Connect with us

Kerala

സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ പ്രകടന പത്രികയില്‍ പറഞ്ഞതെല്ലാം പൂര്‍ത്തിയാകും: മുഖ്യമന്ത്രി

Published

|

Last Updated

കൊച്ചി: സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങളിലുള്ള ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. തന്റെ സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ എല്‍ ഡി എഫ് പ്രകകടന പത്രികയില്‍ പറഞ്ഞതെല്ലാം പൂര്‍ത്തിയായിരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 600 പദ്ധതികള്‍ അവതരിപ്പിച്ചതില്‍ 53 എണ്ണം മാത്രമാണ് ഇനി നടപ്പാക്കാനുള്ളത്. വര്‍ഷംതോറും സര്‍ക്കാറിന്റെ പ്രവര്‍ത്തനത്തിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചതും പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കിയതും രാജ്യത്ത് ആദ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയില്‍ പൗരപ്രമുഖരുമായുള്ള മുഖാമുഖത്തില്‍ പ്രസംഗിക്കുകയായിരുന്ന അദ്ദേഹം.

യു ഡി എഫ് ഭരണത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ അഴിമതി നടക്കുന്ന സംസ്ഥാനമായിരുന്നു കേരളം. അതുമാറി. അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനമായി. ദേശീയപാത വീതികൂട്ടല്‍ നടക്കില്ലെന്നായിരുന്നു പലരുടെയും ധാരണ. എതിര്‍പ്പുകളുണ്ടായിരുന്നു. മടിച്ചുനിന്നവരെല്ലാം നാടിന്റെ വികസനത്തിനായി സ്ഥലം വിട്ടുനല്‍കി. ഏറ്റെടുക്കുന്ന ഭൂമിക്ക് 25 ശതമാനം തുക സംസ്ഥാനം നല്‍കാന്‍ ധാരണയായി. സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയാക്കി രണ്ടു റീച്ചില്‍ നിര്‍മാണം ആരംഭിക്കാനുള്ള നടപടികള്‍ക്കും തുടക്കമായി. ഗെയില്‍ പൈപ്പ്‌ലൈന്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയാകുന്നു. പവര്‍ഹൈവേ പദ്ധതി പൂര്‍ത്തിയാക്കി ചാര്‍ജുചെയ്തു.

യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തിലിരിക്കെ പദ്ധതിച്ചെലവ് 61 ശതമാനം മാത്രമായിരുന്നത് ഇപ്പോള്‍ 90 ശതമാനത്തിനു മുകളിലാണ്. നെല്‍ക്കൃഷിയും പച്ചക്കറിക്കൃഷിയും വര്‍ധിച്ചു. 2.34 ലക്ഷം ഹെക്ടര്‍ സ്ഥലത്ത് അധികമായി നെല്‍ക്കൃഷിയിറക്കി. 131 കോടി രൂപയുടെ നഷ്ടം പേറിയിരുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇന്ന് 258 കോടി രൂപ ലാഭത്തിലാണ്. ശബരിമല വികസനത്തിന് യു ഡി എഫ് സര്‍ക്കാര്‍ ആകെ കൊടുത്തത് 212 കോടി രൂപമാത്രം. ഈ സര്‍ക്കാരാകട്ടെ ഇതിനകം 1273 കോടി രൂപ കൊടുത്തുകഴിഞ്ഞെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

Latest