കുട്ടികളിലെ അര്‍ബുദവും ലക്ഷണങ്ങളും

അസോഷ്യേറ്റ് പ്രൊഫസർ, പീഡിയാട്രിക് പുഷ്പഗിരി മെഡിക്കൽ കോളജ്
Posted on: October 17, 2019 3:24 pm | Last updated: October 21, 2019 at 12:32 pm

കുട്ടികളിലെ ക്യാൻസർ നേരത്തേ കണ്ടുപിടിച്ചാൽ ചികിത്സിച്ച് ഭേദമാക്കാൻ കഴിയും. ലക്ഷണങ്ങൾ കണ്ടാലുടൻ ഡോക്ടറെ കാണുകയും വിദഗ്ധ ചികിത്സ ലഭ്യമാക്കുകയും വേണം. ലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് രോഗം പ്രാരംഭഘട്ടത്തിൽ തന്നെ മനസ്സിലാക്കാൻ കഴിയാത്തതാണ് പലപ്പോഴും കുഞ്ഞിന്റെ ജീവൻ അപഹരിക്കപ്പെടുന്നതിന് കാരണം. കുട്ടികളിലുണ്ടാകുന്ന വിവിധ അർബുദങ്ങളും കാരണങ്ങളും മനസ്സിലാക്കാം.

രക്താർബുദം

കുട്ടികൾക്കുണ്ടാകുന്ന അർബുദത്തിന്റെ മൂന്നിൽ ഒരു ഭാഗവും രക്താർബുദമാണ്. രോഗം ആരംഭിക്കുന്നത് എല്ലുകൾക്കുള്ളിലെ മജ്ജയിലാണ്. പൂർണ വളർച്ച പ്രാപിക്കാത്ത ശ്വേതരക്താണുക്കൾ മജ്ജക്കുള്ളിൽ പെരുകുന്നതാണ് രോഗകാരണം. മജ്ജയുടെ സാധാരണ പ്രവർത്തനം തകരാറിലാകുന്നതോടെ രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നു. വിളർച്ച. രക്തസ്രാവം, വിട്ടുമാറാത്ത പനി, എല്ലുകൾക്കും സന്ധികൾക്കും വേദന, വീക്കം, കഴലകൾ, പ്ലീഹ, വൃഷ്ണം എന്നിവയുടെ വീക്കം തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. രോഗബാധ ചിലപ്പോൾ ചർമത്തിൽ കാണുന്ന കൊതുക് കടിച്ചതുപോലുള്ള ചുവന്ന കുത്തുകളോ നീലിച്ച വലിയ പാടുകളോ ആകാം. ചിലപ്പോൾ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകാം. അതുമല്ലെങ്കിൽ മൂത്രം, മലം എന്നിവയുടെ കൂടെ രക്തം കലർന്ന് പോകുന്നതും കാണാം. മുകളിൽ പറഞ്ഞ ഒന്നിലധികം രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ രോഗം നിർണയിക്കുന്നതിനുള്ള പരിശോധനകൾ ആവശ്യമാണ്. രക്ത പരിശോധനയിൽ ഹീമോഗ്ലോബിൻ കുറയുക. പ്ലേറ്റ് ലെറ്റ് കുറയുക, വെളുത്ത രക്താണുക്കളുടെ അളവ് കൂടുക(അപൂർവമായി കുറയുകയും ചെയ്യാം) മുതലായവ രക്താർബുദത്തിന്റെ സൂചനകളാണ്. തുടർന്ന് മജ്ജ പരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്.
ഫ്ലോ സൈറ്റോമെട്രി, സൈറ്റോജനിറ്റക്‌സ് എന്നീ പരിശോധനകളിലൂടെ രക്താർബുദത്തെ വീണ്ടും തരംതിരിക്കാനാകും.

പ്രധാനമായും മൂന്ന് തരം രക്താർബുദമാണ് കുട്ടികളിലുണ്ടാകുന്നത്.

1. അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ- കുട്ടികളിലുണ്ടാകുന്ന രക്താർബുദത്തിന്റെ 75 ശതമാനവും ഈ വിഭാഗത്തിൽപ്പെടുന്നതാണ്.

