽ 2000 പുതിയ ബസ്സുകൾ നാളെ മുതൽ ഓടി തുടങ്ങുമെന്നു ഡൽഹി സർക്കാറും വ്യക്തമാക്കി. ഡൽഹി മെട്രോ 61 അധിക സർവീസുകൾ ആരംഭിക്കും. പല വിദേശ രാജ്യങ്ങളിലും അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന്റെ ഭാഗമായി ഈ പദ്ധതി നടപ്പാക്കിയിരുന്നു. ഈ മാതൃക പിന്തുടർന്നാണ് 2016ൽ ഡൽഹിയിൽ നടപ്പാക്കിയത്. ഇന്ത്യയിൽ ഡൽഹിയിൽ മാത്രമാണ് ഇതുവരെ പദ്ധതി നടപ്പാക്കിയിട്ടുള്ളത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഡൽഹി അതി രൂക്ഷമായ അന്തരീക്ഷമലിനീകരണമാണ് അനുഭവിക്കുന്നത്.