Connect with us

Kerala

തളരാതെ, പതറാതെ മുന്നോട്ട്; 96ാം പിറന്നാള്‍ ആഘോഷിച്ച് ജനനായകന്‍

Published

|

Last Updated

തിരുവനന്തപുരം: രാജ്യത്തെ തലമുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വി എസ് അച്യുതാനന്ദന്‍ ഇന്ന് 96ാം പിറന്നാള്‍ ആഘോഷിച്ചു. കവടിയാറിലെ ഔദ്യോഗിക വസതിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് മുറിച്ച് ആര്‍ഭാടരഹിതമായി ആയിരുന്നു ആഘോഷം. വട്ടിയൂര്‍ക്കാവിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി വി കെ പ്രശാന്ത് വി എസിന് ആശംസകള്‍ നേരാനും ആശീര്‍വാദം ഏറ്റുവാങ്ങാനുമായി എത്തി. നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരുമായി നിരവധി പേര്‍ ആശംസ നേരാന്‍ വി എസിന്റെ വസതിയിലെത്തി. പലരും ഉപഹാരങ്ങള്‍ നല്‍കി. എല്ലാവര്‍ക്കും വി എസ് നന്ദി അറിയിച്ചു.

1923 ഒക്ടോബര്‍ 20ന് വേലിക്കകത്ത് ശങ്കരന്റെയും അക്കമ്മയുടെയും മകനായി ജനിച്ച വി എസ് 1946ല്‍ പുന്നപ്ര വയലാര്‍ സമരത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. സമരത്തില്‍ പോലീസിന്റെ ക്രൂര മര്‍ദനത്തിന് വിധേയനായി. 196ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സി പി എമ്മിനൊപ്പം നിലകൊണ്ടു. സി പി എം സംസ്ഥാന സെക്രട്ടറി, സംസ്ഥാന മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ഇടതു മുന്നണി കണ്‍വീനര്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനാണ്. പ്രായത്തിന്റെ അവശതകളുണ്ടായിട്ടും സംസ്ഥാനത്ത് തിങ്കളാഴ്ച നടക്കുന്ന ഉപ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളിലും വി എസ് പങ്കെടുത്തിരുന്നു.