Connect with us

Editorial

തുര്‍ക്കി തീക്കളിയിലേക്ക്‌

Published

|

Last Updated

എട്ട് വര്‍ഷമായി ആഭ്യന്തര യുദ്ധം മൂലം പൊറുതി മുട്ടിയ സിറിയക്ക് പുതിയ വെല്ലുവിളിയാണ് തുര്‍ക്കിയുടെ ആക്രമണം. സിറിയയില്‍ നിന്നുള്ള അമേരിക്കന്‍ സേനയുടെ പിന്‍മാറ്റത്തിനു തൊട്ടുപിന്നാലെയാണ് വടക്ക് കിഴക്കന്‍ സിറിയയിലെ തുര്‍ക്കിയുമായി അതിര്‍ത്തി പങ്കിടുന്ന കുര്‍ദിഷ് അധീന മേഖലയായ അമാര്‍നെയില്‍ “ഓപറേഷന്‍ പീസ് സ്പ്രിംഗ്” എന്ന പേരില്‍ തുര്‍ക്കി രൂക്ഷമായ ആക്രമണം ആരംഭിച്ചത്. കുര്‍ദ് സംഘടനയായ പീപ്പിള്‍സ് പ്രൊട്ടക്ഷന്‍ യൂനിറ്റ് (വൈ പി ജി) അംഗങ്ങളെ ലക്ഷ്യമിട്ടാണ് തുര്‍ക്കിയുടെ പടയോട്ടം. വൈ പി ജി ഭീകര സംഘടനയാണെന്നും ഇസിലും ഇവരും തമ്മില്‍ വ്യത്യാസമില്ലെന്നുമാണ് തുര്‍ക്കിയുടെ വാദം. ഇതിനകം നാനൂറോളം കുര്‍ദ് ഭീകരരെ വധിച്ചതായും 14 സിറിയന്‍ ഗ്രാമങ്ങള്‍ കുര്‍ദുകളില്‍ നിന്ന് മോചിപ്പിച്ചതായും തുര്‍ക്കി അവകാശപ്പെട്ടു. സിറിയയുടെ 30 ശതമാനം ഭൂപ്രദേശം വൈ പി ജിയുടെ നേതൃത്വത്തിലുള്ള സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിന്റെ (എസ് ഡി എഫ്) നിയന്ത്രണത്തിലാണ്.

സംയമനം പാലിക്കണമെന്ന നാറ്റോയുടെയും യു എന്നിന്റെയും അഭ്യര്‍ഥന തള്ളിയാണു തുര്‍ക്കി സിറിയയില്‍ ബോംബ് വര്‍ഷിച്ചത്. കുര്‍ദിഷ് വിമതരുടെ സഹകരണത്തോടെ തുര്‍ക്കിയുടെ കര, വ്യോമ സേനകള്‍ നടത്തി വരുന്ന ആക്രമണത്തില്‍ ഇതിനകം സിവിലിയന്മാര്‍ ഉള്‍പ്പെടെ നൂറ്കണക്കിനു പേര്‍ കൊല്ലപ്പെട്ടു. പ്രദേശത്തെ കടകമ്പോളങ്ങളും ആശുപത്രികളും അടഞ്ഞു കിടപ്പാണ്. ജീവരക്ഷാര്‍ഥം മേഖലയില്‍ നിന്ന് ലക്ഷക്കണക്കിനു പേര്‍ പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭാ വൃത്തങ്ങള്‍ അറിയിച്ചു. അതിര്‍ത്തിയില്‍ 5,000ത്തിനും 10,000ത്തിനുമിടയില്‍ തുര്‍ക്കി സൈനികര്‍ നിലയുറപ്പിച്ചിട്ടുള്ളതായാണ് റിപ്പോര്‍ട്ട്. ആഭ്യന്തര യുദ്ധങ്ങളില്‍ വലയുന്ന സിറിയന്‍ ജനത ഈ പുതിയ യുദ്ധമുഖത്തിനു മുന്നില്‍ നിസ്സഹായരായി പകച്ചുനില്‍ക്കുകയാണ്.

