സിന്‍ഡിക്കേറ്റ് മോഡറേഷന്‍: ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് വൈസ് ചാന്‍സലര്‍

Posted on: October 14, 2019 6:58 pm | Last updated: October 14, 2019 at 6:58 pm

കോട്ടയം: സിന്‍ഡിക്കേറ്റ് മോഡറേഷനുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ വസ്തുതാവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് പറഞ്ഞു. സര്‍വകലാശാല പരീക്ഷ ചട്ടങ്ങളനുസരിച്ചാണ് സിന്‍ഡിക്കേറ്റ് മോഡറേഷന്‍ നല്‍കിയിട്ടുള്ളത്.

ഒരു വിഷയത്തിനു മാത്രം തോറ്റതിനാല്‍ ബി. ടെക് കോഴ്സ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ഒരു വിദ്യാര്‍ഥിനി മോഡറേഷനു വേണ്ടി 2019 ഫെബ്രുവരി 22ന് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നടന്ന ഫയല്‍ അദാലത്തില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ അദാലത്ത് തീരുമാനമൊന്നും കൈക്കൊണ്ടിരുന്നില്ല. ബി.ടെക് കോഴ്സ് എ.പി.ജെ. അബ്ദുള്‍കലാം ടെക്നോളജിക്കല്‍ സര്‍വകലാശാലയിലേക്ക് പൂര്‍ണമായി മാറിയതിനാലും സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ മാത്രം മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ അവശേഷിക്കുന്നതിനാലും ഒരു മാര്‍ക്കിന്റെ കുറവുമൂലം ഒരു വിഷയത്തിനു മാത്രം ജയിക്കാനാകാതെ, കോഴ്സ് പൂര്‍ത്തീകരിക്കാന്‍ കഴിയാതിരിക്കുന്ന സാഹചര്യവും പരിഗണിച്ച് സ്പെഷല്‍ മോഡറേഷന്‍ നല്‍കുന്നതിനായി വിഷയം സര്‍വകലാശാല അക്കാദമിക് കൗണ്‍സിലിന്റെ പരിഗണനയ്ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. അദാലത്തിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകയ്ക്ക് മാര്‍ക്ക് നല്‍കിയിട്ടില്ല.

പെട്ടെന്നുണ്ടായ ഔദ്യോഗിക തിരക്കിനെത്തുടര്‍ന്ന് ബഹു. ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അദാലത്ത് ഉദ്ഘാടനം ചെയ്തത്. ബഹു. മന്ത്രി അദാലത്തില്‍ നേരിട്ട് പങ്കെടുത്തിരുന്നില്ല. ഉന്നതവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അദാലത്തില്‍ പങ്കെടുത്തിരുന്നു. അദാലത്തിന്റെ ഉദ്ഘാടനചടങ്ങില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പങ്കെടുത്തിരുന്നെങ്കിലും അദാലത്തില്‍ പങ്കെടുത്തില്ല. സര്‍വകലാശാല അധികൃതര്‍ ആവശ്യപ്പെട്ടത് അനുസരിച്ച് ആശംസാപ്രസംഗം നടത്തുക മാത്രമാണ് ചെയ്തത്.

ബി.ടെക് കോഴ്സ് എ.പി.ജെ. അബ്ദുള്‍കലാം ടെക്നോളജിക്കല്‍ സര്‍വകലാശാലയിലേക്ക് പൂര്‍ണമായി മാറിയതിനാല്‍ സപ്ലിമെന്ററി വിദ്യാര്‍ഥികള്‍ മാത്രമാണ് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ തുടരുന്നത്. ഒരു വിഷയത്തിനു മാത്രം തോറ്റതുമൂലം ബി.ടെക്. കോഴ്സ് പൂര്‍ത്തീകരിക്കാന്‍ സാധിക്കാത്ത നിരവധി വിദ്യാര്‍ഥികള്‍ സര്‍വകലാശാലയെ സമീപിച്ച സാഹചര്യത്തില്‍ 2019 ഏപ്രില്‍ 30ന് കൂടിയ സിന്‍ഡിക്കേറ്റ് വിഷയം പരിഗണിച്ചു. തുടര്‍ന്ന് ഒരു വിഷയത്തിനു മാത്രം പരാജയപ്പെട്ടതിനാല്‍ ബി.ടെക്. കോഴ്സ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തവര്‍ക്ക് പരമാവധി അഞ്ചു മാര്‍ക്ക് വരെ മോഡറേഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. ഈ സിന്‍ഡിക്കേറ്റ് തീരുമാനം മാധ്യമങ്ങളിലൂടെ വിദ്യാര്‍ഥികളെ അറിയിച്ചിരുന്നു.

സിന്‍ഡിക്കേറ്റ് തീരുമാനം ഒരു വിഷയത്തിനു മാത്രം പരാജയപ്പെട്ടതിനാല്‍ കോഴ്സ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്ത ബി.ടെക് വിദ്യാര്‍ഥികള്‍ക്കെല്ലാം ബാധമാകുന്നതാണ്. നിരവധി വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ആനുകൂല്യം ഇതിനകം ലഭിച്ചിട്ടുണ്ട്. സര്‍വകലാശാല പരീക്ഷ ചട്ടങ്ങള്‍ പ്രകാരമാണ് സിന്‍ഡിക്കേറ്റ് മോഡറേഷന്‍ അനുവദിച്ചത്. ഇതിന് മറ്റ് രീതിയിലുള്ള ഇടപെടലുകളുണ്ടെന്ന ആരോപണം അടിസ്ഥാനരഹിതമാണ്.
പ്രോ വൈസ് ചാന്‍സലര്‍ പ്രൊഫ. സി.റ്റി. അരവിന്ദകുമാര്‍, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ആര്‍. പ്രഗാഷ്, പ്രൊഫ. ടോമിച്ചന്‍ ജോസഫ്, ഡോ. എ. ജോസ്, ഡോ. പി.കെ. പത്മകുമാര്‍, പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ എ. അരുണ്‍കുമാര്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.