2. അക്യൂട്ട് മയ്ലോയിഡ് ലുക്കീമിയ- ഇത് ചികിത്സയിലൂടെ മാറാൻ ബുദ്ധിമുട്ടുള്ള തരം ക്യാൻസർ ആണ്. കുട്ടികളിൽ ലുക്കീമിയയിൽ 20 ശതമാനം മാത്രമാണ് ഇത് കാണുന്നത്

3. ക്രോണിക് മയ്ലോയിഡ് ലുക്കീമിയയാണ് മൂന്നാമത്തേത്.

ചികിത്സ

അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ ചികിത്സ പ്രധാനമായും കീമോതെറാപ്പി ആണ്. ഇത് രണ്ടരവർഷത്തോളം നീളുന്നതാണ്. ആദ്യത്തെ ഒരു മാസത്തെ മരുന്ന് ചികിത്സ കഴിയുമ്പോൾ തന്നെ 95 ശതമാനം കുട്ടികളിലും രോഗം നിയന്ത്രണത്തിൽ ആയിട്ടുണ്ടാകും. അതിന് ശേഷം അഞ്ച് മാസം കൂടി അടുപ്പിച്ചുള്ള കുത്തിവെപ്പുണ്ട്. പിന്നീട് രണ്ട് വർഷത്തേക്ക് മാസം തോറും ഒരു ഇൻജക്ഷനും ഗുളികയും കൃത്യമായി കഴിക്കണം. കുട്ടിക്ക് ഈ സമയം സ്‌കൂളിൽ പോകാനും പഠനം തുടരാനുമൊക്കെ സാധിക്കും. രണ്ടാമത്തെ വിഭാഗമായ അക്യൂട്ട് മയ് ലോയിഡ് ലുക്കീമിയക്ക് ഉത്തമമായ ചികിത്സ മജ്ജ മാറ്റിവെക്കലാണ്. കീമോതെറാപ്പി ചികിത്സയുടെ ഫലപ്രാപ്തി 30 ശതമാനത്തിൽ താഴെയാണ്.

ബ്രെയിൻ ട്യൂമർ

കുട്ടികളിൽ മുഴയായി കണ്ടുവരുന്ന അർബുദങ്ങളിൽ ഏറ്റവും കൂടുതൽ കാണുന്നത് മസ്തിഷ്‌കത്തിലാണ്. തലവേദനയും ഛർദിയും ഒരു വയസ്സിന് താഴെയുള്ള കുട്ടികളിൽ തലയുടെ വലിപ്പം കൂടുന്നതുമാണ് സാധാരണ ലക്ഷണങ്ങൾ. തലവേദനയും ഛർദിയും ദിവസേന ആവർത്തിക്കുകയാണെങ്കിൽ മാതാപിതാക്കൾ ഗൗരവമായി എടുക്കേണ്ടതും കൂടുതൽ പരിശോധനകൾ നടത്തേണ്ടതുമാണ്. സി ടി, എം ആർ ഐ സ്‌കാനിംഗിലൂടെ കൃത്യമായി രോഗം നിർണയിക്കാനാകും. ഓപറേഷനാണ് പ്രധാന ചികിത്സ. ന്യൂറോ സർജറി വിഭാഗമുള്ള ആശുപത്രികളിൽ ഓപറേഷനുള്ള സൗകര്യമുണ്ടാകും. ശസ്ത്രക്രിയക്കു ശേഷം പതോളജി റിപ്പോർട്ടനുസരിച്ച് റേഡിയേഷനോ കീമോ തെറാപ്പിയോ ചിലപ്പോൾ ഡോക്ടർ നിർദേശിക്കാം.

ലിംഫോമ

ഇത് കഴലകൾക്ക് ഉണ്ടാകുന്ന ക്യാൻസർ ആണ്. കഴലകളുടെ (കഴുത്ത്, കക്ഷം, ഇടുപ്പ്, വയർ, നെഞ്ചിനുള്ളിൽ) വീക്കം ആണ് പ്രധാനപ്പെട്ട രോഗലക്ഷണം.