2013 മുതല്‍ ഇസില്‍ കൈവശം വെച്ചുവന്ന പ്രദേശമായിരുന്നു അമാര്‍നെ. എസ് ഡി എഫ് ആണ് ശക്തമായ പോരാട്ടത്തിലൂടെ ഇസിലില്‍ നിന്ന് ഈ പ്രേദേശം മോചിപ്പിച്ചത്. അന്ന് പ്രദേശത്ത് നിന്ന് ഇസിലിനെ തുരത്താന്‍ എസ് ഡി എഫിന് തുര്‍ക്കിയും പിന്തുണയും സൈനിക സഹായവും നല്‍കിയിരുന്നു. അന്ന് കുര്‍ദുകളുമായി ചേര്‍ന്ന് ഇസിലിനെ നേരിടുമ്പോഴും ഇസില്‍ പിന്മാറുന്നതോടെ പ്രദേശത്തിന്റെ നിയന്ത്രണം കുര്‍ദുകളുടെ കൈയിലെത്തുമോ എന്ന ആശങ്ക തുര്‍ക്കിക്കുണ്ടായിരുന്നു. ഈ ആശങ്കയാണ് തുര്‍ക്കിയുടെ ഇപ്പോഴത്തെ സൈനിക നടപടിക്ക് പിന്നിലെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. അതേസമയം, ഈ പ്രദേശത്ത് 2,000 ഇസില്‍ ഭീകരര്‍ തടവിലുണ്ടെന്നും ഇവരെ തുരത്താനാണ് ആക്രമണമെന്നുമാണ് തുര്‍ക്കിയുടെ അവകാശവാദം.

