Connect with us

Gulf

പ്രധാനമന്ത്രി ഇന്ന് റിയാദിൽ; നിരവധി കരാറുകളിൽ ഒപ്പിടും

Published

|

Last Updated

റിയാദ് : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി തിങ്കളാഴ്ച സഊദിയിലെത്തും. തിങ്കളാഴ്ച രാത്രി സഊദി തലസ്ഥാനമായ റിയാദിലെത്തുന്ന പ്രധമന്ത്രിയെ ഔദ്യോഗിക ബഹുമതികളോടെ സ്വീകരിക്കും. ഇന്ത്യയും സഊദിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ യാത്ര.

സഊദി ഭരണാധികാരിയും തിരുഗേഹങ്ങളുടെ സൂക്ഷിപ്പുകാരനുമായ സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ എന്നിവരുമായും കൂടിക്കാഴ്ച നടത്തും.

പ്രധാനമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി അജിത് ഡോവല്‍ കഴിഞ്ഞ ദിവസം സഊദി അറേബ്യ സന്ദര്‍ശിച്ചിരുന്നു. മോദിയുടെ സന്ദര്‍ശനത്തിന് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായിരുന്നു ഡോവലിന്റെ യാത്ര. സഊദിയിലെത്തിയ ഡോവൽ കശ്മീര്‍ ഉള്‍പ്പെടെ വിഷയങ്ങൾ സഊദി കിരീടവകാശിയുമായി ചര്‍ച്ച നടത്തിയിരുന്നു. സഊദി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മുസൈദ് അല്‍ ഐബാനുമായും ചർച്ച നടത്തിയിരുന്നു . കശ്മീരിന്‍ പ്രത്യേക പദവി ഒഴിവാക്കിയതിന് ശേഷമുള്ള ആദ്യ സഊദി സന്ദർശനം കൂടിയാണിത്.

2016ലാണ് ആദ്യമായി പ്രധാനമന്ത്രി മോദി സഊദിയിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സഊദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ആധുനിക സഊദിയുടെ സ്ഥാപകന്‍ അബ്ദുളസീസ് അല്‍ സൗദിന്റെ പേരിലുള്ള ബഹുമതി നല്‍കി ആദരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ ഏറെ സഹായകമായിരുന്നു അന്നത്തെ സന്ദര്‍ശനം.