Connect with us

National

മയക്കുമരുന്ന് വിതരണത്തിന് തടയിടാനൊരുങ്ങി എന്‍ സി ബി; മാഫിയാ തലവന്മാര്‍ക്ക് പിടിവീഴും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തെ മയക്കുമരുന്ന് മാഫിയാ തലവന്മാര്‍ക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍ സി ബി). ഇതിന്റെ ഭാഗമായി ഇന്ത്യയിലെ നൂറോളം മയക്കുമരുന്ന മാഫിയാ തലവന്മാരുടെ പട്ടിക തയാറാക്കാനുള്ള ഒരുക്കത്തിലാണ് എന്‍ സി ബി. മയക്കുമരുന്നുകളുടെയും ലഹരി പദാര്‍ഥങ്ങളുടെയും അനധികൃത കടത്ത് തടയുന്നതിനുള്ള നിയമത്തിനു (പി ഐ ടി എന്‍ ഡി പി എസ്) കീഴിലാണ് എന്‍ സി ബി നടപടിക്കൊരുങ്ങുന്നത്. മുംബൈ, പൂനെ, ഗോവ, ബെംഗളൂരു, ഡല്‍ഹി എന്നിവിടങ്ങളിലെ സിനിമാ മേഖല ഉള്‍പ്പടെ കേന്ദ്രീകരിച്ചായിരിക്കും നാര്‍ക്കോട്ടിക്‌സ് വിഭാഗത്തിന്റെ നീക്കം.

മയക്കുമരുന്ന് വിതരണ ശൃംഖലയെ അതിന്റെ തലപ്പത്തു നിന്നു തന്നെ തകര്‍ക്കുന്നതിനായി രാജ്യത്തെ മയക്കുമരുന്ന് തലവന്മാരെ കണ്ടെത്തുന്നതിന് 14 സോണല്‍ ഡയറക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് എന്‍ സി ബി, ആഭ്യന്തര മന്ത്രാലയ അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ ദശകത്തിലെ പി ഐ ടി എന്‍ ഡി പി എസ് കേസുകളുടെ രേഖകള്‍ പ്രകാരം ചില മയക്കുമരുന്ന് മാഫിയാ തലവന്മാരുടെ പേരുകള്‍ എന്‍ സി ബിക്കും ആഭ്യന്തര മന്ത്രാലയത്തിനും കൈമാറുകയും ഇവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലൂടെയുള്ള ഹെറോയിന്‍ കടത്തില്‍ വന്‍ വര്‍ധനയുണ്ടായതിനെ തുടര്‍ന്നാണ് മയക്കുമരുന്ന് രാജാക്കന്മാര്‍ക്കെതിരായ നടപടികള്‍ ശക്തമാക്കാന്‍ ബന്ധപ്പെട്ടവര്‍ തീരുമാനിച്ചത്. 2018 ആഗസ്റ്റിനു ശേഷം നിയന്ത്രണ രേഖയിലൂടെ കടത്തിയ 180 കിലോഗ്രാമിനടുത്ത് ഹെറോയിന്‍ ആണ് പിടികൂടിയത്. രണ്ടര മുതല്‍ മൂന്നു കോടി വരെയാണ് ഒരുകിലോ ഹെറോയിന് അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വില. ഇന്ത്യയില്‍ 30 മുതല്‍ 50 ലക്ഷം വരെയും. പ്രതിദിനം ഒരു ടണ്‍ ഹെറോയിന്‍ ഇന്ത്യയില്‍ ഉപയോഗിക്കുന്നതായ ഞെട്ടിപ്പിക്കുന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. നൂറു കോടിയിലധികം രൂപയാണ് ഒരു ടണ്‍ ഹെറോയിന് ചെലവ് വരുന്നത്.

അഫ്ഗാനിസ്ഥാന്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് പശ്ചിമ അതിര്‍ത്തിയിലൂടെയും കടല്‍ വഴിയും ഇന്ത്യയിലേക്ക് പ്രധാനമായും മയക്കുമരുന്നുകള്‍ എത്തുന്നത്. ഹെറോയിനു പുറമെ യാബ, മെതഫെറ്റമിന്‍സ്, കെറ്റാമിന്‍സ് തുടങ്ങിയ മയക്കുമരുന്നുകള്‍ മ്യാന്‍മറിലും നിന്നും എത്തുന്നുണ്ട്. ഇസ്‌റാഈല്‍, റഷ്യ, ഇറ്റലി, നൈജീരിയ എന്നിവിടങ്ങളിലെ മാഫിയകളാണ് ഇന്ത്യയിലെ മയക്കുമരുന്ന് വ്യാപാരം നിയന്ത്രിക്കുന്നത്.

അറബിക്കടലിലൂടെ ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നിവിടങ്ങളിലേക്കുള്ള മയക്കുമരുന്ന് കടത്ത് വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ വര്‍ഷം മാത്രം 500 കിലോഗ്രാമിനടുത്ത് ഹെറോയിന്‍ ആണ് ഗുജറാത്ത് തീരത്തു നിന്നും പുറംകടലിലൂടെ സഞ്ചരിച്ചിരുന്ന ഒരു പാക്കിസ്ഥാനി ബോട്ടില്‍ നിന്നുമായി പിടിച്ചെടുത്തത്.
ഇടനിലക്കാരെയും ഉപയോക്താക്കളെയും മാത്രം പിടികൂടുന്നതിന് പകരം രാജ്യത്തെ മയക്കുമരുന്ന് തലവന്മാര്‍ക്കെതിരെ പ്രത്യക്ഷ നടപടി സ്വീകരിക്കാന്‍ സമയമായിരിക്കുകയാണെന്ന് പേര് വെളിപ്പെടുത്തില്ലെന്ന ഉറപ്പില്‍ എന്‍ സി ബിയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

Latest