Connect with us

Kerala

കൂടത്തായി കൂട്ടക്കൊലപാതകം: ജോളിയേയും ഷാജുവിനേയും പോലീസ് ചോദ്യം ചെയ്യുന്നു

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യപ്രതി ജോളിയേയും രണ്ടാംഭര്‍ത്താവ് ഷാജുവിനേയും കേസ് അന്വേഷിക്കുന്ന പോലീസിന്റെ പ്രത്യേക സംഘം ചോദ്യം ചെയ്യുന്നു. ഇവര്‍ക്ക് പുറമെ ഷാജുവിന്റെ പിതാവ് സഖറിയാസിനേയും ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിട്ടുണ്ട്. വടകര തീരദേശ പോലീസ് സ്‌റ്റേഷനില്‍വെച്ചാണ് ഇരുവരേയും ചോദ്യം ചെയ്യുന്നത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണവുമായി ബന്ധപ്പെട്ട് ജോളി നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സിലിയുടെ മരണത്തെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്നാണ് ജോളി അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരിക്കുന്നത്.

ചൊവ്വാഴ്ച 12 മണിക്കൂറോളം നീണ്ടുനിന്ന ചോദ്യം ചെയ്യലില്‍ ജോളിയില്‍നിന്ന് നിര്‍ണായകവിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചുവെന്നാണ് സൂചന. താനും ഷാജുവുമായുള്ള ബന്ധത്തെ സിലി പലതവണ ചോദ്യം ചെയ്തിരുന്നെന്ന് പോലീസിനോടു ജോളി പറഞ്ഞു.സിലിയെ കൊലപ്പെടുത്തിയ ശേഷം എവരിതിങ് ഈസ് ക്ലിയര്‍ എന്ന് ഷാജുവിന് ഫോണില്‍ സന്ദേശമയച്ചതായി ജോളി മൊഴി നല്‍കിയിരുന്നു.

ആദ്യഭര്‍ത്താവ് റോയ് തോമസിന്റെ മരണശേഷം ഷാജുവിന്റെ പുലിക്കയത്തെ വീട്ടില്‍ ജോളി നിത്യസന്ദര്‍ശകയായിരുന്നു. കൂടാതെ ഷാജുവും ജോളിയും തമ്മില്‍ പണമിടപാടുകളും ഉണ്ടായിരുന്നു. ഇക്കാര്യങ്ങളില്‍ സിലി പലതവണ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതാണ് സിലിയോട് ദേഷ്യം തോന്നാനും പിന്നീട് അത് പകയായി വളരാനും കാരണമായത്.

ആല്‍ഫൈനോടും സിലിയോടും ഷാജുവിന് ഏറെ അടുപ്പമുണ്ടായിരുന്നു. ഇവര്‍ ഇരുവരും ഇല്ലാതായാല്‍ മാത്രമേ തനിക്ക് ഷാജുവിന് ലഭിക്കൂവെന്ന ചിന്തയിലാണ് സിലിയെയും ആല്‍ഫൈനെയും കൊലപ്പെടുത്തിയത്. ആല്‍ഫൈന്റെ മരണത്തിനു പിന്നാലെ സിലിയും കൊല്ലപ്പെടുമെന്ന് ഷാജുവിന് അറിയാമായിരുന്നുവെന്നും ജോളി മൊഴില്‍നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ കൊല്ലപ്പെട്ട സിലിയുടെ ആഭരണങ്ങള്‍ ഷാജുവിന് നല്‍കിയതായി ജോളി മൊഴി നല്‍കിയിരുന്നുവെങ്കിലും ഷാജു ഇക്കാര്യം നിഷേധിച്ചിരുന്നു.