Connect with us

National

ട്രെയിൻ വൈകി; യാത്രക്കാർക്ക് നഷ്ടപരിഹാരം

Published

|

Last Updated

ലക്‌നോ: ഇന്ത്യൻ റെയിൽവേയുടെ 150 വർഷത്തെ ചരിത്രത്തിലാദ്യമായി ട്രെയിൻ വൈകിയതിന് യാത്രക്കാരന് നഷ്ടപരിഹാരം ലഭിക്കുന്നു.
സ്വകാര്യ കമ്പനി സർവീസ് നടത്തുന്ന ലക്‌നോ- ന്യൂഡൽഹി തേജസ് എക്‌സ്പ്രസ് വൈകിയതിനാണ് ഓരോ യാത്രക്കാരനും 250 രൂപ വീതം ലഭിക്കുക. വെള്ളിയാഴ്ച രാത്രി ലക്‌നോ ജംഗ്ഷനിൽ കൃഷക് എക്‌സ്പ്രസ് പാളം തെറ്റിയതിനെ തുടർന്നാണ് ഇരു ദിശയിലേക്കുമുള്ള തേജസ് എക്‌സ്പ്രസ് ട്രെയിനുകൾ രണ്ട് മണിക്കൂറിലേറെ വൈകിയത്. ലക്‌നോയിൽ നിന്ന് 451 യാത്രക്കാരും ഡൽഹിയിൽ നിന്ന് 500 യാത്രാക്കാരുമാണ് ട്രെയിനിലുണ്ടായിരുന്നത്. മൊത്തം 951 യാത്രക്കാരുടെ നഷ്ടപരിഹാര തുക 2,37,750 രൂപയാകും.

ഐ ആർ സി ടി സിയുടെ വെബ്‌സൈറ്റ് സന്ദർശിച്ചാണ് വൈകിയ ട്രെയിനുകളിലെ യാത്രക്കാർ നഷ്ടപരിഹാരം ആവശ്യപ്പെടേണ്ടത്. ഓരോ യാത്രക്കാരന്റെ നമ്പറിലേക്കും കമ്പനി ലിങ്ക് അയച്ചിട്ടുണ്ട്. വൈകിയ സമയത്ത് യാത്രക്കാരുടെ മുഷിപ്പ് മാറാനായി ചായയും ഭക്ഷണവും വൈകിയതിനുള്ള ക്ഷമാപണം കാണിക്കുന്ന സ്റ്റിക്കറുകളുമെല്ലാം വിതരണം ചെയ്തിരുന്നു.

നിശ്ചിത സമയത്തിന് ലക്ഷ്യസ്ഥാനത്ത് എത്തിയില്ലെങ്കിലാണ് യാത്രക്കാർക്ക് തേജസ് ട്രെയിൻ നഷ്ടപരിഹാരം നൽകുക. ഈ മാസം ആദ്യമാണ് ഐ ആർ സി ടി സി തേജസിന്റെ സർവീസ് ഏറ്റെടുത്തത്. ആഡംബര ശ്രേണിയിലെ ട്രെയിനാണിത്. സ്വകാര്യ കമ്പനി സർവീസ് ഏറ്റെടുത്തതിനാലാണ് വൈകിയാൽ നഷ്ടപരിഹാരം എന്ന പദ്ധതി ഏർപ്പെടുത്തിയത്. രാജ്യത്തെ 150 ട്രെയിൻ സർവീസുകൾ സ്വകാര്യ കമ്പനികൾക്ക് നൽകാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.

Latest