Connect with us

Editorial

പാഠം ഒന്ന്; ദേശീയത

Published

|

Last Updated

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തകര്‍ച്ചയില്‍ നിന്ന് പാര്‍ട്ടിയെ കരകയറ്റാന്‍ വിവിധ പ്രവര്‍ത്തന പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. നേതാക്കളെയും പ്രവര്‍ത്തകരെയും ദേശീയത പഠിപ്പിക്കാനുള്ള തീരുമാനമാണ് ഇതില്‍ ശ്രദ്ധേയം. കഴിഞ്ഞ സെപ്തംബറില്‍ നടന്ന പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്മാരുടെയും നിയമസഭാംഗങ്ങളുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ദേശീയ സമരം മുതല്‍ കോണ്‍ഗ്രസ് രാജ്യഭരണം കൈയാളിയിരുന്ന ഘട്ടങ്ങളില്‍ രാജ്യത്തിനു വേണ്ടി ചെയ്ത കാര്യങ്ങള്‍ പ്രവര്‍ത്തകരെ പഠിപ്പിക്കുക, 1971ല്‍ പാക്കിസ്ഥാനെ വെട്ടിമുറിച്ച് ബംഗ്ലാദേശിന് രൂപം കൊടുത്തതുള്‍പ്പെടെ സൈനിക മേഖലയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി നല്‍കിയ സംഭാവനകള്‍ പ്രവര്‍ത്തകര്‍ക്ക് പകര്‍ന്നു നല്‍കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. കോണ്‍ഗ്രസിന്റെ അടിസ്ഥാന ആദര്‍ശങ്ങളെ പുനരുജ്ജീവിപ്പിക്കാനും നേതൃത്വം ആലോചിച്ചിരിക്കുന്നു.

ആര്‍ എസ് എസ് മുന്നോട്ടു വെക്കുന്ന ദേശീയതയില്‍ ഊന്നിയുള്ള പ്രചാരണങ്ങളാണ് നരേന്ദ്ര മോദി സര്‍ക്കാറിനെ പൂര്‍വോപരി ശക്തിയോടെ രണ്ടാമതും അധികാരത്തിലെത്തിച്ചതെന്ന വിലയിരുത്തലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് നേതൃത്വത്തെ എത്തിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തെ ഭരണത്തിന്റെ നേട്ടങ്ങളൊന്നും ബി ജെ പിക്ക് നിരത്താനുണ്ടായില്ല. മാത്രമല്ല, നോട്ട് നിരോധനവും റാഫേല്‍ അഴിമതിയും മറ്റും പാര്‍ട്ടിക്ക് വെല്ലുവിളി ഉയര്‍ത്തുകയും ചെയ്തിരുന്നു. ദേശീയതയും അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൃഷ്ടിക്കുന്ന ഭീഷണിയും മുന്‍നിര്‍ത്തിയുള്ള പ്രചാരണ തന്ത്രങ്ങളിലൂടെയാണ് ബി ജെ പി ഈ പ്രതിസന്ധിയെ തരണം ചെയ്തത്. കശ്മീരിലെ ഭീകരാക്രമണവും ബാലാക്കോട്ടെ വ്യോമാക്രമണവും ഉയര്‍ത്തിക്കാട്ടി രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താനും ദേശീയത കാത്തു സൂക്ഷിക്കാനും മോദി ഭരണത്തിനേ സാധിക്കുകയുള്ളൂവെന്ന ചിന്താഗതി സൃഷ്ടിക്കാനായത് തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് കാര്യമായ ഗുണം ചെയ്തിട്ടുണ്ട്.
രാജ്യത്തോടുള്ള ജനങ്ങളുടെ അകമഴിഞ്ഞ കൂറിനെയാണ് ദേശീയത കൊണ്ട് വിവക്ഷിക്കപ്പെടുന്നത്. കൊളോണിയല്‍ ഭരണത്തിനെതിരെ നടന്ന ദേശീയ സമരകാലവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയില്‍ ദേശീയത പരാമര്‍ശിക്കപ്പെട്ടു തുടങ്ങിയത്. എന്നാല്‍ ആര്‍ എസ് എസും ബി ജെ പിയും പ്രതിനിധാനം ചെയ്യുന്ന ദേശീയതയും സ്വാതന്ത്ര്യ സമര കാലത്ത് ഉടലെടുത്ത ദേശീയ ബോധവും വ്യത്യസ്തമാണ്. ഹിന്ദുത്വ ദേശീയതയെയാണ് ബി ജെ പി പ്രതിനിധാനം ചെയ്യുന്നത്. ഇതിനെതിരെ സംസാരിക്കുന്നവരെയും മോദി സര്‍ക്കാറിന്റെ വികല നയങ്ങളെ ചോദ്യം ചെയ്യുന്നവരെയും രാജ്യത്തിന്റെ ശത്രുക്കളും ദേശദ്രോഹികളുമായി മുദ്രയടിക്കപ്പെടുന്നു. ആള്‍ക്കൂട്ട കൊലപാതകത്തിനെതിരെ പ്രധാനമന്ത്രി പ്രകടിപ്പിച്ച മൗനത്തില്‍ പ്രതിഷേധിച്ച് കത്തയച്ച സാംസ്‌കാരിക നായകന്മാര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടതും അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടി രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നടന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ ദേശദ്രോഹ നടപടിയായി മുദ്രയടിച്ച് വിദ്യാര്‍ഥി നേതാക്കളെ വേട്ടയാടിയതും ഇതടിസ്ഥാനത്തിലാണ്.

