മഹാരാഷ്ട്രയില്‍ പ്രതിസന്ധി തുടരുന്നു; ഒറ്റക്ക് സര്‍ക്കാറുണ്ടാക്കാനുള്ള ശേഷിയുണ്ടെന്ന് ശിവസേന

Posted on: November 1, 2019 12:40 pm | Last updated: November 1, 2019 at 2:23 pm

മുംബൈ: മഹാരാഷ്ട്രയില്‍ ബി ജെ പിയോടുള്ള നിലപാട് കൂടുതല്‍ കടുപ്പിച്ച് സഖ്യ കക്ഷിയായ ശിവസേന. തങ്ങള്‍ തീരുമാനിച്ചാല്‍ സംസ്ഥാനത്ത് ശിവസേനയുടെ മുഖ്യമന്ത്രി അധികാരത്തില്‍ വരുമെന്ന് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് സഞ്ജയ് റൗത്ത് പറഞ്ഞു. സേന തീരുമാനിച്ചാല്‍ സ്ഥിരതയുള്ള സര്‍ക്കാറുണ്ടാക്കുന്നതിന് ആവശ്യമായ എം എല്‍ എമാരെ കണ്ടെത്താനാകും. അധികാരം തുല്യ നിലയില്‍ പങ്കിടാനുള്ള ജനവിധിയാണ് തിരഞ്ഞെടുപ്പില്‍ ഉണ്ടായിട്ടുള്ളത്. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ബി ജെ പിയുമായി ഇതുവരെ ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് മാധ്യമ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ രൂപവത്കരണത്തിന് ബി ജെ പിക്ക് അന്ത്യശാസനമൊന്നും നല്‍കുന്നില്ലെന്നും അവരെല്ലാം വലിയ ആളുകളാണെന്നും റൗത്ത് പ്രതികരിച്ചു.

288 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ബി ജെ പി 105 സീറ്റുകളില്‍ വിജയിച്ചിരുന്നു. ശിവസേനക്ക് 56 പേരെ ജയിപ്പിക്കാനായി. മുഖ്യമന്ത്രി സ്ഥാനം രണ്ടര വര്‍ഷത്തെ പരിധി വച്ച് പങ്കിടണമെന്നും മന്ത്രിസഭാ വകുപ്പുകളില്‍ പകുതി തങ്ങള്‍ക്കു നല്‍കണമെന്നുമാണ് ശിവസേന മുന്നോട്ടു വച്ചിട്ടുള്ള ആവശ്യം. രണ്ട് ആവശ്യങ്ങളും തള്ളിക്കളഞ്ഞ ബി ജെ പി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.