കൗമാരം സുരക്ഷ തേടുന്നു

Posted on: October 10, 2019 11:48 am | Last updated: October 10, 2019 at 11:48 am


വിദ്യാര്‍ഥിനികളെ പ്രണയക്കുരുക്കില്‍ പെടുത്തി ലൈംഗികമായി ചൂഷണം ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിച്ചു വരികയാണ്. പയ്യോളി സ്‌കൂളിലെ നാല് പത്താംതരം വിദ്യാര്‍ഥിനികളെ പ്രണയം നടിച്ചു വശത്താക്കി സ്‌കൂള്‍ കലോത്സവ ദിവസത്തിലും ഓണാഘോഷവേളയിലും വാഹനത്തില്‍ കൊണ്ടുപോയി ലൈംഗിക പീഡനത്തിനു ഇരയാക്കിയ കേസില്‍ നാല് യുവാക്കള്‍ അറസ്റ്റിലായത് നാല് ദിവസം മുമ്പാണ്. സഹപാഠിയായ പെണ്‍കുട്ടിയോട് പ്രണയം നടിച്ച് അടുപ്പത്തിലായ ശേഷം അവളറിയാതെ നഗ്‌ന ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും അതുകാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയും ചെയ്ത തിരുവനന്തപുരം സ്വകാര്യ എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥിയും, 27 വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച് നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചതിന് കോട്ടയത്തെ യുവാവും അറസ്റ്റിലായത് അടുത്തിടെയാണ്. ഇത്തരം സംഭവങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദിനംപ്രതിയെന്നോണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു.
ബാല്യത്തിനും യൗവനത്തിനുമിടയില്‍ കൗമാരത്തിലാണ് മാനസികവും ശാരീരികവും ലൈംഗികപരവുമായ വികാസം സംഭവിക്കുന്നത്. ശാരീരികമായ മാറ്റങ്ങളോടൊപ്പം മാനസികമായ മാറ്റങ്ങളും ഈ പ്രായത്തില്‍ സംഭവിക്കുന്നു. ലൈംഗിക കാര്യങ്ങളില്‍ പക്വത നേടിയിട്ടില്ലാത്ത ഈ ഘട്ടത്തിലാകും പുതിയ ആണ്‍സൗഹൃദങ്ങളുടെ വരവ്. ഇവിടെ വഴിതെറ്റാനുള്ള സാധ്യത ഏറെയാണ്.

വഴിപിഴപ്പിക്കാന്‍ കച്ചകെട്ടി ഇറങ്ങിയവര്‍ തേടുന്നതും ഇത്തരക്കാരെ തന്നെ. ആ ചൂഷണത്തെ പലരും പ്രണയമായും ആത്മാര്‍ഥ സ്‌നേഹമായും തെറ്റുദ്ധരിക്കുകയും കാമുകന് എല്ലാം അര്‍പ്പിക്കാന്‍ തയ്യാറാകുകയുമാണ്. സ്‌കൂള്‍ പരിസരങ്ങളിലും ബസ് സ്‌റ്റോപ്പുകള്‍, ഇടവഴികള്‍ എന്നിവിടങ്ങളിലുമാണ് വിദ്യാര്‍ഥിനികളെ ഇവര്‍ നിരന്തരം കൂടിക്കാഴ്ച നടത്തി അടുപ്പം സ്ഥാപിക്കുന്നതും വഴിതെറ്റിക്കുന്നതും. പട്രോളിംഗിനിടെ പോലീസ് പലപ്പോഴും സ്‌കൂള്‍ പരിസരങ്ങളിലും പൊതു ഇടങ്ങളിലും യുവാക്കള്‍ക്കൊപ്പം അസമയങ്ങളില്‍ കാണുന്ന വിദ്യാര്‍ഥിനികളെ കണ്ടെത്തി രക്ഷപ്പെടുത്താറുണ്ട്. മൂന്ന് വര്‍ഷത്തിനിടയില്‍ സംസ്ഥാനത്ത് നിന്ന് 49,000 സ്ത്രീകളെയും കൗമാര പ്രായക്കാരായ പെണ്‍കുട്ടികളെയും കാണാതായെന്ന് ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. ഇവര്‍ക്ക് എന്തുസംഭവിച്ചുവെന്ന് അന്വേഷിച്ചാല്‍ നല്ലൊരു പങ്കും പ്രണയക്കുരുക്കില്‍ പെട്ട് കാമുകന്റെ കൂടെ ഒളിച്ചോടിയതാണെന്നു കണ്ടെത്താനാകും.