ദേശീയതയെ ഹിന്ദുത്വവുമായി ബന്ധപ്പെടുത്തുന്ന പ്രവണത സമീപ കാലത്തുണ്ടായതല്ല. ആര്‍ എസ് എസ് അതിന്റെ ഉത്ഭവ കാലം തൊട്ടേ രൂപപ്പെടുത്തി വരുന്നതാണത്. അധിനിവേശ ശക്തികളായിരുന്ന പോര്‍ച്ചുഗീസുകാരോ ബ്രിട്ടീഷുകാരോ ആയിരുന്നില്ല അവരെ സംബന്ധിച്ചിടത്തോളം ശത്രു. മറിച്ച് ശത്രു ഹിന്ദുത്വത്തെ അംഗീകരിക്കാത്ത മത ന്യൂനപക്ഷങ്ങളും കമ്മ്യൂണിസ്റ്റുകളുമാണ്. ദേശീയ സമരവുമായി ഹിന്ദു മഹാസഭയും ആര്‍ എസ് എസും സഹകരിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. ഫാസിസ്റ്റ് ശക്തികള്‍ ഒരു മതാധിഷ്ഠിത ദേശീയത വളര്‍ത്തിയെടുക്കുമ്പോള്‍ ജനങ്ങള്‍ക്ക് നേരായ ദേശീയത പരിചയപ്പെടുത്തി അതിനെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിനോ അന്നു രാജ്യം ഭരിച്ചവര്‍ക്കോ ആയതുമില്ല.

തിരഞ്ഞെടുപ്പില്‍ ബി ജെ പി ദേശീയത ആയുധമാക്കിയപ്പോള്‍ അതിനു മുന്നില്‍ കോണ്‍ഗ്രസിന് പകച്ചു നില്‍ക്കേണ്ടി വന്നതിന്റെയും രാഷ്ട്രീയ ലക്ഷ്യം വെച്ച് മോദി സര്‍ക്കാര്‍ നടത്തിയ സൈനിക നടപടികളെ സ്വാഗതം ചെയ്യാന്‍ രാഹുല്‍ ഗാന്ധി നേതൃത്വം നിര്‍ബന്ധിതമായതിന്റെയും സാഹചര്യമിതാണ്.

ബി ജെ പി ഉയര്‍ത്തിപ്പിടിക്കുന്ന ഹിന്ദുത്വ ദേശീയതയുടെ അപകടത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുകയും, രാജ്യസ്‌നേഹത്തോടൊപ്പം മത, ജാതി വ്യത്യാസമില്ലാതെ ജനങ്ങളെ ഒന്നായി കാണാനുള്ള മാനസികാവസ്ഥ കൂടിയാണ് ശരിയായ ദേശീയതയെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തുകയുമാണ് ഈ വീഴ്ചയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗം. ഇന്ത്യന്‍ ദേശീയത ഉരുകിത്തെളിഞ്ഞ് പാകപ്പെട്ടത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തോട് നടത്തിയ സന്ധിയില്ലാ സമരങ്ങളുടെ അഗ്‌നി ജ്വാലകളില്‍ നിന്നാണെന്നും ബ്രിട്ടീഷുകാരുമായി സന്ധി ചെയ്യുകയും ദേശീയ സമരത്തോട് പുറം തിരിഞ്ഞു നില്‍ക്കുകയും ചെയ്തവര്‍ പാടിനടക്കുന്ന “അഖണ്ഡഭാരത്” എന്ന മിത്തില്‍ നിന്നല്ലെന്നും പ്രവര്‍ത്തകരെ പഠിപ്പിക്കേണ്ടതുണ്ട്. നീതി, സ്വാതന്ത്ര്യം, സമത്വം എന്നിവയിലധിഷ്ഠിതമായ മതേതര ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് ഭരണഘടനയുടെ ആമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനെതിരെയുള്ള എല്ലാ വ്യാഖ്യാനങ്ങളും ഭരണഘടനാവിരുദ്ധവും ഇന്ത്യന്‍ ദേശീയതയുടെ മൂല്യങ്ങള്‍ക്ക് നിരക്കാത്തതുമാണ്. ഹിന്ദു ദേശീയത മറ്റൊരു ദേശീയതയാണ്. ഉപനിഷത്തുകളില്‍ പ്രതിപാദിച്ച ദര്‍ശനങ്ങളെ പുറംതള്ളി ബ്രാഹ്മണിക് മേധാവിത്വമുള്ള ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയിലധിഷ്ഠിതമായ ഒരു ഹൈന്ദവ സംസ്‌കൃതിയുടെ പുനര്‍ജനിയാണ് ആര്‍ എസ് എസ് ലക്ഷ്യം വെക്കുന്നത്. ഇതൊരു വിധത്തിലും ഇന്ത്യന്‍ ദേശീയതയുമായി പൊരുത്തപ്പെടില്ല. എല്ലാ മതങ്ങളെയും ഒരുപോലെ ആദരിക്കുന്ന, മതനിരപേക്ഷ സംസ്‌കാരത്തെ ഉയര്‍ത്തിപ്പിടിക്കുന്ന ദേശീയ ബോധമാണ് ഇവിടെ വളര്‍ന്നു വരേണ്ടത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ തന്നെ നല്ലൊരു വിഭാഗവും ബി ജെ പി മുന്നോട്ട് വെക്കുന്ന ദേശീയതയെ അനുകൂലിക്കുന്നവരാണ്. ശരിയായ ദേശീയത എന്തെന്ന് അവരെ പഠിപ്പിക്കാനായാല്‍ അത് പാര്‍ട്ടിക്കും രാജ്യത്തിനും ഗുണം ചെയ്യും. വളരെ നേരത്തേ കൈക്കൊള്ളേണ്ടതായിരുന്നു പാര്‍ട്ടി ഇത്തരമൊരു തീരുമാനവും പ്രവര്‍ത്തന രീതിയും.

Latest