Connect with us

Gulf

പ്രധാന മന്ത്രിയുടെ രണ്ടാം സഊദി സന്ദര്‍ശനം ഇന്ത്യ-സഊദി ബന്ധത്തിന് കൂടുതല്‍ കരുത്തേകും

Published

|

Last Updated

റിയാദ്: പ്രധാന മന്ത്രി നരേദ്ര മോദിയുടെ രണ്ടാം സഊദി സന്ദര്‍ശനത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും വര്‍ധിച്ചു വരുന്ന ബന്ധത്തെ കിരീടവകാശി അഭിനന്ദിച്ചു. പ്രധാന മന്ത്രി 2016 ഏപ്രിലില്‍ റിയാദ് സന്ദര്‍ശിച്ചതിനു ശേഷം വിവിധ മേഖലകളിലെ ഉഭയകക്ഷി സഹകരണത്തില്‍ ഉണ്ടായ പുരോഗതിയെയും ഇരു രാജ്യങ്ങളും പ്രശംസിച്ചു.

തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തമാക്കുകയും സൗഹൃദ രാജ്യങ്ങളുടെയും ജനങ്ങളുടെയും നന്മയ്ക്കായി വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുനും ധാരണയായിട്ടുണ്ട്. തന്ത്രപ്രധാനമായ പതിനൊന്ന് കരാറുകളിലാണ് പ്രധാനമന്ത്രി മോദിയും സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനും ഒപ്പുവെച്ചിരിക്കുന്നത്. തങ്ങളുടെ ബന്ധങ്ങള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള തന്ത്രപരമായ പങ്കാളിത്ത കൗണ്‍സില്‍ കരാറില്‍ ഒപ്പുവെച്ചത്‌ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വാണിജ്യ ബന്ധങ്ങള്‍ക്ക് കൂടുതല്‍ കരുത്തേകുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നയതന്ത്ര സഖ്യ കരാറില്‍ കൗണ്‍സില്‍ ഒപ്പുവച്ചതിലും ഇരു രാജ്യങ്ങളും സംതൃപ്തി പ്രകടിപ്പിച്ചു.

ഊര്‍ജ മേഖലയിലെ സഹകരണം, സുരക്ഷാ സഹകരണം, മയക്കുമരുന്ന്, പ്രതിരോധം, പ്രതിരോധ മേഖലാ വ്യവസായങ്ങള്‍, ഗവേഷണം, വികസനം, സാങ്കേതികവിദ്യ എന്നിവയിലെ സഹകരണം, സിവില്‍ ഏവിയേഷന്‍, ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്‌സ് ലിമിറ്റഡും (ഐ എസ് പി ആര്‍ എല്‍) സഊദി അരാംകോയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചു. സുപ്രധാന കരാറായ നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചും (എന്‍ എസ്ഇ) സഊദി സ്റ്റോക്ക് എക്സ്ചേഞ്ചും (തദാവുല്‍) തമ്മിലുള്ള സഹകരണത്തിനുള്ള ധാരണാപത്രത്തിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്

കൂടുതല്‍ വിമാന സര്‍വീസ്
പുതിയ കരാറിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുന്ന വ്യോമയാന കരാറില്‍ ഒപ്പുവെച്ചത് സഊദിയിലെ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നുണ്ട്. ഹജ്ജ് -ഉംറ തീര്‍ഥാടകര്‍ക്ക് ഇത് കൂടുതല്‍ സഹായകരമാവും. നിലവില്‍ കണക്ഷന്‍ ഫ്ളൈറ്റുകള്‍ വഴി മണിക്കൂറുകള്‍ യാത്ര ചെയ്താണ് മിക്ക സംസ്ഥാനങ്ങളിലെയും ഉംറ തീര്‍ഥാടകര്‍ സഊദിയിലെത്തുന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയിലെ വിമാന സര്‍വീസുകളുടെ എണ്ണം കൂട്ടാനും കരാറില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് നേരിട്ടുള്ള അന്താരാഷ്ട്ര സര്‍വീസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാവുന്നതോടെ സഊദിയില്‍ നിന്ന് കേരളത്തിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ടാവും

റുപേ കാര്‍ഡ് ഇനി സഊദിയിലും
ഇന്ത്യയും സഊദിയും റുപേ കാര്‍ഡ് ഉപയോഗിക്കുന്നത്തിനുള്ള ധാരണയിലെത്തി. ഇതോടെ ഇന്ത്യയുടെ റുപേ കാര്‍ഡ് ഉപയോഗിക്കാന്‍ സാധിക്കുന്ന മൂന്നാമത്തെ ഗള്‍ഫ് രാജ്യമായി സഊദി മാറി. നേരത്തെ യു എ ഇയും ബഹ്റൈനും റുപേ കാര്‍ഡിനെ അംഗീകരിച്ചിരുന്നു. ഇന്ത്യയില്‍ നിന്നും ഹജ്ജിനും ഉംറയ്ക്കുമെത്തുന്ന തീര്‍ഥാടകര്‍ക്ക് ഇടപാട് നടത്തുന്നതിന് ഉപകാരപ്പെടുമെന്നതിനാല്‍ സാമ്പത്തിക രംഗത്ത് മാറ്റങ്ങള്‍ക്ക് ഇത് വഴിയൊരുക്കും. വൈകീട്ട് കിരീടാവകാശി ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുത്താണ് പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങിയത്.

---- facebook comment plugin here -----

Latest