Connect with us

Eduline

നാഷനല്‍ ബിസിനസില്‍ എം ബി എ പ്രോഗ്രാം

Published

|

Last Updated

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന് കീഴില്‍ കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് നടത്തുന്ന ഇന്റര്‍നാഷനല്‍ ബിസിനസില്‍ എം ബി എ പ്രോഗ്രാമിന് അപേക്ഷിക്കാം. അന്താരാഷ്ട്ര വ്യാപാരബന്ധം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഏറെ ജോലി സാധ്യതയുള്ളതാണ് കോഴ്‌സ്. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ന്യൂഡല്‍ഹി, കൊല്‍ക്കത്ത, കാക്കിനാട (ആന്ധ്രാപ്രദേശ്) കാമ്പസുകളിലായി നടത്തുന്ന കോഴ്‌സിനു ബിരുദധാരികള്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 45 ശതമാനം. പ്രായപരിധി ഇല്ല.

ഡിസംബര്‍ ഒന്നിനു നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സിക്കാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍: ആലപ്പുഴ, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂര്‍. കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് ഇംഗ്ലീഷ് കോംപ്രിഹെന്‍ഷന്‍, ലോജിക്കല്‍ റീസണിംഗ്, ജനറല്‍ നോളജ്, ക്വാണ്ടിറ്റേറ്റീവ് അനാലിസിസ് എന്നീ മേഖലകളില്‍ നിന്നുള്ള ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.

എഴുത്തു പരീക്ഷയക്ക് പുറമെ ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ, ഉപന്യാസ രചന എന്നിവയും നടത്തും. ഇത് അടുത്ത ജനുവരിയിലോ ഫെബ്രുവരിയിലോ ബംഗളൂരു, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ഹൈദരാബാദ്, ലക്‌നോ, മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നടക്കും.
ജനറല്‍ മാനേജ്‌മെന്റ്ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തില്‍ വിദേശ ഇന്ത്യാക്കാരുടെ മക്കള്‍ക്കും പ്രവേശനം നല്‍കും. 7,85,000 രൂപയാണ് വാര്‍ഷിക ട്യൂഷന്‍ ഫീസ്. ഓണ്‍ലൈനായി ഒക്‌ടോബര്‍ 25നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 2000 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 1000 രൂപ. വെബ്‌സൈറ്റ്: www.nta.ac.in, iift.nta.nic.in ഫോണ്‍: 01206895200.