വിദ്യാര്‍ഥിനികളെ സെക്‌സ് റാക്കറ്റിനു എത്തിച്ചു കൊടുക്കാനാണ് ചിലര്‍ പ്രണയം നടിച്ചു വശത്താക്കുന്നത്. അഞ്ച് വര്‍ഷം മുമ്പ് പെരുവണ്ണാമൂഴിക്കടുത്ത് സ്‌കൂള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ഒരു വന്‍ റാക്കറ്റ് അറസ്റ്റിലായിരുന്നു. ഇവരുടെ വലയില്‍ അകപ്പെട്ട ഒരു വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്യുകയും മറ്റൊരു വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തതോടെയാണ് റാക്കറ്റിനെക്കുറിച്ചുള്ള വിവരം പുറത്തു വരുന്നത്. തങ്ങളുടെ വലയില്‍ അകപ്പെട്ട വിദ്യാര്‍ഥിനികള്‍ പിന്നീട് രക്ഷപ്പെടാതിരിക്കാനായി മയക്കു മരുന്നിനടിമകളാക്കുകയോ, ലൈംഗിക ബന്ധങ്ങള്‍ പകര്‍ത്തിയ വീഡിയോ കാണിച്ച് അത് പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയോ ചെയ്യുന്നു.
അടുത്തിടെ എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡില്‍, അവിടെ ലഹരി നുണയാന്‍ എത്തിയവരില്‍ 30 ശതമാനവും പെണ്‍കുട്ടികളായിരുന്നുവെന്നാണ് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തിയത്. കാമുകനൊപ്പം എത്തുന്ന പെണ്‍കുട്ടികള്‍ മദ്യത്തില്‍ തുടങ്ങി സിഗരറ്റിലൂടെ മയക്കുമരുന്നിലേക്ക് എത്തുകയാണ് പതിവെന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് ആവശ്യപ്പെട്ട് പ്രതിദിനം തനിക്ക് വരുന്ന 20 കോളുകളില്‍ പത്തും നഗരത്തിലെ കോളജ് കുമാരികളുടേതാണെന്നാണ് ഇതിനിടെ കഞ്ചാവ് കേസില്‍ വൈപ്പിന്‍ സ്വദേശിയായ ഒരാളെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ പോലീസിനോട് അയാള്‍ വെളിപ്പെടുത്തിയത്. ആണ്‍സുഹൃത്തുക്കളുമായുള്ള അടുപ്പത്തില്‍ നിന്ന് രസത്തിനായി തുടങ്ങുന്ന മയക്കുമരുന്ന് ഉപയോഗം അവസാനം ഊരാക്കുടുക്കില്‍ കൊണ്ടുചെന്നെത്തിക്കുന്നു.

വിദ്യാര്‍ഥികളുടെ ഈ വഴിതെറ്റിയ സഞ്ചാരത്തിന് രക്ഷിതാക്കളാണ് മുഖ്യ ഉത്തരവാദികള്‍. വീടിനു പുറത്തുള്ള കുട്ടികളുടെ കൂട്ടുകെട്ടിനെയും ബന്ധങ്ങളെയും കുറിച്ച് അറിയാന്‍ അവര്‍ ശ്രമിക്കുന്നില്ല. വീട്ടില്‍ വൈകിയെത്തിയാലും ബീച്ചില്‍ കറങ്ങി നടന്നാലും പ്രശ്‌നമാക്കുന്നില്ല. കുട്ടികള്‍ക്ക് ആവശ്യത്തിലധികം പണം നല്‍കുകയും സ്മാര്‍ട്ട് ഫോണുകള്‍ വാങ്ങിക്കൊടുക്കുകയും ചെയ്യുന്ന രക്ഷിതാക്കള്‍ അനന്തര ഫലത്തെക്കുറിച്ച് ചിന്തിക്കാറില്ല. വിദ്യാര്‍ഥിനികള്‍ വഴിതെറ്റാനിടയായ പല സംഭവങ്ങളിലും മൊബൈലും വീട്ടില്‍ നിന്ന് യഥേഷ്ടം ലഭിക്കുന്ന കാശുമാണ് വില്ലന്മാരെന്നു വ്യക്തമായിട്ടുണ്ട്. കൗമാര പ്രായത്തില്‍ മാതാപിതാക്കളുടെ ശ്രദ്ധയാണ് സാന്മാര്‍ഗിക ജീവിതത്തിലേക്ക് കുട്ടികളെ നയിക്കുന്നത്. മുന്‍ കാലങ്ങളിലെ പോലെ ഇപ്പോള്‍ ഒരു കുടുംബത്തില്‍ അഞ്ചും ആറും മക്കളില്ല, രണ്ടേയുള്ളു. എന്നിട്ടുമെന്തേ അവരെ ശ്രദ്ധിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയാതെ പോകുന്നത്. കുട്ടികളുടെ സംരക്ഷണത്തില്‍ യഥാസമയം കാണിക്കേണ്ട ശ്രദ്ധയിലും നിരീക്ഷണത്തിലും അലംഭാവം കാണിച്ചാല്‍ ഭാവിയില്‍ അതിന്റെ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന് രക്ഷിതാക്കള്‍ ഓര്‍ക്കണം. മക്കള്‍ കൗമാരത്തോടടുക്കുമ്പോള്‍ ജീവിതത്തില്‍ ലൈംഗികതയുടെയും മൂല്യങ്ങളുടെയും പ്രാധാന്യത്തെയും ഈ രംഗത്തെ ചതിക്കുഴികളെയും കുറിച്ച് രക്ഷിതാക്കള്‍ അവര്‍ക്ക് പ്രാഥമിക അവബോധം നല്‍കുന്നത് തെറ്റായ ലൈംഗിക അറിവുകളില്‍ നിന്ന് രക്ഷപ്പെടാനും ലൈംഗിക മാഫിയകളെ കരുതിയിരിക്കാനും അവരെ സഹായിക്കുമെന്നും മനഃശാസ്ത്രജ്ഞര്‍ ഉണര്‍ത്തുന്നു.