Connect with us

Malappuram

പുതിയ നിയമാവലി നടപ്പാക്കാനൊരുങ്ങി സഊദി ഉംറ വിസ: മഹ്‌റം വ്യവസ്ഥ റദ്ദാക്കുന്നു

Published

|

Last Updated

എടക്കര: ഉംറ സർവീസിന് പുതിയ നിയമാവലി നടപ്പാക്കാനൊരുങ്ങി സഊദി ഹജ്ജ്-ഉംറ മന്ത്രാലയം. വിദേശ വനിതകൾക്ക് ഉംറ വിസ അനുവദിക്കുന്നതിന് പ്രായപൂർത്തിയായ അടുത്ത ബന്ധുവായ പുരുഷൻ (മഹ്‌റം) ഒപ്പം ഉണ്ടായിരിക്കണമെന്നാണ് നിലവിലെ വ്യവസ്ഥ. സുപ്രധാനമായ ഈ നിയമം റദ്ദാക്കാനൊരുങ്ങുകയാണ് മന്ത്രാലയം.

കഴിഞ്ഞ ദിവസം ഉംറ സർവീസ് കമ്പനി ഉടമകളും ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് സ്വാലിഹ് ബിൻതനും നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ടൂറിസ്റ്റ് വിസകളിലെത്തുന്ന വിദേശ വനിതകൾക്ക് മഹ്‌റമില്ലാതെ തന്നെ ഉംറ നിർവഹിക്കുന്നതിന് നേരത്തേ അനുമതിയുണ്ട്. ഇത്തരത്തിൽ വിദേശ വനിതകൾക്കും ഉംറ വിസ അനുവദിക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ ഉംറ സർവീസ് കമ്പനി ഉടമകൾ മന്ത്രിക്ക് മുന്നിൽ ഉന്നയിച്ചിരുന്നു. നിലവിൽ ഉംറ വിസ സ്റ്റാമ്പ് ചെയ്യണമെങ്കിൽ അടുത്ത ബന്ധുക്കൾ നിർബന്ധമാണ്. മഹ്‌റം വ്യവസ്ഥ റദ്ദാക്കുന്നതിലൂടെ ഇത് ഒഴിവാകും.

പ്രായവ്യത്യാസമില്ലാതെ വനിതകൾക്ക് ഉംറ വിസ അനുവദിക്കുന്നതിനുള്ള മഹ്‌റം വ്യവസ്ഥ റദ്ദാക്കൽ അടക്കം 11 കാര്യങ്ങൾ ഹജ്ജ്-ഉംറ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയായി. വിഷൻ-2030 പദ്ധതി ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ ഉംറ സർവീസ് കമ്പനികൾ അടക്കമുള്ള സ്വകാര്യ മേഖല വഹിക്കുന്ന പങ്ക് പ്രശംസനീയമാണെന്നും അതേസമയം ഉംറ സർവീസ് കമ്പനികളുടെ സേവന നിലവാരം മെച്ചപ്പെടുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഉംറ സർവീസ് കമ്പനികളുടെ പാക്കേജുകളും ഹോട്ടൽ മുറികളും ഹജ്ജ്-ഉംറ മന്ത്രാലയം പുറത്തിറക്കിയ പോർട്ടൽ വഴി പ്രദർശിപ്പിക്കുക, മുൻകൂട്ടി ബസ് ടിക്കറ്റ് ബുക്ക് ചെയ്യണം എന്ന വ്യവസ്ഥയിൽ നിന്ന് കരമാർഗം വരുന്ന വിദേശ തീർഥാടകരെ ഒഴിവാക്കൽ, ടൂറിസ്റ്റ് വിസകളിൽ എത്തുന്ന വിദേശികൾക്ക് മുന്നിൽ എയർപോർട്ടിൽ വെച്ച് ഉംറ പാക്കേജുകൾ വിപണനം നടത്തുന്നതിന് അവസരമൊരുക്കൽ, തീർഥാടകർക്കും ഉംറ സർവീസ് കമ്പനികൾക്കുമിടയിൽ ഇ-കരാർ നടപ്പാക്കുക, ഉംറ പാക്കേജുകൾ ദീർഘിപ്പിക്കുന്നതിനും പാക്കേജുകൾ ഭേദഗതികൾ വരുത്തുന്നതിനും അനുവദിക്കുക, ഓൺ അറൈവൽ ടൂറിസ്റ്റ് വിസയും ഇ-വിസയും അനുവദിക്കുന്ന 49 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 410 റിയാലിന് ഹെൽത്ത് ഇൻഷ്വറൻസ് അടക്കം ഉംറ വിസ അനുവദിക്കുക, ഉംറ പാക്കേജ് നിരക്കുകൾ മണി ട്രാൻസ്ഫർ സംവിധാനം വഴി അടക്കണമെന്ന വ്യവസ്ഥയിൽ നിന്ന് നിയമാനുസൃത മണി ട്രാൻസ്ഫർ സംവിധാനമില്ലാത്ത രാജ്യങ്ങളിൽ നിന്നുള്ള തീർഥാടകരെ ഒഴിവാക്കുക തുടങ്ങിയ മാറ്റങ്ങളാണ് നടപ്പാക്കാനൊരുങ്ങുന്നത്.

Latest