Connect with us

Kerala

കോളജില്‍ പരിപാടിക്കെത്തിയ നടനെ സംവിധായകന്‍ അപമാനിച്ച സംഭവം: ഫെഫ്ക വിശദീകരണം തേടി

Published

|

Last Updated

കൊച്ചി: പാലക്കാട് ഗവ. മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ഥി യൂണിയന്‍ പരിപാടിക്കെത്തിയ നടന്‍ ബിനീഷ് ബാസ്റ്റിനെ അപമാനിച്ചെന്ന പരാതിയില്‍ സംവിധായകന്‍ അനില്‍ രാധാകൃഷ്ണ മേനോനോട് വിശദീകരണം തേടിയതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍. സംഭവം ഗൗരവതരമാണെന്നും നടപടി സ്വീകരിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ഉടന്‍ തീരുമാനിക്കുമെന്നും ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

തന്റെ സിനിമയില്‍ അവസരം ചോദിച്ചു നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ രാധാകൃഷ്ണ മേനോന്‍ കോളജ് അധികൃതരെ അറിയിച്ചതായാണ് ബിനീഷിന്റെ ആരോപണം. സംവിധായകന്റെ നിലപാടിനെ തുടര്‍ന്ന് വൈകി
വന്നാല്‍ മതിയെന്ന്‌ ബിനീഷിനോട് കോളജ് യൂണിയന്‍ ഭാരവാഹികളും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടതായും പറയുന്നു. വിളിച്ചു വരുത്തി അപമാനിക്കുകയാണുണ്ടായതെന്ന് പറഞ്ഞ ബിനീഷ് കരഞ്ഞുകൊണ്ടാണ് വേദി വിട്ടത്.

പരിപാടിക്ക് കുറച്ചു സമയം മുമ്പാണ് പ്രിന്‍സിപ്പലും യൂണിയന്‍ ചെയര്‍മാനും മറ്റും ബിനീഷ് താമസിക്കുന്ന ഹോട്ടലിലെത്തി ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് ഒരു മണിക്കൂറിനു ശേഷം എത്തിയാല്‍ മതിയെന്ന് പറഞ്ഞതത്രെ. കാരണം ചോദിച്ചപ്പോള്‍ മാഗസിന്‍ പ്രകാശനത്തിന് വരാമെന്നേറ്റ അനില്‍ രാധാകൃഷ്ണ മേനോന്‍ ബിനീഷ് വേദിയിലുണ്ടെങ്കില്‍ ഇറങ്ങിപ്പോകുമെന്ന് പറഞ്ഞതായി മറുപടി നല്‍കിയതായും നടന്‍ പറയുന്നു. എന്നാല്‍, ഇത് കൂസാതെ കോളജിലെത്തിയ ബിനീഷ് പ്രതിഷേധ സൂചകമായി വേദിയിലെ തറയില്‍ കുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ഇറങ്ങിവരണമെന്നും ഇല്ലെങ്കില്‍ പോലീസിനെ വിളിക്കുമെന്നും പ്രിന്‍സിപ്പല്‍ ഭീഷണി മുഴക്കി.

എനിക്ക് സംസാരിക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെട്ട ബിനീഷ് ജീവിതത്തില്‍ ഏറ്റവും വലിയ മനപ്രയാസം അനുഭവിക്കേണ്ടി വന്ന ദിവസമാണിതെന്ന് പറഞ്ഞു. സാധാരണക്കാരനായ ഞാന്‍ ഗസ്റ്റാകുന്ന വേദിയില്‍ അനിലേട്ടന്‍ കയറില്ലെന്ന് പറഞ്ഞതായാണ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ എന്നോടു പറഞ്ഞത്. ഞാന്‍ മേനോനല്ല. ദേശീയ അവാര്‍ഡ് വാങ്ങിച്ച ആളല്ല. എനിക്ക് വിദ്യാഭ്യാസമില്ല. അതുകൊണ്ട് ഞാന്‍ എഴുതിക്കൊണ്ടുവന്നത് വായിക്കുകയാണ്. തുടര്‍ന്ന് ബിനീഷ് കുറിപ്പ് വായിക്കുകയും വേദി വിടുകയുമായിരുന്നു.

Latest