ലിംഫോമ രണ്ട് തരം ഉണ്ട്

1. ഹോഡ്ജ്കിൻസ് ലിംഫോമ

2. നോൺ ഹോഡ്ജ്കിൻസ് ലിംഫോമ

ഹോഡ്ജ്കിൻസ് ലിംഫോമക്ക് കുടത്ത പനി, ശരീരഭാരം ആറുമാസത്തിനകം 10 ശതമാനത്തിലധികം കുറയൽ എന്നീ ലക്ഷണങ്ങൾ ചിലപ്പോൾ കണ്ടേക്കാം. വീക്കം ബാധിച്ച കഴലയുടെ ബയോപ്‌സി പരിശോധനയിലൂടെ രോഗം കണ്ടെത്താനാകും. കീമോതെറാപ്പിയാണ് പ്രധാന ചികിത്സ. ഹോഡ്ജ്കിൻസ് ലിംഫോമക്ക് ചിലപ്പോൾ റേഡിയേഷൻ ചികിത്സയും വേണ്ടിവന്നേക്കാം. ആരംഭഘട്ടത്തിൽ തന്നെ കണ്ടെത്താനായാൽ 90 ശതമാനം വരെ രോഗനിവാരണം സാധ്യമായേക്കാം.

ന്യൂറോബ്ലാസ്റ്റോമ

ന്യൂറോ ബ്ലാസ്റ്റോമ എന്ന അർബുദം നട്ടെല്ലിന്റെ ഇരുവശത്തും ചെയിൻ പോലെ കാണപ്പെടുന്ന സിംപതെറ്റിക് നെർവസ് സിസ്റ്റത്തിലും വൃക്കകളുടെ തൊട്ട് മുകളിലുള്ള അഡ്രീനാൽ ഗ്രന്ഥിയിലും മുഴ പോലയാണ് ആരംഭിക്കുന്നത്. ഇവ രണ്ടും ശരീരത്തിന്റെ ഉള്ളിൽ ആയതിനാൽ പ്രാരംഭത്തിൽ രോഗലക്ഷണങ്ങൾ ഒന്നും കാണില്ല. ട്യൂമർ വളരുന്നതിനനുസരിച്ച് അടുത്തുള്ള അവയവങ്ങളിലേക്കും എല്ലുകൾ, മജ്ജ, കരൾ എന്നിവിടങ്ങളിലേക്കും രോഗം വ്യാപിക്കുന്നു. പലപ്പോഴും വളരെ വൈകിയ ഘട്ടത്തിലാണ് രോഗം കണ്ടുപിടിക്കാൻ സാധിക്കുക.
വയറിനകത്ത് മുഴ മൂലമുള്ള വയറുവീക്കം, നട്ടെല്ലിനകത്തുള്ള സൂഷുമ്നാ നാഡിയെ ബാധിക്കുമ്പോൾ കാലുകളുടെ ചലനശേഷി കുറയൽ, മലമൂത്ര വിസർജനത്തിനു തടസ്സം എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങൾ.

ബോയോപ്സിയിലൂടെയാണ് രോഗനിർണയം സാധ്യമാകുന്നത്. ശസ്ത്രക്രിയയും കീമോതെറാപ്പിയും ചിലപ്പോൾ റേഡിയേഷനും ചേർന്നുള്ള ചികിത്സയാണ് ഈ രോഗത്തിന് ഉത്തമം. കീമോതെറാപ്പി നൽകി അർബുദം ചുരുങ്ങിയതിന് ശേഷം ശസ്ത്രക്രിയ ചെയ്യലാണ് പതിവ്.