ഇസില്‍ ഭീകരര്‍ക്കെതിരായ സിറിയയിലെ പോരാട്ടത്തില്‍ നിര്‍ണായക പങ്കു വഹിച്ച കുര്‍ദ് സേനക്കെതിരായ ആക്രമണത്തെ യൂറോപ്പ് ആശങ്കയോടെയാണ് കാണുന്നത്. ഈ സംഘര്‍ഷം ഒട്ടേറെ ഭീകരര്‍ രക്ഷപ്പെടാന്‍ ഇടയാക്കുമെന്ന് യൂറോപ്പ് കരുതുന്നു. സഊദി അറേബ്യ, കുവൈത്ത്, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഈജിപ്ത്, ഇറാഖ് തുടങ്ങി മുഴുവന്‍ അറബ് രാജ്യങ്ങളും തുര്‍ക്കിയുടെ ആക്രമണത്തെ അപലപിക്കുന്നു. അറബ് ലീഗില്‍ അംഗമായ ഒരു രാജ്യത്തിന്റെ പരമാധികാരത്തിനെതിരായ ആക്രമണമാണ് തുര്‍ക്കിയുടേതെന്നും ഇതൊരു നിലക്കും അംഗീകരിക്കാനാകില്ലെന്നും അറബ് ലീഗ് അസി. സെക്രട്ടറി ജനറല്‍ ഹുസാം സക്കി പറഞ്ഞു. അന്താരാഷ്ട്ര നിയമലംഘനമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ പ്രദേശങ്ങളില്‍ ഇസിലിനെ തുരത്താന്‍ ആഗോള സമൂഹം നടത്തി വരുന്ന ശ്രമങ്ങളെ തുര്‍ക്കിയുടെ ആക്രമണം ദോഷകരമായി ബാധിക്കുമെന്ന് സഊദി കുറ്റപ്പെടുത്തി.
ആക്രമണം അഞ്ച് ദിവസം പിന്നിടവെ തുര്‍ക്കിക്കെതിരെ ഉപരോധ ഭീഷണിയുമായി അമേരിക്ക രംഗത്തു വന്നിട്ടുണ്ട്. യു എസ് വിചാരിച്ചാല്‍ തുര്‍ക്കി സമ്പദ്‌വ്യവസ്ഥയെ പൂര്‍ണമായി തകര്‍ക്കാനാകുമെന്ന് മുന്നറിയിപ്പ് നല്‍കിയ യു എസ് ട്രഷറി സെക്രട്ടറി സ്റ്റീവന്‍, തുര്‍ക്കിക്കെതിരെ ശക്തമായ ഉപരോധം ഏര്‍പ്പെടുത്തുന്നതിന് മാര്‍ഗരേഖ തയ്യാറാക്കാന്‍ ട്രംപ് ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചതായി വ്യക്തമാക്കി. ഉടനടി ഉപരോധം ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തുര്‍ക്കിയുമായുള്ള സൈനിക ഇടപാട് പൂര്‍ണമായി നിര്‍ത്തലാക്കുമെന്ന് ഫ്രാന്‍സ്, ഇറ്റലി, സ്വീഡന്‍ എന്നീ രാജ്യങ്ങളും മുന്നറിയിപ്പ് നല്‍കി. അതേസമയം മറ്റു രാജ്യങ്ങളുടെ ഭീഷണി വകവെക്കാതെ കുര്‍ദുകള്‍ക്കെതിരായ സൈനിക നടപടിയുമായി മുന്നോട്ടു പോകുമെന്നാണ് പ്രസിഡന്റ് ഉര്‍ദുഗാന്‍ കഴിഞ്ഞ ദിവസം തുര്‍ക്കി പാര്‍ലിമെന്റില്‍ പറഞ്ഞത്. അതിര്‍ത്തിയില്‍ നിന്ന് 32 കി.മീറ്റര്‍ ഉള്ളിലേക്ക് കുര്‍ദു ഭീകരര്‍ പോകുന്നത് വരെ ആക്രമണം തുടരും. തങ്ങളുടെ സൈനിക നടപടിയെ തടസ്സപ്പെടുത്തിയാല്‍ രാജ്യത്തെ സിറിയന്‍ അഭയാര്‍ഥികളെ യൂറോപ്പിലേക്കയക്കുമെന്ന് ഉര്‍ദുഗാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 36 ലക്ഷം സിറിയന്‍ അഭയാര്‍ഥികളുണ്ടിപ്പോള്‍ തുര്‍ക്കിയില്‍.

സിറിയയുടെ ഐക്യത്തിനും അഖണ്ഡതക്കും മാത്രമല്ല, അറബ് മേഖലയുടെ തന്നെ സുരക്ഷക്കും സമാധാനത്തിനും ഭീഷണിയാണ് തുര്‍ക്കിയുടെ സൈനിക നീക്കമെന്നതിനാല്‍ അതെത്രയും വേഗത്തില്‍ അവസാനിപ്പിക്കാന്‍ യു എന്നും അറബ് ലീഗും ഇടപെടേണ്ടതുണ്ട്. അമേരിക്കയുടെ ഭാഗത്തു നിന്ന് ഈ ലക്ഷ്യത്തിലൊരു നീക്കം പ്രതീക്ഷിക്കേണ്ടതില്ല. അറബ് രാഷ്ട്രങ്ങളില്‍ ഉടലെടുക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളിലും ആഭ്യന്തര സംഘര്‍ഷങ്ങളിലും ഉള്ളാലേ എന്നും സന്തോഷിച്ചിട്ടേയുള്ളൂ അവര്‍. മാത്രമല്ല, ഇസിലിനെതിരായ സൈനിക നീക്കത്തില്‍ വിശ്വസ്ത കൂട്ടാളികളായിരുന്ന കുര്‍ദുകളെ പാതിവഴിയില്‍ വിട്ടു അമേരിക്ക വടക്കുകിഴക്കന്‍ സിറിയയില്‍ നിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിച്ചത് തുര്‍ക്കിക്ക് ആക്രമണത്തിനുള്ള സൗകര്യമൊരുക്കാനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.