നെഫ്രോബ്ലാസ്റ്റോമ

വൃക്കയെ ബാധിക്കുന്നതാണ് ഈ ക്യാൻസർ. വിൽമസ് ട്യൂമർ എന്നും ഇത് അറിയപ്പെടുന്നു. ചികിത്സയോട് നല്ല രീതിയിൽ പ്രതികരിക്കുന്ന ട്യൂമർ ആയതിനാൽ ജെന്റിൽമാൻ ട്യൂമർ എന്നും അറിയപ്പെടുന്നു. വയറിനുള്ളിൽ കാണപ്പെടുന്ന മുഴ, രക്താതിസമ്മർദം മൂത്രത്തിലൂടെ രക്തം കലർന്ന് പോവുക, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. സ്‌കാനിംഗിലൂടെ രോഗം നിർണയിക്കാം.
ശസ്ത്രക്രിയയും കീമോതെറാപ്പിയുമാണ് പ്രധാന ചികിത്സ. ചില കുട്ടികൾക്ക് റേഡിയേഷനും വേണ്ടിവരും. ഒന്നാംഘട്ടത്തിൽ രോഗം കണ്ടെത്താനായാൽ ചികിത്സാ ഫലപ്രാപ്തി 90-95 ശതമാനം വരെയാണ്.

റെറ്റിനോബ്ലാസ്റ്റോമ

കണ്ണിനകത്തുള്ള റെറ്റിനയെ ബാധിക്കുന്ന അർബുദമാണിത്. രണ്ട് വയസ്സിൽ താഴെയുള്ള കുട്ടികളിലാണിത് കാണപ്പെടുന്നത്. കണ്ണിലെ കൃഷ്ണമണിക്കുള്ളിൽ പ്രകാശം വീഴുമ്പോൾ പൂച്ചക്കണ്ണുപോലെ കാണപ്പെടുന്ന വെളുത്ത നിറമാണ് പ്രധാന രോഗലക്ഷണം. ഇത്തരത്തിൽ സംശയം തോന്നിയാൽ ഉടൻതന്നെ നേത്ര രോഗവിദഗ്‌ധനെ സമീപിക്കേണ്ടതാണ്. വൈകുന്തോറും അർബുദം കണ്ണിന്റെ ഞരമ്പിലേക്കും തലച്ചോറിലേക്കും പടരാനും കാഴ്്ചശക്തി നശിക്കാനും സാധ്യതയുണ്ട്.

അസ്ഥിയെ ബാധിക്കുന്ന ട്യൂമർ

ഒസ്റ്റിയോസാർകോമ, ഇവിംഗ്സ് സാർകോമ എന്നിവയാണ് ബോൺ ട്യൂമറുകളിൽ പ്രധാനം. എല്ലുകളിൽ കാണുന്ന അസാധാരണ മുഴ, ചിലപ്പോൾ വേദന എന്നിവയാണ് ലക്ഷണങ്ങൾ.
ഇവിംഗ്സ് സാർകോമയുടെ പ്രധാന ചികിത്സ ഒരു വർഷം നീണ്ട കീമോതെറാപ്പിയും റേഡിയേഷനും ശസ്ത്രക്രിയയുമാണ്. ഓസ്റ്റിയോ സാർകോമക്ക് കീമോതെറാപ്പിയും ശസ്ത്രക്രിയയുമാണ് വേണ്ടത്.

ക്യാൻസറിനെപറ്റി പൊ തുവെ അജ്ഞരാണ് നമ്മുടെ പൊതുസമൂഹം. മുമ്പത്തേക്കാൾ കുട്ടികളിൽ അർബുദം വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. അൽപ്പം അറിവും ജാഗ്രതയുമുണ്ടെങ്കിൽ കുട്ടികളെ ക്യാൻസറിന് വിട്ടു കൊടുക്കാതെ നമുക്ക് കാക്കാം. സാംക്രമിക രോഗങ്ങൾ കഴിഞ്ഞാൽ കുട്ടികളുടെ മരണത്തിന് ഇപ്പോൾ കൂടുതലായി കാരണമാകുന്നത് ക്യാൻസറാണ്. എന്നാൽ മൊത്തത്തിലുള്ള ക്യാൻസർ രോഗികളിൽ രണ്ട് ശതമാനം മാത്രമാണ് കുട്ടികൾ. ബ്രെയിൻ ട്യൂമർ ഒഴികെ മറ്റെല്ലാ ക്യാൻസറും ചികിത്സയിലൂടെ പൂർണമായും മാറും. ബ്രെയിൻ ട്യൂമർ തുടക്കത്തിലാണെങ്കിൽ ചികിത്സിച്ച് ഭേഗമാക്കാം.

തയ്യാറാക്കിയത്
ടി എസ് നാസില